ഒടിയപാറ അങ്കണവാടിയിലേക്ക് വഴിയില്ല; കുരുന്നുകൾക്ക് ദുരിതം

വണ്ണപ്പുറം : ഒടിയപാറ അങ്കണവാടിയിലെത്താൻ പാറക്കെട്ടിലെ ഇടുങ്ങിയ വഴിയിലൂടെ നടന്നുകയറണം കുരുന്നുകൾക്ക്. അങ്കണവാടിയിലേക്ക് വാഹനങ്ങൾ എത്താൻ വേണ്ട സൗകര്യമില്ലാത്തത് കുട്ടികൾക്കും ജീവനക്കാർക്കും നാട്ടുകാർക്കും ദുരിതമാകുന്നു. അങ്കണവാടിക്ക് ചുറ്റും കാടുകയറിക്കിടക്കുന്നത് ഇഴജന്തുക്കളുടെ ശല്യത്തിനും ഇടയാക്കുന്നതായി പരാതി. വണ്ണപ്പുറം പഞ്ചായത്തിലെ പതിനെട്ടാംവാർഡിലാണ് അങ്കണവാടി സ്ഥിതിചെയ്യുന്നത്.
അങ്കണവാടിക്കു ചുറ്റുമുള്ള സ്ഥലം സ്വകാര്യവ്യക്തിയുടേതായതിനാൽ വഴിയൊരുക്കാൻ തടസ്സം നേരിടുകയാണ്.
അങ്കണവാടിയിലെത്താൻ പാറക്കെട്ടുകൾ നിറഞ്ഞ ഇടുങ്ങിയ നടപ്പുവഴി മാത്രമാണുള്ളത്. വളഞ്ഞും തിരിഞ്ഞുമുള്ള ഈ വഴിയിലൂടെവേണം കുട്ടികൾ അങ്കണവാടിയിലെത്താൻ.
വഴിക്ക് സ്ഥലം വിട്ടുനൽകണമെന്ന് സ്വകാര്യവ്യക്തിയോട് അഭ്യർഥിച്ചെങ്കിലും അനുകൂല നിലപാടുണ്ടായില്ല. സ്ഥലത്തിന് വില നൽകാൻ പഞ്ചായത്ത് തയ്യാറായെങ്കിലും നിശ്ചിത താരിഫ് വിലയേക്കാൾ ഉയർന്ന തുക ആവശ്യപ്പെട്ടതിനാൽ സ്ഥലം വാങ്ങാനും കഴിയുന്നില്ല.
വാഹനം അങ്കണവാടിയുടെ മുറ്റംവരെ എത്താത്തതിനാൽ കുട്ടികൾക്കുള്ള ഭക്ഷ്യവസ്തുക്കൾ ചുമന്നാണ് ഇവിടെ എത്തിക്കുന്നത്.
അങ്കണവാടിയിൽ മെഡിക്കൽ ക്യാമ്പുകൾ നടത്തുമ്പോൾ രോഗികൾക്കും പ്രായമായവർക്കും എത്തിച്ചേരാനും ബുദ്ധിമുട്ടാണ്.
അധികൃതർ ഇടപെടണം
അങ്കണവാടിക്കു സമീപം റവന്യൂ പുറമ്പോക്ക് ഭൂമിയുണ്ടെന്നും വില്ലേജ് അധികൃതർ പരിശോധന നടത്തി ഇത് കണ്ടെത്തി വേർതിരിച്ചാൽ സർക്കാർ ഭൂമിയിലൂടെ തന്നെ വഴിയൊരുക്കാൻ കഴിയുമെന്നും നാട്ടുകാർ പറയുന്നു.
കുട്ടികളുടെ സുരക്ഷയും സൗകര്യവും പരിഗണിച്ച് അങ്കണവാടിയിലേക്ക് ഗതാഗതയോഗ്യമായ വഴി ഒരുക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.