പാത പണിയാൻ എന്തിനീ അമാന്തം

സർക്കാർ പറഞ്ഞല്ലോ വനഭൂമിയല്ലെന്ന്...
അടിമാലി : കൊച്ചി- മധുര ഹൈവേയുടെ ഭാഗമായ നേര്യമംഗലം വാളറ ഭാഗം റവന്യൂഭൂമിയാണെന്നും റോഡ് വികസന പ്രവർത്തനങ്ങൾക്ക് തടസ്സമില്ലെന്നും വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി ഒന്നരമാസം പിന്നിട്ടിട്ടും വനമേഖലയിലെ നിർമാണം പുനരാരംഭിച്ചില്ല. റോഡരികിലെ കുന്നിനുമുകളിൽ വലിയ മരങ്ങൾ ഇപ്പോഴും അപകടഭീഷണിയായി നിൽക്കുകയാണ്.
ഏത് നിമിഷവും ഇത് റോഡിലേക്ക് വീഴാമെന്ന അവസ്ഥയിലാണ്. കഴിഞ്ഞ ജൂലായ് 14-നാണ് സംസ്ഥാന സർക്കാർ ദേശീയപാത നിർമാണം സംബന്ധിച്ച ഉത്തരവിറക്കിയത്. എന്നാൽ, നിർമാണം ആരംഭിക്കാനുള്ള തുടർനീക്കങ്ങളൊന്നും സർക്കാർ നടത്തിയില്ല. ദേശീയപാതാ വിഭാഗവും കരാർകമ്പനിയും തമ്മിലുള്ള കരാർ കാലാവധി നിലവിൽ അവസാനിച്ചു. ഇനി പുതിയ കരാർ വെച്ചതിനുശേഷം മാത്രമേ നിർമാണം ആരംഭിക്കുകയുള്ളൂ എന്നാണ് ദേശീയപാതാ വിഭാഗം പറയുന്നത്. ഇതിന് ഇനിയും ആഴ്ചകൾ വേണ്ടിവരും.
ഒരുവർഷം മുമ്പ് ദേശീയപാതയുടെ നിർമാണം നിലച്ചതാണ്. റോഡരികിൽ പലയിടത്തും നിർമാണം പാതിവഴിയിൽ അവസാനിപ്പിച്ച കുഴികളുണ്ട്. മലയിടിച്ചിൽമൂലം വേരുകൾ പുറത്തേക്കുവന്ന് അപകടാവസ്ഥയിൽ നിൽക്കുന്ന വലിയ മരങ്ങളും കാണാം.
2024 മേയ് 28-ന് മറ്റൊരു കേസുമായി ബന്ധപ്പെട്ട് നേര്യമംഗലം മുതൽ പള്ളിവാസൽവരെ സ്ഥലം പൊതുമരാമത്ത് വകുപ്പിന്റെ റവന്യൂഭൂമിയാണെന്നും ഈ ഭൂമിയിൽ യാതൊരുവിധ അവകാശങ്ങളും വനം വകുപ്പിന് ഇല്ലെന്നും ഹൈക്കോടതിയുടെ വിധി ഉണ്ടായി. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ
മറ്റു ഭാഗങ്ങളിലേതുപോലെ 40 അടി വീതിയിൽ റോഡിന്റെ വികസന പ്രവർത്തനങ്ങൾ നേര്യമംഗലം വനമേഖലയിലും ആരംഭിച്ചു.
എന്നാൽ, തൊടുപുഴ സ്വദേശി നൽകിയ ഹർജിയും അതിനെ പിന്തുണച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടും മൂലമാണ് റോഡ് നിർമാണം തടസ്സപ്പെട്ടത്. പിന്നീടുവന്ന യു.ഡി.എഫ്. സർക്കാർ റോഡിൽ സംയുക്ത സർവേ നടത്തി.
റോഡിന് 100 അടി വീതിക്ക് റവന്യൂവകുപ്പിന് അവകാശമുണ്ടെന്ന് കണ്ടെത്തി. ഈ റിപ്പോർട്ട് ജില്ലാ കളക്ടർ മുഖേന ചീഫ് സെക്രട്ടറിക്കും സർക്കാരിനും റവന്യൂവകുപ്പ് സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജൂലായ് 14-ന് സർക്കാർ ഉത്തരവിറക്കിയത്.