ആയുർവേദദിനത്തിൽ വ്യത്യസ്ത ഭക്ഷ്യമേളയുമായി പാറേമാവ് ആയുർവേദ ആശുപത്രി

ചെറുതോണി : ചെറുപയർ ദോശ, ചാമ-എള്ള് പായസം, ബാർളി കിച്ചടി, മത്തങ്ങാ പാള്യ, പൈനാപ്പിൾ ഗോസു, റാഗി പച്ചക്കറി ജ്യൂസ്, ചങ്ങാലംപരണ്ട ചമ്മന്തി തുടങ്ങിയ പോഷകസമൃദ്ധമായ വിഭവങ്ങളുമായി ജില്ലാ ആയുർവേദ ആശുപത്രിയിലെ പോഷകഭക്ഷ്യമേള ശ്രദ്ധേയമായി. ദേശീയ ആയുർവേദ ദിനാചരണത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
പാറേമാവ് ആയുർവേദ ആശുപത്രിയിൽ നടന്ന ദിനാചരണം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീലാ സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് അംഗം ഫ്രാൻസിസ് അറക്കപ്പറമ്പിൽ അധ്യക്ഷനായി. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഹരി മോഹൻ വിഷയാവതരണം നടത്തി. മെഡിക്കൽ ഓഫീസർ ഡോ. മുഹസീന എം.ബഷീർ ആയുർവേദദിന സന്ദേശം നൽകി. ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ തയ്യാറാക്കിയ നാടൻവിഭവങ്ങളും ആയുർവേദ പ്രാധാന്യമുള്ള ഭക്ഷണങ്ങളുമാണ് മേളയിൽ ഒരുക്കിയത്. ചുക്ക് കാപ്പി, കുമ്പളങ്ങ ഹൽവ, നെല്ലിക്ക-കുരുമുളക്-തേൻ, മത്തങ്ങാ ഹൽവ, പത്തില തോരൻ, ഉലുവക്കഞ്ഞി, ഞവരപ്പായസം, ചേമ്പ്, ചേന, വിറകടുപ്പിൽ തയ്യാറാക്കിയ കപ്പ, റാഗി പുട്ട്, ഉണ്ണിയപ്പം, കരിനെച്ചി കുറുക്ക്, മുതിര സൂപ്പ്, ചെമ്പരത്തി ജ്യൂസ്, പ്രോട്ടീൻ ലഡ്ഡു തുടങ്ങിയ വിഭവങ്ങളും ഭക്ഷ്യമേളയിലുണ്ടായിരുന്നു. സന്ദർശകർ വിഭവങ്ങൾ രുചിച്ചും പോഷകഗുണങ്ങൾ മനസ്സിലാക്കിയും മേളയിൽ പങ്കെടുത്തു. സീനിയർ മെഡിക്കൽ ഓഫീസർ ഡോ. കെ.പി. ആനന്ദ്, ഡോ. ദീപക് സി.നായർ, മെഡിക്കൽ ഓഫീസർമാരായ ഡോ. ശരണ്യ, ഡോ. ആഗ്നസ്, ഡോ. ജ്യോതിസ്, യോഗപരിശീലകൻ ദീപു അശോകൻ എന്നിവർ സംസാരിച്ചു.