പഞ്ചായത്ത് ഓഫീസിലേക്ക് സ്വകാര്യബസ് ഇടിച്ചുകയറി

മതിലും ഉപകരണങ്ങളും തകർന്നു

മറയൂർ : നിർത്തിയിട്ടിരുന്ന സ്വകാര്യബസ് തനിയെ ഉരുണ്ട് പഞ്ചായത്ത് ഓഫീസിൽ ഇടിച്ചുകയറി മതിലും ഉപകരണങ്ങളും തകർന്നു.

കാന്തല്ലൂരിൽനിന്ന് ആലുവയിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യബസാണ് കാന്തല്ലൂർ പഞ്ചായത്ത് ഓഫീസിലേക്ക് ഇടിച്ചുകയറിയത്. ചൊവ്വാഴ്ച പുലർച്ചെ 4.45 നായായിരുന്നു അപകടം. ബസിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.

കാന്തല്ലൂരിൽ രാത്രി നിർത്തിയിട്ടിരുന്ന ബസ് രാവിലെ അഞ്ചിന് സർവീസ് ആരംഭിക്കുന്നതിനായി ഡ്രൈവർ സ്റ്റാർട്ട് ചെയ്തശേഷം പുറത്തിറങ്ങിയിരുന്നു.

ഈ സമയത്താണ് ബസ് തനിയെ റിവേഴ്സിൽ നീങ്ങിയത്. ഏകദേശം 50 മീറ്ററോളം പിന്നിലേക്ക് നീങ്ങിയ ബസ് റോഡരികിലൂടെ സഞ്ചരിച്ച് പഞ്ചായത്ത് ഓഫീസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ പഞ്ചായത്ത് ഓഫീസിന്റെ മുറ്റത്തെ മതിൽ തകർന്നു. മുറ്റത്ത് സൂക്ഷിച്ചിരുന്ന ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.

പുലർച്ചെയായതിനാൽ ബസിൽ യാത്രക്കാരോ ജീവനക്കാരോ ഉണ്ടായിരുന്നില്ല. നിർത്തിയിട്ടിരുന്ന സ്ഥലം ഇറക്കമായതിനാൽ അതിവേഗത്തിൽവന്ന് ഇടിക്കുകയായിരുന്നു. കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡൻറ്‌ എസ്. ശിവൻരാജ് സംഭവസ്ഥലത്ത് എത്തി ഓഫീസ് പ്രവർത്തനം സജ്ജമാക്കാനുള്ള നടപടികളും സ്വീകരിച്ചു.