തർക്കം തീർന്നു; സത്രം എയർസ്ട്രിപ്പിന് വീണ്ടും പ്രതീക്ഷ

വണ്ടിപ്പെരിയാർ : സത്രം എയർസ്ട്രിപ്പിന്റെ മുടങ്ങിക്കിടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ധാരണയായി. വനം-റവന്യൂ വകുപ്പുകൾ തമ്മിൽ നിലനിന്നിരുന്ന തർക്കം ചർച്ചയിലൂടെ പരിഹരിച്ചു. നിർമാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ 6.5 ഏക്കർ ഭൂമി സത്രത്തിൽ വനംവകുപ്പ് വിട്ടുനൽകും. പകരം അതേ അളവിലുള്ള ഭൂമി റവന്യൂ വകുപ്പ് മറ്റൊരിടത്ത് വനംവകുപ്പിന് കൈമാറും. വനം വകുപ്പിന്റെ എതിർപ്പിനെ തുടർന്ന് മൂന്ന് വർഷത്തിലധികമായി എയർസ്ട്രിപ്പിന്റെ നിർമാണ പ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കുകയായിരുന്നു.

എൻ.സി.സി. കേഡറ്റുകൾക്ക് വിമാനം പറത്തുന്നതിനുള്ള പരിശീലനം നൽകുന്നതിനായാണ് സത്രത്തിൽ എയർസ്ട്രിപ്പ് നിർമിച്ചത്. വ്യോമസേനയുടെ വൈറസ് എസ്.ഡബ്ല്യു. 80 എന്ന ചെറുവിമാനവും ഹെലികോപ്റ്ററും ഇവിടെ പരീക്ഷണ ലാൻഡിങ് വിജയകരമായി നടത്തിയിരുന്നു.

ഇതിനിടെ കനത്ത മഴയിൽ റൺവേയുടെ ഷോൾഡറിന്റെ ഒരു ഭാഗം ഇടിഞ്ഞ് ഒലിച്ചുപോയി. ഇവിടെ സംരക്ഷണഭിത്തി നിർമിക്കുന്നതിന് വനം വകുപ്പ് തടസ്സം ഉന്നയിച്ചു.

സിറിയക് തോമസ് എം.എൽ.എ. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് യോഗം ചേരാൻ തീരുമാനിച്ചത്.

സിറിയക് തോമസ് എം.എൽ.എ.യുടെ സാന്നിധ്യത്തിൽ സത്രം എയർസ്ട്രിപ്പിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ഡോ. ദിനേശ് ചെറുവാട്ട്, കോട്ടയം ഡി.എഫ്.ഒ. പ്രഭുൽ അഗ്രവാൾ, പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനിയർ പി.കെ. ധന്യ, സർവേ ഡെപ്യൂട്ടി ഡയറക്ടർ എസ്.എസ്. ബിനു, എൻ.സി.സി. പബ്ലിസിറ്റി ലെയ്സൺ ഓഫീസർ സി.കെ. അജി, എരുമേലി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.വി. രതീഷ് എന്നിവർ പങ്കെടുത്തു.