ഇനി അക്കരെ കടക്കാം...

അപകടഭീഷണിയിലായ കാളിയാറിലെ രണ്ട് കലുങ്കുകൾക്ക് ശാപമോക്ഷം; 80 ലക്ഷം രൂപ അനുവദിച്ചു

വണ്ണപ്പുറം : അപകടാവസ്ഥയിലായ കാളിയാറിലെ രണ്ട് കലുങ്കുകൾ പുനർനിർമിക്കാൻ നടപടിയായി. രണ്ട് കലുങ്കുകളുടെയും നിർമാണത്തിനായി ആകെ 80 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.

രണ്ടുവർഷം മുൻപ് കാലവർഷക്കെടുതിയിൽ തകർന്ന കോയപ്പടി- സെയ്ന്റ് മേരീസ് സ്കൂൾ റോഡിലെ കലുങ്ക് പുനർനിർമിക്കാൻ 55 ലക്ഷം രൂപ അനുവദിച്ചു.

2019-20-ൽ പി.ജെ. ജോസഫ് എം.എൽ.എ. മൊട്ടമുടി- ബ്ലാത്തിക്കവല റോഡ് നിർമാണത്തിനായി അനുവദിച്ച തുക വനംവകുപ്പിന്റെ എതിർപ്പിനെത്തുടർന്ന് ചെലവഴിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ തുകയാണ് പ്രത്യേക അനുമതി നേടി കലുങ്ക് നിർമാണത്തിനായി മാറ്റിനൽകിയത്.

മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദേശത്തെത്തുടർന്ന് ധനകാര്യ വകുപ്പ് അനുമതി നൽകി പ്രത്യേക ഉത്തരവിറക്കിയാണ് തുക അനുവദിച്ചത്.

കാളിയാർ പള്ളിക്കവല- സെയ്ന്റ് മേരീസ് സ്കൂൾ റോഡിലെ കലുങ്കിന്റെ ഇരുവശങ്ങളിലെയും കെട്ടുകൾ ഇടിഞ്ഞ് അപകടാവസ്ഥയിലാണ്. ഇത് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള റോഡാണ്.

സർവീസ് ബസുകളും സ്കൂൾ ബസുകളും ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിലെ കലുങ്കിന്റെ അപകടാവസ്ഥ പരിഹരിക്കുന്നതിനായി ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫിന്റെ ഇടപെടലിനെത്തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് 25 ലക്ഷം രൂപ അനുവദിച്ചത്. രണ്ട് കലുങ്കുകളുടെയും നിർമാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് അംഗം സണ്ണി കളപ്പുര അറിയിച്ചു.