വികസിക്കണം....വെള്ളിയാമറ്റം

വിനോദസഞ്ചാരവും കാർഷികമേഖലയും പ്രയോജനപ്പെടുത്തണം
പന്നിമറ്റം : വിനോദസഞ്ചാരവും കാർഷികമേഖലയും ഒരുപോലെ പ്രയോജനപ്പെടുത്തിയാൽ വെള്ളിയാമറ്റം പഞ്ചായത്തിന് പുതിയ വികസന കുതിപ്പ് സൃഷ്ടിക്കാനാകും.
പഞ്ചായത്തിനെ വികസനപാതയിൽ എത്തിക്കാനുള്ള അനന്തസാധ്യതകളാണ് ഈ രണ്ട് മേഖലകളിലുമുള്ളത്.
ടൂറിസം സർക്യൂട്ട് രൂപവത്കരിക്കണം
സഞ്ചാരികളെ ആകർഷിക്കാനും സാഹസിക വിനോദസഞ്ചാരത്തിനും അനുയോജ്യമായ നിരവധി ഇടങ്ങൾ പഞ്ചായത്തിലുണ്ട്.
മറ്റ് പഞ്ചായത്തുകളിൽനിന്ന് വ്യത്യസ്തമായി വനംവകുപ്പിന്റെ പരിധിയിൽവരാത്ത നെല്ലിക്കാമല, മുതിയാമല, പതിക്കമല, ഇരുകല്ലുംമുടി തുടങ്ങിയ ഒട്ടനവധി വ്യൂ പോയിന്റുകൾ ഇവിടെയുണ്ട്.
കൂടാതെ ഞണ്ടിറുക്കി വെള്ളച്ചാട്ടം, ഗോത്രസംസ്കാരത്തിന്റെ തനിമ വിളിച്ചോതുന്ന കിഴക്കൻമലക്ഷേത്രം, കക്കാട്ട് ഗുഹ തുടങ്ങിയവയും വേറിട്ട കാഴ്ചാനുഭവങ്ങളാണ് സമ്മാനിക്കുന്നത്.
ഇവയെല്ലാം കോർത്തിണക്കി സമഗ്രമായ വിനോദസഞ്ചാര സർക്യൂട്ട് രൂപവത്കരിക്കണം.
അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കി പഞ്ചായത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനവും ടൂറിസം വകുപ്പും മുന്നിട്ടിറങ്ങണം.
അനാസ്ഥയിലായിസദ്ഭാവന മണ്ഡപം
കേന്ദ്രസർക്കാർ പദ്ധതിയായ സദ്ഭാവന മണ്ഡപത്തിന്റെ പണി പൂർത്തിയാക്കി ഉദ്ഘാടനം നടന്നിട്ട് രണ്ട് വർഷം കഴിഞ്ഞിട്ടും കെട്ടിടം പഞ്ചായത്തിന് കൈമാറിയിട്ടില്ല. നിർമിതി കേന്ദ്രത്തിനായിരുന്നു നിർമാണ ചുമതല. അഗ്നിരക്ഷാസേനയുടെ അനുമതി ലഭിക്കാത്തതാണ് പ്രധാന തടസ്സം. നിലവിൽ കെട്ടിടവും പരിസരവും കാടുപിടിച്ച് ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി മാറിയിരിക്കുകയാണ്.
കാർഷികമേഖലയ്ക്ക്പുതിയ സംരംഭങ്ങൾ
കൃഷി ലാഭകരമാക്കുന്നതിനൊപ്പം പാഴായിപ്പോകുന്ന കാർഷിക ഉൽപ്പന്നങ്ങൾക്ക് മൂല്യവർധന ഉറപ്പാക്കണം. പഞ്ചായത്തിലെ ആയിരക്കണക്കിന് പ്ലാവുകളിൽ വിളയുന്ന ചക്കകൾ ഉപയോഗിക്കാതെ പാഴാകുന്നത് തടയാൻ ആഗ്രോ ഫാക്ടറി ആരംഭിച്ചാൽ പ്രയോജനമാകും. ഇതിനായി കൃഷിവകുപ്പ് സ്വകാര്യസംരംഭകരെ കണ്ടെത്തി പ്രോത്സാഹനം നൽകണം. ഏക്കർ കണക്കിന് നെൽപ്പാടങ്ങളാണ് കൃഷിയിറക്കാതെ തരിശായി കിടക്കുന്നത്. ഇവിടങ്ങളിൽ വീണ്ടും നെൽകൃഷി ആരംഭിക്കാൻ ആവശ്യമായ പദ്ധതികൾ ആവിഷ്കരിക്കണം. അതോടൊപ്പം, ജനജീവിതം ദുസഹമാക്കുന്ന പ്ലൈവുഡ് കമ്പനികൾക്കും രാസമാലിന്യങ്ങൾക്ക് കാരണമാകുന്ന വ്യവസായങ്ങൾക്കും അനുമതിനൽകുന്നത് ഒഴിവാക്കണമെന്നും പരിസ്ഥിതിക്കും ജനങ്ങളുടെ ആരോഗ്യത്തിനും മുൻഗണന നൽകുന്ന വികസന പദ്ധതികളാണ് നടപ്പാക്കേണ്ടതെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.