ശാസ്താനട മലയിടിച്ചിൽ: ദുഷ്‌കരമായി രക്ഷാപ്രവർത്തനം

കട്ടപ്പന : ശാസ്താനടയിൽ മലയിടിച്ചിലിൽ തോട്ടം ഉടമ മരിക്കാനിടയായ സംഭവത്തിൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്‌കരമായിരുന്നു. അപകടശേഷം സമീപത്തുള്ള തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ പാറയ്ക്കും ടാങ്കിനും ഇടയിൽ കുടുങ്ങിയ തോട്ടം ഉടമ സെബാസ്റ്റ്യനെ രക്ഷിക്കാൻ ശ്രമിച്ചിരുന്നു.

എന്നാൽ ടാങ്കിന്റെ ഒരു ഭാഗം പൊട്ടിച്ചാണ് സെബാസ്റ്റ്യനെ പുറത്തെടുക്കാനായത്. അഗ്നിരക്ഷാസേന ഇവിടേക്ക്‌ പാഞ്ഞെത്തിയെങ്കിലും ചെറിയ റോഡായതിനാൽ ഫയർ എൻജിന് സംഭവസ്ഥലത്തേക്ക് പോകാനായില്ല. തുടർന്ന് ജീപ്പിൽ പരിക്കേറ്റ സെബാസ്റ്റ്യനെ പ്രധാന റോഡിലെത്തിച്ചെങ്കിലും അപ്പോഴേക്കും ഏറെ വൈകിയിരുന്നു. കല്ലുനിറഞ്ഞ റോഡിലൂടെ ജീപ്പ് കടന്നുപോകുമെങ്കിലും മെയിൻ റോഡിലേക്ക് എത്താൻ സമയമെടുക്കും.

രക്ഷാപ്രവർത്തകരും നാട്ടുകാരും ഏറെ പരിശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീണ്ടും പ്രദേശത്ത് മണ്ണിടിച്ചിലിനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. റവന്യൂ അധികൃതർ ഉൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തി വിവരങ്ങൾ ശേഖരിച്ചു.