വഴി തടയില്ല; അപകടവും മാറി...

നാരങ്ങാനത്തെ കല്ലുകൾ പൊട്ടിച്ചുനീക്കി
തൊമ്മൻകുത്ത് : റോഡരികിലേക്ക് അടർന്നുവീണ് ഗതാഗത തടസ്സമുണ്ടാക്കിയ കൂറ്റൻ പാറക്കല്ലുകൾ ഒരാഴ്ചയ്ക്കുശേഷം പൊട്ടിച്ചുമാറ്റി. ആധുനിക നിലവാരത്തിൽ നിർമാണം നടക്കുന്ന നെയ്യശ്ശേരി- തോക്കുമ്പൻ പാതയുടെ ഭാഗമായ നാരങ്ങാനം റോഡിൽ വീണുകിടന്ന പാറകളാണ് വ്യാഴാഴ്ച നീക്കം ചെയ്തത്.
ഒരുമാസം മുമ്പ് പെയ്ത തീവ്ര മഴയിലാണ് പാതയിലേക്ക് ചെറുതും വലുതുമായ ആറ് കല്ലുകൾ അടർന്നുവീണത്. ഇത് ഗതാഗത തടസ്സവും അപകടഭീഷണിയും ഉയർത്തി. എന്നിട്ടും കല്ലുകൾ പൊട്ടിച്ച് നീക്കാൻ റോഡ് നിർമാണ ഏജൻസിയായ കെ.എസ്.ടി.പി.യോ, കരാറുകാരനോ തയ്യാറായില്ല.
ഇതോടെ കളക്ടർ പ്രശ്നത്തിൽ ഇടപെട്ടു. ഏഴ് ദിവസത്തിനുള്ളിൽ പാറ പൊട്ടിച്ചുനീക്കണമെന്ന് ഓഗസ്റ്റ് 31-ന് ഉത്തരവിറക്കി.
കെ.എസ്.ടി.പി. പൊൻകുന്നം ഏജൻസിക്കായിരുന്നു നിർദേശം നൽകിയത്.
സെപ്റ്റംബർ ഏഴുവരെയായിരുന്നു ഇതിനായി അനുവദിച്ച സമയം. ഈ ദിവസം കഴിഞ്ഞിട്ടും പാറ പൊട്ടിച്ചില്ല. ഇക്കാര്യം തൊട്ടടുത്ത ദിവസംതന്നെ മാതൃഭൂമി റിപ്പോർട്ടു ചെയ്തു. ഒരുദിവസത്തിനകം പാറകൾ പൊട്ടിച്ച് നീക്കുകയായിരുന്നു. വ്യാഴാഴ്ച യന്ത്രസഹായത്തോടെ കല്ലുകൾ പൊട്ടിച്ച് റോഡിൽനിന്ന് മാറ്റി.