വോൾട്ടേജ് ഹൈറേഞ്ചിലാക്കാൻ

കട്ടപ്പന/ചെറുതോണി : ഹൈറേഞ്ചിലെ വെളിച്ചത്തിന് മാറ്റുകൂടാൻപോകുന്നു. വോൾട്ടേജ് ക്ഷാമം പരിഹരിക്കാനുള്ള രണ്ട് സബ് സ്റ്റേഷൻ പദ്ധതികളാണ് തിങ്കളാഴ്ച വൈദ്യുതിമന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനംചെയ്യുന്നത്.
നിർമലാസിറ്റിയിൽ പുതിയ സബ് സ്റ്റേഷന്റെ നിർമാണോദ്ഘാടനമാണ് ഒന്ന്. ഒപ്പം നിർമാണം പൂർത്തിയാക്കിയ മുരിക്കാശ്ശേരി 110 കെ.വി. സബ് സ്റ്റേഷൻ നാടിന് സമർപ്പിക്കും.
തടസ്സമില്ലാതെ ഒഴുകുംഹൈറേഞ്ചിൽ വൈദ്യുതി വിതരണം നടത്തുന്നത് പ്രധാനമായും കട്ടപ്പന, നെടുങ്കണ്ടം, വാഴത്തോപ്പ് എന്നീ 66 കെ.വി. സബ്സ്റ്റേഷനുകളിലൂടെയാണ്. ഈ സബ് സ്റ്റേഷനുകളിലേക്ക് വൈദ്യുതി എത്തിക്കുന്നത് 1980-ൽ നിർമിച്ച 66 കെ.വി. സിംഗിൾ സർക്യൂട്ട് ലൈനിലൂടെയാണ്. പരമാവധി ശേഷിയിൽ പ്രവർത്തിക്കുന്ന ഈ ലൈൻ വഴിയാണ് മെഡിക്കൽ കോളേജ്, ജില്ലാ ആസ്ഥാനം തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്നത്.
നിർമലാ സിറ്റിയിൽ 220 കെ.വി. ജി.ഐ.എസ്. (ഗ്യാസ് ഇൻസുലേറ്റഡ് സ്വിച്ച് ഗിയർ) സബ്സ്റ്റേഷനും അനുബന്ധ ലൈനുകളും നിർമിച്ച്, വാഴത്തോപ്പ്, നെടുങ്കണ്ടം,
കട്ടപ്പന തുടങ്ങിയ സബ്സ്റ്റേഷനുകളിലേക്ക് 110 കെ.വി. ശേഷിയിൽ വൈദ്യുതി എത്തിക്കുന്നതിനാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്.
നിർമാണം പൂർത്തിയാകുന്നതോടെ ഈ ലൈനിലെ തടസ്സങ്ങൾ പൂർണമായും പരിഹരിക്കപ്പെടുകയും തടസ്സമില്ലാത്തതും കാര്യക്ഷമവുമായ വൈദ്യുതി വിതരണം ഉറപ്പാക്കാനും സാധിക്കും.
231 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ടിനാണ് ഉദ്ഘാടനം.
മുരിക്കാശ്ശേരിയുടെ സ്വപ്നസാക്ഷാത്കാരം : 20 കോടി രൂപ ചെലവിലാണ് മുരിക്കാശ്ശേരിയിലെ 110 കെ.വി. സബ്‌സ്റ്റേഷന്റെ നിർമാണം പൂർത്തിയാക്കിയത്. 22.5 എം.വി.എ. ശേഷിയുള്ള സബ്‌സ്റ്റേഷനിൽ ആറ് പുതിയ 11 കെ.വി. ഫീഡറുകളാണ് സജ്ജമാക്കിയിട്ടുള്ളത്.
മുരിക്കാശ്ശേരി, വാഴത്തോപ്പ്, കമ്പിളികണ്ടം, പൈനാവ് ഇലക്ട്രിക്കൽ സെക്ഷൻ പരിധികളിൽ വൈദ്യുതി വിതരണം കൂടുതൽ കാര്യക്ഷമമാക്കാൻ പുതിയ സബ്‌സ്റ്റേഷൻ സഹായിക്കും. നിലവിൽ ദൂരെയുള്ള സബ്‌സ്റ്റേഷനുകളെയും ഫീഡറുകളെയും ആശ്രയിച്ചാണ് ഈ മേഖലകളിലേക്ക് വൈദ്യുതി എത്തിക്കുന്നത്.
വൈദ്യുതി തടസ്സങ്ങൾ പരമാവധി കുറയ്ക്കുന്നതിനും വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനും പുതിയ സബ്‌സ്റ്റേഷൻ സഹായകരമാകും. പ്രസരണനഷ്ടം കുറയ്ക്കുന്നതിനൊപ്പം മേഖലയിലെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റാനും പദ്ധതിക്ക് സാധിക്കും.
പ്രദേശത്തിന്റെ വൈദ്യുതിമേഖലയുടെ വികസനത്തിലെ സുപ്രധാന നാഴികക്കല്ലായി സബ്‌സ്റ്റേഷൻ മാറുമെന്ന് കെ.എസ്.ഇ.ബി. ഡെപ്യൂട്ടി ചീഫ് എൻജിനിയർ ബിജു കെ.ഉമ്മൻ അറിയിച്ചു. തിങ്കളാഴ്ച വൈകീട്ട് നാലിനാണ് ഉദ്ഘാടനം.