മുല്ല ഉന്നതിക്കാരെ പറഞ്ഞുപറ്റിച്ചു

ഉപ്പുതറ : കരാറുകാരനും അധികൃതരും ഉറപ്പ് പാലിച്ചില്ല. ഇടുക്കി വന്യജീവി സങ്കേതത്തിലെ മുല്ല ആദിവാസി ഊരിലേക്കുള്ള റോഡുപണി വീണ്ടും മുടങ്ങി.

റോഡ് നന്നാക്കണം എന്ന് ആവശ്യപ്പെട്ട് 2026 ജനുവരി 12-ന് ഉന്നതിക്കാർ വലിയ സമരം നടത്തിയിരുന്നു. ഉടൻ റോഡ് നന്നാക്കുമെന്ന് കരാറുകാരനും അധികൃതരും ഉറപ്പ് നൽകിയതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്. രണ്ട് ദിവസം റോഡ് പണിതു. വീണ്ടും മുടങ്ങി. മുല്ല ഉന്നതിക്കാർ ദുരിതയാത്ര ഇപ്പോഴും തുടരുന്നു.

കാൽനടപോലും ദുഷ്കരം

മുല്ല ഉന്നതിയിൽ 150-ഓളം ഗോത്രവർഗ കുടുംബങ്ങളുണ്ട്. ഇവർക്ക് പുറംലോകത്ത് എത്താനുള്ള ഒരേയൊരു മാർഗമാണ് ഈ പാത. തകർന്ന് തരിപ്പണമായി കിടക്കുന്ന റോഡ് നന്നാക്കണമെന്ന് വർഷങ്ങളായുള്ള ആവശ്യമാണ്. ഇക്കാര്യം 2025-ൽ മാതൃഭൂമി റിപ്പോർട്ട് ചെയ്തു. വാർത്ത ശ്രദ്ധയിൽപ്പെട്ട അന്നത്തെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ആന്റണി കിഴുകാനം- ഈട്ടിപ്പടി- മുല്ല റോഡിന് 15 ലക്ഷം രൂപ അനുവദിച്ച് കരാർ നൽകി ഏപ്രിൽ മാസം ഉടമ്പടിയും വച്ചു. എന്നാൽ പണിതുടങ്ങാൻ കരാറുകാരൻ തയ്യാറായില്ല.

മാസങ്ങൾ കഴിഞ്ഞിട്ടും പണി തുടങ്ങാത്തതിൽ പ്രതിഷേധിച്ച് ജനുവരിയിൽ ഊരുമൂപ്പൻ കെ.കെ. ബിനോയിയുടെ നേതൃത്വത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഉപ്പുതറ പഞ്ചായത്ത് ഓഫീസിന് മുന്നിൽ രാവിലെ മുതൽ കുത്തിയിരിപ്പ് സമരം തുടങ്ങി. പുതിയ ജില്ലാ പഞ്ചായത്തംഗം ടോണി തോമസ്, ഉപ്പുതറ പഞ്ചായത്ത് പ്രസിഡൻറ്‌ ഷീല രാജൻ, സെക്രട്ടറി പി.കെ.മുജീബ് എന്നിവർ എക്സിക്യുട്ടീവ് എൻജിനിയറുമായി സംസാരിച്ചു. ഇവർ ഉടൻ റോഡുപണി തുടങ്ങും എന്ന് ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ സന്ധ്യയോടെ സമരം അവസാനിപ്പിച്ചു. ഊരുമൂപ്പൻ പലതവണ ആവശ്യപ്പെട്ടതിനെ തുടർന്ന് ഫെബ്രുവരി പകുതിയോടെ മണ്ണുമാന്തി യന്ത്രം എത്തിച്ച് രണ്ട് ദിവസം റോഡ് നിരപ്പാക്കി സ്ഥലംവിട്ടു. പിന്നീട് ഇതുവരെ കരാറുകാരൻ ഇവിടേക്ക്‌ തിരിഞ്ഞുനോക്കിയില്ല. കഴിഞ്ഞ വർഷകാലത്ത് റോഡിലെ മണ്ണ് ഒലിച്ചുപോയി. ഇപ്പോൾ കാൽനടയാത്രയും ബുദ്ധിമുട്ടാണ്.

അധികൃതരും കൈമലർത്തുന്നു

ഇതേ കരാറുകാരൻ ത്രിതല പഞ്ചായത്തിന്റെ ഏറ്റെടുത്ത പല പദ്ധതികളുടെ പണികളും ചെയ്തിട്ടില്ലെന്ന് ആദിവാസികൾ ആരോപിച്ചു. എന്നാൽ അധികൃതർ വേണ്ട നടപടി സ്വീകരിക്കുന്നില്ല. കരാറുകാരനെ കരിമ്പട്ടികയിൽ ചേർക്കണമെന്നും റോഡുപണിക്ക് പുതിയ കരാർ നൽകണമെന്നും ഊരുമൂപ്പൻ കെ.കെ.ബിനോയി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പരിഹാരം ഉണ്ടാകുംവരെ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.