ഏഴുകമ്പി–പൈനാപ്പിള്ളി റോഡിൽ യാത്ര ദുരിതം

മൂന്നുകിലോമീറ്റർ റോഡിലൂടെ കാൽനടയാത്രപോലും അസാധ്യം

കീരിത്തോട് : കഞ്ഞിക്കുഴി പഞ്ചായത്തിലെ ഏഴുകമ്പി–പൈനാപ്പിള്ളി റോഡ് തകർന്നതോടെ പ്രദേശവാസികളുടെ യാത്രദുരിതത്തിൽ.

കഴിഞ്ഞ കാലവർഷത്തിന് മുന്പ് തകർന്നറോഡ് പിന്നീട് പലതവണ നിവേദനങ്ങളും പരാതികളും നൽകിയിട്ടും പുനർനിർമിക്കാൻ നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി.

മൂന്നുകിലോമീറ്ററോളം ദൈർഘ്യമുള്ള റോഡിന്റെ ഇരുവശങ്ങളിലുമായി നിരവധികുടുംബങ്ങളാണ് താമസിക്കുന്നത്.

കീരിത്തോട്ടിലേക്കും പഞ്ചായത്താസ്ഥാനമായ കഞ്ഞിക്കുഴിയിലേക്കും പോകാൻ ഇവരുടെ പ്രധാന ആശ്രയമാണ് ഈ റോഡ്.

റോഡ് തകർന്നതോടെ ഓട്ടോറിക്ഷകൾപോലും ഇതുവഴി വരാൻ മടിക്കുന്ന സ്ഥിതിയാണ്.

രോഗികളെ ആശുപത്രിയിലെത്തിക്കേണ്ട സാഹചര്യമുണ്ടായാൽ വാഹനസൗകര്യം ലഭിക്കാത്തതിനാൽ രോഗിയെ എടുത്തുകൊണ്ടുപോകേണ്ട അവസ്ഥയാണെന്നും നാട്ടുകാർ പറയുന്നു.

മഴപെയ്താൽ റോഡ് വെള്ളമൊഴുകുന്ന പുഴയ്ക്ക് സമാനമാകുന്നതോടെ ദുരിതം ഇരട്ടിയാകുന്നു. വിദ്യാർഥികൾക്ക് സ്കൂളിൽ പോകണമെങ്കിൽ ഏറെ ദുരിതം അനുഭവിച്ച് വേണം സഞ്ചരിക്കാൻ.

തകർന്നറോഡ് എത്രയുംവേഗം പുനർനിർമിച്ച് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.