ഗോത്ര ജനതയ്ക്ക് വഴിവേണ്ടേ

മറയൂർ : റോഡ് വികസനത്തിനായി രണ്ടുകോടി രൂപ അനുവദിച്ചിട്ടും പണി പൂർത്തികരിക്കാതെ പാതിവഴിയിൽ ഉപേക്ഷിച്ചനിലയിൽ.

മറയൂരിലെ വിവിധ ഗോത്ര ഗ്രാമങ്ങളിലേക്കുള്ള റോഡിന്റെ വികസനത്തിനായിട്ടാണ് രണ്ടുകോടി രൂപ അനുവദിച്ചത്.

നാലുവർഷം കഴിഞ്ഞിട്ടും പണി പകുതിപോലും പൂർത്തികരിച്ചിട്ടില്ല. അംബേദ്ക്കർ വികസനപദ്ധതിയിലാണ് 2022-23-ൽ തുക അനുവദിച്ചത്.

മറയൂർ പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളിൽ ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന കമ്മാളൻ കുടി, ഇരുട്ടളക്കുടി, ഈച്ചാംപ്പെട്ടി, പുറവയൽ, പുതുക്കുടി, വെള്ളക്കല്ല് തുടങ്ങിയ ഗോത്ര ഗ്രാമങ്ങളിലേക്ക് പോകുന്ന ഏകപാത നവീകരിക്കാനും പാലങ്ങൾ നിർമിക്കാനുമാണ് തുക അനുവദിച്ചത്.

പദ്ധതിയുടെ നിർവഹണ ചുമതല ഏറ്റെടുത്തത് ഇടുക്കി നിർമ്മിതി കേന്ദ്രമാണ്.

മറയൂർ പട്ടിക്കാട് മുതൽ ഇരുട്ടളക്കുടി തോട് വരെയുള്ള റോഡ് കോൺക്രീറ്റ് ചെയ്തത് മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളത്.

പാലം കടക്കേണ്ടെ വീട്ടിലെത്താൻ...

രണ്ടുതോടുകളാണ് പാതയ്ക്ക് കുറുകെ കടന്നുപോകുന്നത്. തഗ്ളിയോട തോട്, ഇരുട്ടളക്കുടി തോട് എന്നിവിടങ്ങളിലാണ് പാലം നിർമിക്കേണ്ടത്. പദ്ധതി അനുവദിച്ചപ്പോൾ തഗ്ളിയോടയ്ക്ക് കുറുകെയുണ്ടായിരുന്ന കോൺക്രീറ്റ് നടപ്പാലം പൊളിച്ചുകളയുകയും ചെയ്തു. മഴക്കാലത്ത് തോട്ടിൽ നീരൊഴുക്ക് വർധിക്കുമ്പോൾ തോട് കടക്കുവാൻ കഴിയാതെ ഏറെ ദുരിതമാണ് ഗ്രാമവാസികൾ അനുഭവിച്ചുവരുന്നത്. വിദ്യാ വാഹിനി പദ്ധതിയിൽ ജീപ്പുകളിൽ അപകടയാത്ര നടത്തിയാണ് വിദ്യാർഥികൾ ഈ തോടുകൾ കടന്ന് സ്കൂളിൽ വന്നുപോകുന്നത്.

റോഡും പഴയതു പോലെ...

ഇരുട്ടളക്കുടി തോട് മുതൽ ഇരുട്ടളകുടിവരെയുള്ള പാതയുടെ പണിയും തുടങ്ങിയിട്ടില്ല. വനംവകുപ്പിന്റെ അനുവാദം ലഭിച്ചിട്ടും ബാക്കി പണികൾ ചെയ്യുന്നതിന് കരാറുകാർ തയ്യാറാകുന്നില്ല. റോഡ് കോൺക്രീറ്റ് ചെയ്യാൻ കഴിയുംവിധം വീതികൂട്ടി മണ്ണുപണി ചെയ്തിട്ടുണ്ട്. എന്നിട്ടും, കോൺക്രീറ്റ് പണിചെയ്യാൻ തയ്യാറാകുന്നില്ല. മഴക്കാലത്ത് ഏറെ ദുരിതമാണ് ഗ്രാമവാസികൾ അനുഭവിച്ചുവരുന്നത്.

ദുരിത പർവം കയറുന്നവർ...

ഗ്രാമങ്ങളിലെ വിളകൾ മറയൂരിലെത്തിച്ചാണ് വിപണികളിലേക്ക് കയറ്റി വിടുന്നത്. വഴിയാത്ര യോഗ്യമല്ലാത്തതിനാൽ കൂടുതൽ ചെലവ് കർഷകർക്ക് വരുന്നു. സർക്കാർ ഓഫീസുകൾ, സ്കൂളുകൾ, റേഷൻ സാധനങ്ങൾ വാങ്ങൽ തുടങ്ങി നിരവധി ആവശ്യങ്ങൾക്ക് ഈ പാതയാണ് ഉപയോഗിക്കുന്നത്. 2026 ഡിസംബറിന് മുൻപ് എല്ലാ പണികളും പൂർത്തികരിക്കുമെന്ന് ഗ്രാമസഭയിൽ പഞ്ചായത്ത്‌ അധികൃതർ ഉറപ്പ് പറഞ്ഞിരുന്നതായി ഗ്രാമവാസികൾ പറയുന്നു. എന്നാൽ, ഇതുവരെ ഒരുനടപടിയും സ്വീകരിച്ചിട്ടില്ല. എത്രയും പെട്ടെന്ന് റോഡിന്റെയും പാലങ്ങളുടെയും പണി പൂർത്തികരിച്ചില്ലെങ്കിൽ മുതുവാൻ സമുദായ സംഘത്തിന്റെ നേതൃത്വത്തിൽ പ്രത്യക്ഷ സമരരംഗത്തിറങ്ങുമെന്ന് ഗ്രാമവാസികൾ പറഞ്ഞു.