റോഡ് തോടായി, ഇനി കുളമാകും

കാഞ്ഞാർ-കാരിക്കോട് റോഡിലെ അഞ്ചര കിലോമീറ്റർ ഭാഗം തകർന്നു
തൊടുപുഴ : കാഞ്ഞാർ–കരിക്കോട് റോഡിന്റ ഇടുക്കി മണ്ഡലത്തിലെ അഞ്ചരകിലോമീറ്റർ ഭാഗം പൂർണമായും തകർന്നു. റോഡോ തോടോ എന്ന് തിരിച്ചറിയാനാകാത്ത അവസ്ഥ.
എറണാകുളം–തേക്കടി സംസ്ഥാനപാതയിലെ കാഞ്ഞാർ മുതൽ ആനക്കയംവരെയുള്ള ഇടുക്കി മണ്ഡലത്തിൽ ഉൾപ്പെട്ട റോഡാണ് തകർന്നുകിടക്കുന്നത്.
തൊടുപുഴയിൽനിന്ന് തെക്കുംഭാഗംവരെ സംസ്ഥാനപാത ബി. എം.ബി.സി. നിലവാരത്തിൽ പണിതിട്ടുണ്ട്.
തുടർന്ന് ആനക്കയംവരെയുള്ള ഭാഗത്തിന് പഞ്ചായത്ത് റോഡിന്റെ നിലവാരംമാത്രമാണ് ഉള്ളത്. ഇവിടെനിന്ന് ഇടുക്കി മണ്ഡലത്തിൽ പ്രവേശിക്കുന്നതോടെ സ്ഥിതി പൂർണമായും മാറുകയാണ്.
അഞ്ചരകിലോമീറ്റർ ദൂരം തകർന്നുകിടക്കുകയാണ്.
വലിയ കുഴികളും വെള്ളക്കെട്ടുകളും ചെളിയുംനിറഞ്ഞ റോഡിലൂടെയുള്ള യാത്ര വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ദുരിതമാണ്.
മഴ ശക്തമായതോടെ റോഡിലെ കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. ഇരുചക്രവാഹന യാത്രക്കാരാണ് ഏറെദുരിതം അനുഭവിക്കുന്നത്.
വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു.
കഴിഞ്ഞ ജനുവരിയിൽ റോഡ് നവീകരിക്കാൻ ഒരുകോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ ഇതുവരെ ആയിട്ടും റോഡ് നവീകരണം നടന്നിട്ടില്ല.
പ്രശ്നം തീരില്ല
സംസ്ഥാനപാത ആയതിനാൽ കുറഞ്ഞത് പത്തുമീറ്റർ വീതിയിൽ എങ്കിലും സ്ഥലം ഏറ്റെടുത്ത് ബി.എം.ബി.സി. നിലവാരത്തിൽ പണിയണം. ഇതിന് ബജറ്റിൽ തുക വകയിരുത്തണം.
16.5 കിലോമീറ്ററിന് സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ ഏകദേശം 100 കോടി രൂപയാണ് വേണ്ടത്.
തൊടുപുഴ, ഇടുക്കി എം.എൽ.എ.മാർ ഇടപെട്ട് അടുത്ത ബജറ്റിൽ പരിഗണിക്കുമെന്നാണ് പ്രതീക്ഷ. ഇതുവഴി കെ.എസ്.ആർ.ടി.സി. സർവീസ് തുടങ്ങിയതും നാട്ടുകാരിൽ പ്രതീക്ഷ നൽകുന്നുണ്ട്.