മലയോര ഹൈവേയിൽ മണ്ണിടിഞ്ഞ്‌ അപകടഭീതി

സംരക്ഷണഭിത്തിയുടെ നിർമാണം വൈകുന്നു

ഏലപ്പാറ : കട്ടപ്പന-കുട്ടിക്കാനം മലയോര ഹൈവേയിൽ ഏലപ്പാറ മുസ്‌ലിം പള്ളിക്ക് സമീപം ഇടിഞ്ഞ സംരക്ഷണഭിത്തിയുടെ നിർമാണം വൈകുന്നതിൽ പ്രതിഷേധം ശക്തമാകുന്നു.

കഴിഞ്ഞ മാസം ഉണ്ടായ ശക്തമായ മഴയിലാണ് ഈ ഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടായി സംരക്ഷണഭിത്തി ഇടിഞ്ഞത്.

നിലവിൽ സംരക്ഷണഭിത്തി ഇടിഞ്ഞ സ്ഥലത്ത് റോഡിൽ വിള്ളൽ ഉണ്ടാകുകയും അള്ള് രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ മഴവെള്ളം ഈ വിള്ളലിലൂടെയാണ് ഒഴുകുന്നത്.

ടാർ വീപ്പുകൾ നിരത്തി അപായ മുന്നറിയിപ്പുകൾ ഉണ്ടെങ്കിലും ഭാരവാഹങ്ങൾ അടക്കം കടന്നുപോകുന്ന റോഡിലൂടെയുള്ള യാത്ര അപകടഭീഷണി നിറഞ്ഞതാണ്.

വിനോദ സഞ്ചാരികളുടെ അടക്കം നൂറുകണക്കിന് വാഹനങ്ങളാണ് ഇതിലേ കടന്നുപോകുന്നത്. കൂടാതെ, വിദ്യാർഥികളുമായി സ്കൂൾ ബസുകളും ഇതുവഴി പോകുന്നുണ്ട്.

ഇരുചക്ര വാഹനയാത്രികരും മറ്റ് സ്ഥലങ്ങളിൽ നിന്നെത്തുന്ന വിനോദസഞ്ചാരികൾ സഞ്ചരിക്കുന്ന വാഹനങ്ങളും അപകടത്തിൽപ്പെടാൻ സാധ്യത ഏറെയാണ്.

ശക്തമായ മഴ പെയ്താൽ സംരക്ഷണഭിത്തിയുടെ ബാക്കി ഭാഗംകൂടി ഇടിയാനുള്ള സാധ്യതയാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.

സംരക്ഷണഭിത്തി ഉടൻ പുനർനിർമിക്കാൻ വേണ്ട നടപടി പൊതുമരാമത്ത് വകുപ്പ് സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.