സൈബർ സുരക്ഷാ ബോധവത്‌കരണം

ജില്ലാതല വൊളന്റിയർമാർക്ക് പരിശീലനം നൽകി
ചെറുതോണി : സൈബർ സുരക്ഷാ ബോധവത്കരണം ശക്തിപ്പെടുത്തുന്നതിനായി സൈബർ സേഫ് കേരളം പദ്ധതിയുടെ ഭാഗമായി ജില്ലാതല വൊളന്റിയർമാർക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു.
ഇടുക്കി സർക്കാർ എൻജിനിയറിങ് കോളേജിൽ നടന്ന പരിപാടി ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു മാനുവൽ അധ്യക്ഷത വഹിച്ചു. സൈബർ സുരക്ഷ, ഓൺലൈൻ തട്ടിപ്പുകൾ തടയൽ, സാമൂഹിക മാധ്യമങ്ങളുടെ സുരക്ഷിതമായ ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾക്കെതിരേ പൊതുജനങ്ങളിൽ അവബോധം വളർത്തൽ തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസ് നൽകിയത്.
വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, ത്രിതല പഞ്ചായത്തംഗങ്ങളായ വിജി കണ്ണൻ, അമ്മിണി ജോസ്, ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്.പി. സാം ജോസ്, പ്രൊഫസർ അൽഫോൻസാ ജോണി എന്നിവർ സംസാരിച്ചു.
സൈബർ പോലീസ് ഇൻസ്പെക്ടർ സന്തോഷ് സജീവ്, സബ് ഇൻസ്പെക്ടർ സാജു കുര്യൻ, സിവിൽ പോലീസ് ഓഫീസർമാരായ ടി.ആർ. കിരൺ കുമാർ, പ്രത്യുഷ് എം.ജോസഫ് എന്നിവർ ക്ലാസുകൾ നയിച്ചു. വിദ്യാർഥികൾ, അധ്യാപകർ, പോലീസ് ഉദ്യോഗസ്ഥർ, സൈബർ സുരക്ഷാ മേഖലയിലെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിനും സൈബർ സുരക്ഷാ പ്രവർത്തനങ്ങളിൽ സന്നദ്ധപ്രവർത്തകരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.