നിത്യഹരിത ഗാനം

രാജാക്കാട് : പാട്ടിന്റെ ഈണവും സ്നേഹത്തിന്റെ കരുതലുമായി ചെങ്കുളം ലിറ്റിൽ ഫ്ളവർ മെഴ്സിഹോമിൽ ഹൃദയസ്പർശിയായ സംഗീത സായാഹ്നം.
സെയ്ന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യാ ഹൈറേഞ്ച് സെന്ററിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായാണ് പരിപാടി സംഘടിപ്പിച്ചത്.
ഹൈറേഞ്ച് സെന്റർ പ്രസിഡന്റ് റവ. ക്രിസ്റ്റഫർ ഷാബു വൈ.ആർ. പ്രാർഥന നടത്തി ഉദ്ഘാടനം ചെയ്തു.
ബാബു രാജാക്കാട്, റവ. രാജേഷ് കല്ലാർ, ജെഫിൻ സി. ജോൺ, സാബു കുരിശിങ്കൽ, അനീഷ്, ഗോഡ്‌വിൻ, സേതു, ബ്രദർ ദേവകുമാർ എന്നിവർ ക്രൈസ്തവഭക്തിഗാനങ്ങൾ ആലപിച്ചു. ഡാനി എസ്.ക്രിസ്റ്റഫർ കീബോർഡിലും അഗസ്റ്റിൻ മാഷ് തബലയിലും സംഗീതത്തിന് മിഴിവേകി.
സുവിശേഷ പ്രവർത്തന ബോർഡ് സെക്രട്ടറി റവ. സി.പി. മർക്കോസ് വചനസന്ദേശം നൽകി. തുടർന്ന് അദ്ദേഹം അവതരിപ്പിച്ച പപ്പറ്റ് ഷോയും ശ്രദ്ധേയമായി. ബൈബിൾ വചനങ്ങളും ജീവിതമൂല്യങ്ങളും പാവകളുടെ സഹായത്തോടെ കുട്ടികൾക്ക് ലളിതമായി അവതരിപ്പിച്ചു.
വിവിധ ഇടവകകളിൽനിന്നുള്ള വിശ്വാസികൾ പങ്കെടുത്ത പരിപാടിയിൽ വസ്ത്രങ്ങളും നിത്യോപയോഗസാധനങ്ങളും മെഴ്സി ഹോമിലെ അന്തേവാസികൾക്ക് കൈമാറി.