തൊമ്മൻകുത്ത് പാലംനിർമാണത്തിലും റോഡ് ഫിറ്റ്നസിലും അനിശ്ചിതത്വം

നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു
തൊമ്മൻകുത്ത് : കണ്ണാടിപ്പുഴയ്ക്ക് കുറുകേയുള്ള പാലത്തിന്റെ നിർമാണ നടപടികൾ നീളുന്നതിലും, നെയ്യശ്ശേരി–തോക്കുമ്പൻ റോഡിന് ഫിറ്റ്നസ് ലഭിക്കാത്തതിലും നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു.
മേഖലയിലെ യാത്രാദുരിതം പരിഹരിക്കാൻ ജനപ്രതിനിധികളും അധികൃതരും അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കരാർ വൈകുന്നു
പാലം നിർമാണത്തിന് മുന്നോടിയായി താത്‌കാലിക പാലം ഒരുക്കേണ്ടതുണ്ട്. പുഴയോരത്തുള്ള തൊമ്മൻകുത്ത് സെയ്ന്റ് തോമസ് പള്ളിയുടെ കപ്പേളയുടെ ഒരുഭാഗം പൊളിച്ചുമാറ്റേണ്ടിവരും. ഇതുമായി ബന്ധപ്പെട്ട് കെ.എസ്.ടി.പി.യും പള്ളി അധികൃതരും തമ്മിൽ കരാർ ഒപ്പിടേണ്ടതുണ്ട്. പള്ളി അധികൃതർ അനുകൂല നിലപാട് സ്വീകരിച്ചിട്ടും കെ.എസ്.ടി.പി.യുടെ ഭാഗത്തുനിന്ന് നടപടികൾ വൈകുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
വിഷയത്തിൽ ചീഫ് വിപ്പ് അപു ജോൺ ജോസഫ് അടിയന്തരമായി ഇടപെട്ട് നിർമാണ നടപടികൾ വേഗത്തിലാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ബസ് സർവീസ് അനിശ്ചിതത്വത്തിൽ
നെയ്യശ്ശേരി–തോക്കുമ്പൻ റോഡിന്റെ ഭാഗമായ തൊമ്മൻകുത്ത് മുതൽ മുണ്ടൻമുടി അച്ചൻകവല വരെയുള്ള നാലര കിലോമീറ്റർ റോഡിന് ഫിറ്റ്നസ് ലഭിക്കാത്തത് യാത്രക്കാരെ വലയ്ക്കുന്നു.
ഇതുമൂലം തൊടുപുഴയിൽനിന്ന് കരിമണ്ണൂർ, തൊമ്മൻകുത്ത്, മുണ്ടൻമുടിവഴി ഹൈറേഞ്ചിലേക്കുള്ള പുതിയ ബസ് സർവീസ് ആരംഭിക്കാനാകാത്തസ്ഥിതിയാണ്.
അതേസമയം, റോഡ് ടേക്ക് ഓവർ നടപടികൾ അവസാനഘട്ടത്തിലാണെന്നും വൈകാതെ ഫിറ്റ്നസ് നൽകാനാകുമെന്നും കെ.എസ്.ടി.പി. അറിയിച്ചു.
ഫിറ്റ്നസ് ആവശ്യപ്പെട്ട് വണ്ണപ്പുറം പഞ്ചായത്ത് നൽകിയ പ്രമേയത്തിന് മറുപടിനൽകിയിട്ടുണ്ടെന്നും മോട്ടോർവാഹനവകുപ്പിന് പരിശോധന നടത്താമെന്ന് അറിയിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തതവരുത്തി.
മോട്ടോർവാഹന വകുപ്പിന്റെ പരിശോധനകൾ പൂർത്തിയാക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് അറയ്ക്കത്തോട്ടവും പഞ്ചായത്ത് അംഗം ജോർജ് അഗസ്റ്റിനും അറിയിച്ചു.