അവശനിലയിലായ കാട്ടാന മാങ്കുളത്ത് തിരിച്ചെത്തി

വിദഗ്ധചികിത്സ ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചതായി വനംവകുപ്പ്

അടിമാലി : ദേഹത്ത് മാരകമുറിവേറ്റ് അവശനിലയിലായ കാട്ടാന വീണ്ടും മാങ്കുളം ആനക്കുളം ഓരിൽ തിരിച്ചെത്തി. വനംവകുപ്പ് ആവശ്യമായ ചികിത്സ നൽകിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും നടക്കാൻപോലും കഴിയാത്തത്ര ദയനീയ അവസ്ഥയിലാണ് ആനയിപ്പോൾ.

ഭക്ഷണം കഴിക്കാൻ സാധിക്കാത്തതിനാൽ തീർത്തും ശരീരം മെലിഞ്ഞൊട്ടിയ കാട്ടാന ഏതുസമയത്തും വീണുപോകാവുന്ന നിലയിലാണ്. സഹായം അഭ്യർഥിക്കുന്ന മട്ടിൽ പ്രദേശവാസികളുടെ അടുത്തേക്ക് ആന അടുക്കുന്നുണ്ട്. ഞായറാഴ്ച രാവിലെയോടെയാണ് കാട്ടാനയെ വീണ്ടും ജനവാസമേഖലയിൽ കണ്ടെത്തിയത്.

രണ്ടുമാസം മുന്പാണ് കാട്ടാനയുടെ പിൻഭാഗത്ത് ഗുരുതരമായി മുറിവേറ്റതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഒരുമാസം മുൻപ് അവശനിലയിൽ ആനക്കുളത്തും കുറത്തിക്കുടി മേഖലയിലും ആന ചുറ്റിത്തിരിഞ്ഞിരുന്നു. ആ സമയത്ത് വനംവകുപ്പ് ചികിത്സ നൽകാൻ തയ്യാറായെങ്കിലും കാട്ടാനയെ കണ്ടെത്താനായില്ല.

പിന്നീട് അടിമാലി, ആനക്കുളം, കുട്ടമ്പുഴ റെയ്‌ഞ്ച് ഓഫീസർമാരുടെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞ് ഡ്രോൺ ഉപയോഗിച്ച്‌ വനത്തിനുള്ളിൽ പരിശോധന നടത്തിയിരുന്നു.

ഒന്നരയാഴ്ച മുൻപ് കുട്ടമ്പുഴ റെയ്‌ഞ്ച് പരിധിയിലെ ഉൾവനത്തിൽനിന്നാണ് ആനയെ കണ്ടെത്തി ചികിത്സ നൽകിയത്. എന്നാൽ ആനയുടെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതി മുൻപത്തെക്കാൾ വഷളായ നിലയിലാണ്.

വിവരമറിഞ്ഞ് ഞായറാഴ്ച ഉച്ചയോടെ വനപാലകർ സ്ഥലത്തെത്തി ആനയുടെ അവസ്ഥ വിലയിരുത്തി വരുകയാണ്. കാട്ടാനയ്ക്ക് അടിയന്തരമായി വീണ്ടും വിദഗ്ധചികിത്സ ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചതായി വനംവകുപ്പ് അറിയിച്ചു.