ഫണ്ട് വകമാറ്റിയത് സമ്മതിച്ചുതരില്ല

തകരപ്പള്ളിപ്പടി-നടുപറമ്പിൽപ്പടി റോഡിനായി സമരത്തിനൊരുങ്ങി നാട്ടുകാർ
ചെറുതോണി : റോഡ് നിർമാണത്തിന് അനുവദിച്ച 15 ലക്ഷം രൂപ മറ്റൊരു റോഡിലേക്ക് വകമാറ്റിയെന്ന ആരോപണത്തെത്തുടർന്ന് സമരത്തിനൊരുങ്ങി മണിയാറൻകുടിയിലെ നാട്ടുകാർ. തകരപ്പള്ളിപ്പടി–നടുപറമ്പിൽപ്പടി റോഡിനായി മുൻ എം.എൽ.എ. റോഷി അഗസ്റ്റിൻ അനുവദിച്ച തുക മുസ്ലിം പള്ളിപ്പടി–ചെന്നാപ്പാറ റോഡിലേക്ക് മാറ്റിയെന്നാണ് ആരോപണം. ഫണ്ട് പുനഃസ്ഥാപിച്ച് നിർമാണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച സമരസംഘാടകസമിതി രൂപവത്കരിക്കും.
ഇടുക്കി– ഉടുമ്പന്നൂർ റോഡിന്റെ ഭാഗമായ ചെറുതോണി–മണിയാറൻകുടി റോഡിൽനിന്ന് മാറാപ്പള്ളിക്കവവല–എടാട്ടുപടി റോഡുമായി ബന്ധിപ്പിക്കുന്നതാണ് നിർദിഷ്ടപാത. റോഡിന്റെ കോൺക്രീറ്റിങ്ങിനും മണ്ണുപണിക്കുമായാണ് 15 ലക്ഷം രൂപ അനുവദിച്ചത്. കഴിഞ്ഞ മാർച്ചിൽ പദ്ധതിക്ക് ജില്ലാ കളക്ടർ ഭരണാനുമതിയും നൽകിയിരുന്നു. എന്നാൽ തുക മറ്റൊരു റോഡിലേക്ക് വകമാറ്റിയതോടെ നിർമാണം അനിശ്ചിതത്വത്തിലായെന്നാണ് നാട്ടുകാരുടെ പരാതി.
ആറുപതിറ്റാണ്ടായിട്ടും ദുരിതയാത്ര
1964-ൽ ചുരുളി–കീരിത്തോട് മേഖലയിൽനിന്ന് ആളുകളെ കുടിയിറക്കി ഇവിടെ പുനരധിവസിപ്പിച്ച കാലംമുതൽ പ്രദേശത്ത് ഏകദേശം മൂന്നടി വീതിയുള്ള നടപ്പുവഴി മാത്രമാണുണ്ടായിരുന്നത്. പിന്നീട് റോഡിനായി നാട്ടുകാർ സ്ഥലം പഞ്ചായത്തിന് വിട്ടുനൽകുകയും പാത പഞ്ചായത്തിന്റെ ആസ്തിരജിസ്റ്ററിൽ ഉൾപ്പെടുത്തുകയുംചെയ്തു. നിരന്തരമായ ആവശ്യങ്ങൾക്കൊടുവിലാണ് റോഡ് നിർമാണത്തിന് തുക അനുവദിച്ചത്.
നിർദിഷ്ട റോഡ് യാഥാർഥ്യമായാൽ നിലവിലുള്ള രണ്ടുറോഡുകളെ ബന്ധിപ്പിക്കാനാകും. പ്രദേശത്തിന്റെ വികസനത്തിനും നിരവധി കുടുംബങ്ങളുടെ യാത്രാദുരിതം കുറയ്ക്കുന്നതിനും ഇത് സഹായകമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.
അതേസമയം, ഫണ്ട് വകമാറ്റിയെന്ന ആരോപണവും പഞ്ചായത്ത് അംഗം സിജി ചാക്കോ ഉന്നയിച്ചു. വകമാറ്റിയ റോഡിന് അറ്റകുറ്റപ്പണികൾക്കായി എട്ടുലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും അവർ ആരോപിച്ചു.
അനുവദിച്ച ഫണ്ട് പുനഃസ്ഥാപിച്ച് തകരപ്പള്ളിപ്പടി–നടുപറമ്പിൽപ്പടി റോഡിന്റെ നിർമാണം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആവശ്യം അംഗീകരിക്കുന്നതുവരെ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് വാഴത്തോപ്പ് പഞ്ചായത്ത് അംഗം സിജി ചാക്കോ അറിയിച്ചു.