ഉദ്യോഗസ്ഥരേ… മനുഷ്യാവകാശ കമ്മിഷൻ പറയുന്നതെങ്കിലും കേൾക്കൂ...

ഏലപ്പാറ : പഴയ വില്ലേജ് ഓഫീസ്- ചിന്നാർ ബംഗ്ലാവുപടി റോഡിലൂടെയുള്ള യാത്രാ ദുരിതം പരിഹരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടിരുന്നു. എന്നിട്ടും ഉദ്യോഗസ്ഥർ കേട്ട ഭാവം നടക്കുന്നില്ല.

നൂറുകണക്കിനാളുകൾ ദിവസേന കടന്നുപോകുന്ന റോഡ് വർഷങ്ങളായി തകർന്ന് കിടക്കുകയാണ്.

റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് ലഭിച്ച പരാതിയിൽ കഴിഞ്ഞവർഷം റിപ്പോർട്ട് തേടിയിരുന്നു.

അധികാരികൾ കമ്മീഷന് നൽകിയ റിപ്പോർട്ടിൽ റോഡ് വികസന പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ വ്യക്തമാക്കിയിരുന്നു.

ജില്ലാപഞ്ചായത്തിന്റെ 2025–26 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പ്രോജക്ട് നമ്പർ 463/26 പ്രകാരം ഏകദേശം 1.50 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ വികസനമാണ് ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, റിപ്പോർട്ട് നൽകി ഒരുവർഷം കഴിഞ്ഞിട്ടും റോഡ് നിർമാണം പൂർത്തീകരിച്ചിട്ടില്ല.

നിവേദനം നൽകി

റോഡ് നിർമാണം പൂർത്തിയാകാത്തതിൽ നാട്ടുകാർ നേരിടുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ഗിന്നസ് മാടസാമി നിവേദനം നൽകി.

മനുഷ്യാവകാശ കമ്മിഷനുമുമ്പാകെ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ള വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പാക്കി റോഡിന്റെ നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം.

ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും കളക്ടർക്കുമാണ് നിവേദനം നൽകിയത്.

റോഡ് നിർമാണത്തിലെ നിലവിലെ സ്ഥിതി വിലയിരുത്താൻ അടിയന്തര സംയുക്ത പരിശോധന നടത്തുക, ആവശ്യമായ ഫണ്ട് ലഭ്യമാക്കി പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കുക, ഇതിന് കൃത്യമായ സമയപരിധി നിശ്ചയിക്കുക, സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചിരിക്കുന്നത്.