ദീപാവലിമധുരവുമായി കുടുംബശ്രീ ‘മധുരവണ്ടി’

തൊടുപുഴ : ദീപാവലി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ‘മധുര വണ്ടി’ പ്രത്യേക വിപണന മേളയ്ക്ക് തുടക്കമായി. ദേവികുളം ബ്ലോക്ക് ആർ.കെ.ഐ-ഇ.ഡി.പി.യുടെ നേതൃത്വത്തിലാണ് സഞ്ചരിക്കുന്ന ട്രേഡ് ഫെയർ സംഘടിപ്പിച്ചിരിക്കുന്നത്. മൂന്നാർ, മറയൂർ, കാന്തല്ലൂർ മേഖലകളിലായി മൂന്ന് പ്രത്യേക വാഹനങ്ങളിലാണ് മേള ക്രമീകരിച്ചിട്ടുള്ളത്. വിനോദസഞ്ചാരമേഖലകളിലെത്തുന്ന സഞ്ചാരികളെയും പൊതുജനങ്ങളെയും ലക്ഷ്യമിട്ട് വിവിധ കേന്ദ്രങ്ങളിൽ സഞ്ചരിച്ചാണ് കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങളുടെ വിപണനം നടത്തുന്നത്.

മൂന്നാറിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. വിജയകുമാർ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. സി.ഡി.എസ്. ചെയർപേഴ്സൺ ഹേമലത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയും കുടുംബശ്രീ മെമ്പർ സെക്രട്ടറിയുമായ കൃഷ്ണൻകുട്ടി, ഡി.പി.എം. സേതുലക്ഷ്മി, ഡി.പി.എം (മാർക്കറ്റിങ്) അശ്വനി സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.

മറയൂരിൽനടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജോമോൻ തോമസ് വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. മറയൂർ സി.ഡി.എസ്. ചെയർപേഴ്സൺ രാജേശ്വരി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എ.ഡി.എം.സി. ഷിബു ജി. പദ്ധതി വിശദീകരണം നടത്തി.

കാന്തല്ലൂരിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശിവൻ രാജ് ഫ്ലാഗ് ഓഫ് നിർവഹിച്ചു. കാന്തല്ലൂർ സി.ഡി.എസ്. ചെയർപേഴ്സൺ രേവതി അധ്യക്ഷത വഹിച്ചു.