അനധികൃത വഴിയോരക്കച്ചവടം; അലയടിച്ച് പ്രതിഷേധം

കട്ടപ്പന : അനധികൃത വഴിയോരക്കച്ചവടം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ കട്ടപ്പന നഗരസഭയിലേക്ക് പ്രതിഷേധം സംഘടപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു. അനധികൃത വഴിയോരക്കച്ചവടങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി വ്യാപാരി വ്യവസായി ഏകോപനസമിതി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. നഗരത്തിൽനിന്ന് പ്രകടനമായാണ് പ്രവർത്തകൾ നഗരസഭയ്ക്ക് മുൻപിലെത്തിയത്. വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഭീഷണിയാകുന്ന രീതിയിൽ വഴിയോരക്കച്ചവടം നടക്കുന്ന കാഴ്ചയാണ് എല്ലാ നഗരങ്ങളിലും കാണുന്നത്. സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽനിന്ന് ലൈസൻസുകളെടുത്ത് വലിയ അഡ്വാൻസും വാടകയും നൽകി വ്യാപാരസ്ഥാപനങ്ങൾ നടത്തുമ്പോഴാണ് യാതൊരു നിയന്ത്രണവുമില്ലാതെ വഴിയോരങ്ങളിലും വാഹനങ്ങളിലും കച്ചവടം നടത്തുന്നത്. തുറസ്സായ അന്തരീക്ഷത്തിലാണ് ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നത്. കാൽനടയാത്രക്കാരുടെയും വാഹനങ്ങളുടെയും സഞ്ചാരം താറുമാറാകുന്നു. വ്യാപാരികൾക്ക് പിഴയീടാക്കുന്ന ഉദ്യോഗസ്ഥർ പോലും വഴിയോരക്കച്ചവടക്കാരുടെ നേരേ കണ്ണടയ്ക്കുകയാണ്. എന്തിനും ഏതിനും സംഘടനകളുണ്ടാക്കുന്നവർ അനധികൃത കച്ചവടക്കാരുടെ യൂണിയനുണ്ടാക്കി നിയമങ്ങളെ വെല്ലുവിളിക്കുന്നെന്നും പ്രതിഷേധക്കാർ ആരോപിച്ചു. യോഗത്തിൽ കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് സാജൻ ജോർജ് അധ്യക്ഷത വഹിച്ചു. ജില്ലാപ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ, ജില്ലാ ജനറൽ സെക്രട്ടറി നജീബ് ഇല്ലത്തുപറമ്പിൽ, ജില്ലാ വൈസ് പ്രസിഡന്റ് പി.എം. ബേബി, യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് സിജോമോൻ ജോസ്, വനിതാ വിങ് ജില്ലാ പ്രസിഡന്റ് ഷീനാ ജോസ്, മജോ കാരിമുട്ടം, ഷമേജ് കെ.ജോർജ്, ജോഷി കുട്ടട, ബൈജു എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.