ഇനി ഗതാഗതം തടസ്സപ്പെടില്ല

ഉപ്പുതറ പാലത്തിലെ കേബിൾ പൈപ്പുകൾ മാറ്റിത്തുടങ്ങി

ഉപ്പുതറ : ഗതാഗത തടസ്സം സൃഷ്ടിച്ച് ഉപ്പുതറ പാലത്തിന്റെ ഇരുവശങ്ങളിലും സ്ഥാപിച്ചിരുന്ന ബി.എസ്.എൻ.എൽ. കേബിൾ പൈപ്പുകൾ നീക്കിത്തുടങ്ങി. പീരുമേട് താലൂക്ക് വികസനസമിതിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി.

ബി.എസ്.എൻ.എൽ. മാത്രം 12 ഇരുമ്പ് പൈപ്പിലാണ് പാലത്തിന്റെ ഇരുവശങ്ങളിലും കേബിൾ സ്ഥാപിച്ചിരുന്നത്. രണ്ട് വലിയ വാഹനത്തിന് തടസ്സം കൂടാതെ കടന്നുപോകാൻ കഴിയുന്നത്ര വീതിയിലാണ് പൊതുമരാമത്ത് വകുപ്പ്

പെരിയാറിന് കുറുകെ ഉപ്പുതറയിൽ പാലം പണിതത്. എന്നാൽ, ഇരുവശങ്ങളിലും കേബിൾ പൈപ്പുകൾ സ്ഥാപിച്ചതോടെ പാലത്തിന്റെ വീതി കുറഞ്ഞു. പാലത്തിന്റെ വീതി കുറഞ്ഞതോടെ അപകടവും, ഗതാഗത തടസ്സവും പതിവായി. പാലത്തിൽ വെള്ളക്കെട്ട് ഉണ്ടായി ടാറിങ് തകരുന്നതും പതിവായി. ഇരുവശത്തും എക്കലും, മണ്ണും അടിഞ്ഞുകൂടി ഇവിടെ കാട് വളരുകയും ചെയ്തതോടെ കാൽനടയാത്രയ്ക്കും തടസ്സമായി. പൈപ്പുകൾ ബന്ധിപ്പിക്കുന്ന ഭാഗത്ത് കൈവരികൾക്ക് പൊട്ടൽ വീണ് ബലക്ഷയവും ഉണ്ടായി. ബന്ധപ്പെട്ട വകുപ്പിന്റെ അനുമതി ഇല്ലാതെയായിരുന്നു പൈപ്പുകൾ സ്ഥാപിച്ചത്. ഇതിനെതിരേ 2014-ൽ പൊതുപ്രവർത്തകനായ ബാബു മേച്ചേരിൽ 2014-ൽ പീരുമേട് ലീഗൽ സർവീസ് അതോറിറ്റിയിൽ പരാതി നൽകി. തുടർന്ന് നിലവിലുള്ള കേബിൾ മാറ്റാനും ആവശ്യമെങ്കിൽ പാലത്തിന്റെ കൈവരിക്ക് പുറത്തുകൂടി സ്ഥാപിക്കാനും അദാലത്ത് കോടതി ഉത്തരവിട്ടു. എന്നാൽ ബി.എസ്.എൻ.എൽ. അധികൃതർ കേബിൾ മാറ്റിയില്ലെന്ന് മാത്രമല്ല മറ്റ് സ്വകാര്യകമ്പനികൾ കൂടി കേബിൾ സ്ഥാപിക്കുകയും ചെയ്തു. പാലത്തിന് ഉണ്ടാകുന്ന ബലക്ഷയവും ഗതാഗത തടസ്സവും മാതൃഭൂമി പലതവണ റിപ്പോർട്ട് ചെയ്തു. തുടർന്ന് അടിയന്തരനടപടി ആവശ്യപ്പെട്ട് ബാബു മേച്ചേരിൽ താലൂക്ക് വികസനസമിതിയിൽ പരാതി നൽകി. കഴിഞ്ഞ ആറിന് ചേർന്ന വികസനസമിതി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് കേബിൾ മാറ്റാൻ കർശന നിർദ്ദേശം നൽകി. തുടർന്നാണ് ബി.എസ്.എൻ.എൽ. കേബിൾ പൈപ്പുകൾ മാറ്റാൻ നടപടി തുടങ്ങിയത്. എന്നാൽ, സ്വകാര്യകമ്പനികളുടെ കേബിൾ കൂടി മാറ്റി പാലത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാണ്.