കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ വിള്ളൽ

പള്ളിവാസലിന് സമീപം ഗതാഗതനിയന്ത്രണം
അടിമാലി : കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ പള്ളിവാസലിനുസമീപം റോഡിൽ വലിയ വിള്ളൽ കണ്ടതിനെത്തുടർന്ന് ഗതാഗതം തിരിച്ചുവിട്ടു. കരടിപ്പാറയ്ക്കും രണ്ടാംമൈലിനും ഇടയിലാണ് റോഡിൽ വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്.
റോഡിന്റെ ഒരുവശം വലിയ ഗർത്തമായതിനാൽ ഭാരമേറിയ വാഹനങ്ങളുടെ യാത്ര അപകടത്തിന് കാരണമാകുമെന്നതിനാലാണ് വ്യാഴാഴ്ച ഉച്ചമുതൽ ദേശീയപാതാ അതോറിറ്റി ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.
വലിയ വാഹനങ്ങൾക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ മേഖലയിൽ കർശന നിയന്ത്രണമുണ്ടാകും. രാത്രികാലങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ചെറുവാഹനങ്ങൾക്കും ഇവിടെ നിയന്ത്രണം ഏർപ്പെടുത്തും.
യാത്രാ നിർദേശങ്ങൾ
അടിമാലിഭാഗത്തുനിന്ന് മൂന്നാറിലേക്ക് പോകേണ്ട വാഹനങ്ങൾ ഇരുട്ടുകാനത്തുനിന്ന് തിരിഞ്ഞ് ആനച്ചാൽവഴി പോകണം. മൂന്നാറിൽനിന്നുവരുന്ന വാഹനങ്ങൾ രണ്ടാംമൈലിൽനിന്ന് തിരിഞ്ഞ് ആനച്ചാൽ വഴി ഇരുട്ടുകാനത്തെത്തി ദേശീയപാതയിലേക്ക് കടക്കണം.
ഗതാഗതം കാര്യക്ഷമമായി തിരിച്ചുവിടുന്നതിനായി ഇരുട്ടുകാനത്തും രണ്ടാംമൈലിലും ഡിവൈഡറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ ഭാഗത്ത് നിലവിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുകയാണ്.
ഇനി ഇവിടെ സംരക്ഷണഭിത്തി നിർമിച്ച് ഗതാഗതം പൂർണമായി പുനഃസ്ഥാപിക്കാൻ നാളുകൾ വേണ്ടിവരുമെന്നതിനാൽ അതുവരെ വലിയ വാഹനങ്ങൾ ആനച്ചാൽ വഴിയാകും കടന്നുപോകുകയെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചു.