നല്ല ഇൻഫ്ലുവൻസ്..

നീലക്കുറിഞ്ഞി പൂത്ത ചൊക്രമുടിമലയിൽ നഷ്ടപ്പെട്ട സ്വർണമാല ഉടമയ്ക്ക് കൈമാറി സോഷ്യൽ മീഡിയ ഇൻഫ്‌ളുവെൻസർ

അടിമാലി : നീലക്കുറിഞ്ഞി കാണുവാൻ പോയവരുടെ സ്വർണമാല നഷ്ടപ്പെട്ടു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്ക് ലഭിച്ച മാല പോലീസ് സാന്നിധ്യത്തിൽ തിരികെ നൽകി യുവാവ് മാതൃകയായി.

കുഞ്ചിത്തണ്ണി 20 ഏക്കർ മരുതുകാപ്പിൽ രതീഷിന്റെ മകൾ കീർത്തനയുടെ മാലയാണ് ചൊക്രമുടി മലമുകളിൽ സെപ്റ്റംബർ 21-ന് നഷ്ടപ്പെട്ടത്. കുടുംബം മൂന്നാറിൽ എത്തിയപ്പോഴാണ് മകൾ കീർത്തനയുടെ കഴുത്തിലെ മാല നഷ്ടപ്പെട്ട വിവരം അറിയുന്നത്. അന്ന് തിരികെവന്ന് മല മുകളിൽ പാതിരാത്രിവരെ തപ്പിയെങ്കിലും സ്വർണമാല കണ്ടെത്തിയില്ല. അടുത്ത ദിവസവും പരിശോധന തുടർന്നു. എന്നാൽ നിരാശയായിരുന്നു ഫലം. ഇതിനിടെ അന്നേദിവസം തന്നെ ചൊക്രമുടിയിൽ എത്തിയ സോഷ്യൽ ഇൻഫ്ലുവൻസറായ അടിമാലി സൗത്ത് കത്തിപ്പാറ മറ്റത്തിൽ സിജോ മത്തായിക്ക് ഈ മാല ലഭിച്ചിരുന്നു. ഇദ്ദേഹം വിവരം അടിമാലി പോലീസിൽ അറിയിച്ചു. സിജോയുടെ ‘യു’ എന്ന ട്യൂബ് ചാനലിലൂടെ വിവരം പുറംലോകത്തെ അറിയിക്കുകയുംചെയ്തു. രണ്ടുദിവസം നോക്കിയിട്ടും ഉടമസ്ഥനെ കാണാത്തതിനെ തുടർന്ന് സിജോ മാല അടിമാലി സ്റ്റേഷനിൽ നൽകി.

ഇതിനിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്ത കീർത്തനയുടെ സുഹൃത്തുവഴി രതീഷ് അറിയുവാൻ ഇടയായി. അങ്ങനെ ശനിയാഴ്ച രതീഷ് കുടുംബസമേതം പോലീസ് സ്റ്റേഷനിൽ എത്തി അടിമാലി എസ്.ഐ. പി.എം.അബ്ബാസിന്റെ സാന്നിധ്യത്തിൽ സിജോ തന്നെ സ്വർണമാല കീർത്തനയ്ക്ക് കൈമാറുകയായിരുന്നു.