‘അങ്ങനെ ആരും പരാതി നൽകേണ്ട...’

ചെറുതോണി : ജില്ലാ പോലീസ് മേധാവിക്ക് നേരിട്ട് പരാതി നൽകാനായി വാഴത്തോപ്പ് പള്ളിത്താഴെ സ്ഥാപിച്ചിരുന്ന പോലീസ് പരാതിപ്പെട്ടി ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. പരാതിപ്പെട്ടി സ്ഥാപിച്ചിരുന്ന കെട്ടിടത്തിന്റെ വരാന്തയിൽ കോൺക്രീറ്റ് സ്ലാബിനടിയിലാണ് ഇത് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്.
കുപ്പികളും മറ്റ് മാലിന്യവും തള്ളുന്ന സ്ഥലത്ത് പെട്ടെന്ന് ആരുടെയും ശ്രദ്ധയിൽപ്പെടാത്ത വിധത്തിലാണ് പരാതിപ്പെട്ടി കിടക്കുന്നത്.
പോലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നൽകാൻ സാധിക്കാത്തവർക്ക് പരാതികൾ സമർപ്പിക്കുന്നതിനായാണ് ടൗണുകളിലും ഗ്രാമങ്ങളിലെ ചെറിയ കവലകളിലുമുള്ള വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പരാതിപ്പെട്ടികൾ സ്ഥാപിച്ചിട്ടുള്ളത്.
അതാത് പോലീസ് സ്റ്റേഷൻ പരിധിയിലെ പരാതിപ്പെട്ടികൾ ആഴ്ചയിലൊരിക്കലെങ്കിലും തുറന്ന് പരാതികൾ ലഭിച്ചിട്ടുണ്ടോയെന്ന് ഉദ്യോഗസ്ഥർ പരിശോധിക്കേണ്ടതുമാണ്.
വാഴത്തോപ്പ് പള്ളിത്താഴെ സ്ഥാപിച്ചിരുന്ന പരാതിപ്പെട്ടി കാണാതായിട്ട് നാളുകളായിട്ടും പോലീസ് അന്വേഷിക്കാതിരുന്നത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ അനാസ്ഥയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പരാതിപ്പെട്ടി സ്ഥാപിച്ചശേഷം ഒരിക്കൽപ്പോലും തുറന്ന് പരിശോധിക്കാത്തവ നിരവധിയുണ്ടെന്നും ആക്ഷേപമുണ്ട്.
രാത്രികാലങ്ങളിൽ മദ്യപസംഘങ്ങൾ ഒത്തുകൂടുന്നതിന് സമീപത്താണ് പരാതിപ്പെട്ടി ഒളിപ്പിച്ചനിലയിൽ കണ്ടെത്തിയതെന്നും നാട്ടുകാർ പറയുന്നു.
പരാതിപ്പെട്ടി എടുത്തുമാറ്റി ഒളിപ്പിച്ചവർക്കെതിരേ നടപടി സ്വീകരിക്കണമെന്നും ജില്ലയിലെ വിവിധസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പരാതിപ്പെട്ടികൾ ആഴ്ചയിലൊരിക്കലെങ്കിലും തുറന്ന് പരിശോധിക്കുന്നതിന് പോലീസ് നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.