മലങ്കര ജലാശയത്തിന്റെ വൃഷ്ടിപ്രദേശത്ത് വൻതോതിൽ മാലിന്യംതള്ളി

കുടയത്തൂർ : മലങ്കര ജലാശയത്തിന്റെ വൃഷ്ടിപ്രദേശത്ത് വയനക്കാവ് ക്ഷേത്രത്തിനുസമീപം വൻ തോതിൽ മാലിന്യംതള്ളി. തെങ്ങുംപിള്ളി കവലയിൽനിന്നും വയനക്കാവ് ക്ഷേത്രത്തിലേക്കുള്ള റോഡരികിൽ ചാക്കിൽക്കെട്ടിയ നിലയിലാണ് മാലിന്യം ഇട്ടത്. കഴിഞ്ഞദിവസം രാത്രിയാണ് മാലിന്യം ഉപേക്ഷിച്ചതെന്നാണ് പ്രാഥമിക വിവരം.
മഴപെയ്താൽ ഇവയെല്ലാം ഒഴുകി ജലാശയത്തിലെത്തും. നിരവധി കുടിവെള്ളപദ്ധതികൾക്ക് ജലാശയത്തിൽനിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്.
പഞ്ചായത്തംഗങ്ങളും ഉദ്യോഗസ്ഥരും പ്രദേശത്ത് പരിശോധന നടത്തി. മാലിന്യമുക്തമാക്കുന്ന പ്രവർത്തനങ്ങൾ മന്ദഗതിയിലായതോടെ പൊതുസ്ഥലങ്ങളിൽ മാലിന്യംതള്ളുന്ന സംഭവങ്ങൾ പതിവാകുകയാണ്.
കഴിഞ്ഞയാഴ്ച കുമ്പങ്കാനത്തും ഇത്തരത്തിൽ മാലിന്യംതള്ളിയിരുന്നു. സമീപ പ്രദേശത്തുനിന്ന് മാലിന്യങ്ങൾ ഏറ്റെടുത്ത് പൊതുസ്ഥലങ്ങളിൽ തള്ളുന്നതിന് ക്വട്ടേഷൻ സംഘങ്ങൾ പ്രവർത്തിക്കുന്നതായി പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു.
അറക്കുളം പഞ്ചായത്തിൽ മാലിന്യംതള്ളിയവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കാഞ്ഞാർ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, തുടർനടപടിയുണ്ടായില്ല.