വാർധക്യത്തിൽനിന്ന് കൗമാര, യൗവന സ്മരണകളിലേക്ക്‌ അരനൂറ്റാണ്ടിന്റെ തിരിച്ചുനടപ്പ്

തൊടുപുഴ : അരനൂറ്റാണ്ട് മുൻപ് ക്ലാസ് മുറികളിൽ പകർന്നുനൽകിയ സൗഹൃദത്തിന്റെ മാധുര്യത്തിന് എഴുപതിന്റെ നിറവിലും തെല്ലും മങ്ങലേറ്റിട്ടില്ലെന്ന് തെളിയിച്ച് ആ പഴയ സഹപാഠികൾ വീണ്ടും ഒത്തുകൂടി. തൊടുപുഴയിലെ പഴയ യങ് ഇന്ത്യ പാരലൽ കോളേജിൽ 52 വർഷങ്ങൾക്ക് മുന്പ്, ഒന്നിച്ചു പഠിച്ച കൂട്ടുകാരാണ് കൗമാരകാലത്തിന്റെ കുസൃതികളും ഓർമ്മകളും പങ്കുവെയ്ക്കാ‌ൻ വീണ്ടും ഒന്നിച്ചത്.ജീവിതത്തിന്റെ വിവിധ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വലിയൊരു നിരതന്നെ ഈ സൗഹൃദക്കൂട്ടായ്മയിലുണ്ട്. ഡോക്ടർമാർ, അഭിഭാഷകർ, അധ്യാപകർ, രാഷ്ട്രീയ നേതാക്കൾ, സർക്കാർ ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങി ഉന്നതനിലകളിലെത്തിയ ഇവർ ഇന്ന് മക്കളും കൊച്ചുമക്കളുമായി തിരക്കുപിടിച്ച ജീവിതം നയിക്കുകയാണ്. പുതുപ്പരിയാരത്തുള്ള കുന്നുമ്മേൽ മാത്യുവിന്റെ വീട്ടിലായിരുന്നു പഴയകാല ഓർമ്മകൾ പുതുക്കിയ ഈ അപൂർവസംഗമം നടന്നത്.

കാലത്തിന്റെ ഒഴുക്കിൽ പലവഴികളിലേക്ക് പിരിഞ്ഞുപോയെങ്കിലും അന്നത്തെ ആ സൗഹൃദത്തിന്റെ ചൂടുംചൂരും ഈ എഴുപതാംവയസ്സിലും ഒട്ടും കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ചടങ്ങ്.

പ്രായത്തിന്റെ അവശതകളെല്ലാം മാറ്റിവെച്ച്, യൗവനത്തിന്റെ തിളക്കത്തോടെയാണ് ഏവരും ഈ സംഗമത്തിൽ പങ്കെടുത്തത്. പഴയ കോളേജ് നാളുകളിലെ വിശേഷങ്ങൾ, ക്ലാസ് മുറികളിലെ തമാശകളും കല്ലുകടികളും, അധ്യാപകരുടെ ഓർമ്മകൾ, കാമ്പസ് പ്രണയങ്ങൾ എന്നിവയെല്ലാം അവർ പങ്കുവെച്ചു. ജീവിതത്തിലെ തിരക്കുകളിൽനിന്ന് അവധിയെടുത്ത് എത്തിയ ഈ അപൂർവനിമിഷങ്ങൾ ഏവർക്കും പഴയ വിദ്യാർഥി ജീവിതത്തിലേക്കുള്ള മനോഹരമായ ഒരു തിരിച്ചുപോക്കായി മാറി.

അടുത്ത ഒത്തുചേരലിനുള്ള തീയതിയും തീരുമാനിച്ചാണ് സൗഹൃദത്തിന്റെ മധുരം നിറഞ്ഞ ഈ സംഗമത്തിനുശേഷം ഇവർ പിരിഞ്ഞത്.