കുത്തനെയുള്ള പാതയിൽ അമിതവേഗം, അപകടയാത്ര

ഒട്ടകത്തലമേട് റോഡിൽ സവാരി വാഹനങ്ങൾ ഭീഷണിയാകുന്നു

കുമളി : പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ഒട്ടകത്തലമേട്, വ്യൂ പോയിന്റ്, വാച്ച് ടവർ തുടങ്ങിയ മേഖലകളിലേക്ക് തേക്കടിയിൽനിന്നും വിനോദസഞ്ചാരികളുമായി എത്തുന്ന സവാരി വാഹനങ്ങളുടെ അമിതവേഗതയും മത്സരയോട്ടവും പ്രദേശത്ത് വലിയ അപകടഭീഷണിയുയർത്തുന്നു.

ഇടുങ്ങിയതും കുത്തനെയുള്ളതുമായ ഈ പാതയിലൂടെ ഒരേസമയം കൂട്ടത്തോടെയെത്തുന്ന വാഹനങ്ങൾ അമിതവേഗതയിൽ പായുന്നത് കടുത്ത ഗതാഗതക്കുരുക്കിനും വഴിവെച്ചിരിക്കുകയാണ്.

താഴെനിന്ന് മുകളിലേക്ക് വരുന്ന മറ്റ് വാഹനങ്ങൾക്ക് വശങ്ങളിലേക്ക് മാറിനിൽക്കാൻ പോലും ഇടമില്ലാത്ത അവസ്ഥയാണിവിടെയുള്ളത്.

നിരവധി സ്കൂൾ വിദ്യാർഥികളും പ്രദേശവാസികളും കാൽനടയായി ആശ്രയിക്കുന്ന പ്രധാന റോഡാണിത്.

കുട്ടികൾ സ്കൂളിൽ പോകുന്നതും വരുന്നതുമായ സമയങ്ങളിൽ പോലും യാതൊരു നിയന്ത്രണവുമില്ലാതെയാണ് ടൂറിസ്റ്റ് വാഹനങ്ങൾ പാഞ്ഞുപോകുന്നത്.

മുൻകാലങ്ങളിൽ പരിചയസമ്പന്നരായ ഡ്രൈവർമാർ കൃത്യമായ നിയന്ത്രണങ്ങൾ പാലിച്ചിരുന്ന സ്ഥാനത്ത്, നിലവിലുള്ള ചില പുതിയ ഡ്രൈവർമാർ തികച്ചും ധിക്കാരപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

അമിതവേഗതയെക്കുറിച്ച് ചോദ്യം ചെയ്യുന്ന നാട്ടുകാരെ അധിക്ഷേപിക്കുന്നതും ഇവിടെ പതിവായിട്ടുണ്ട്.

വിനോദസഞ്ചാരത്തിന്റെ മറവിൽ ജനങ്ങളുടെ ജീവന് ഭീഷണിയുയർത്തുന്ന ഇത്തരം പ്രവണതകൾക്കെതിരേ അടിയന്തര നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ശക്തമായ ആവശ്യം.

പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി ഈ വിഷയത്തിൽ ഇടപെടണമെന്നും, സവാരി വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ആവശ്യമായ ബോധവത്‌കരണവും കർശനമായ ട്രാഫിക് പരിശീലനവും നൽകാൻ അധികൃതർ തയ്യാറാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. വലിയദുരന്തങ്ങൾ ഒഴിവാക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.