ഗർഭിണികൾക്കും വയോജനങ്ങൾക്കും സൗജന്യ ആയുർവേദ ചികിത്സ

ഇടുക്കി : ഗർഭിണികൾക്കും പ്രസവാനന്തര അമ്മമാർക്കും നവജാത ശിശുക്കൾക്കും സൗജന്യ ആയുർവേദ ചികിത്സ ഉറപ്പാക്കുന്ന മാതൃവന്ദനം പദ്ധതിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്കും വയോജനങ്ങൾക്കായുള്ള പുതിയ വയോനിധി പദ്ധതിക്കും ഇടുക്കി ജില്ലയിൽ തുടക്കമായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീലാ സ്റ്റീഫൻ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ഷൈനി റെജി അധ്യക്ഷത വഹിച്ചു.

ജില്ലാപഞ്ചായത്ത് ഭാരതീയ ചികിത്സാവകുപ്പ് മുഖേന നടപ്പാക്കുന്ന മാതൃവന്ദനം പദ്ധതിയിലൂടെ കഴിഞ്ഞ പത്തുവർഷമായി ജില്ലയിലെ ഗർഭിണികൾക്കും പ്രസവാനന്തര അമ്മമാർക്കും നവജാത ശിശുക്കൾക്കും സൗജന്യ ആയുർവേദ ചികിത്സയും മരുന്നുകളും നൽകിവരുന്നു.

സർക്കാർ ആയുർവേദ സ്ഥാപനങ്ങളിലെ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.പരിപാടിയിൽ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ഷൈനി സജി, ജില്ലാപഞ്ചായത്തംഗം മിനി സാബു, ജില്ലാ മെഡിക്കൽ ഓഫീസർ (ഐ.എസ്.എം.) ഡോ. പി.ആർ. സലിം, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ. സജീവ് എന്നിവർ പ്രസംഗിച്ചു. ഡോ. സൗമിനി സോമനാഥ്, ഡോ. കെ.കെ. ജീന, ഡോ. എ. ആശ, ഡോ. യു.ബി. ഷീജ, ഡോ. ആർ. മീരാദേവി, ഡോ. എൽ. ജ്യോതിലക്ഷ്മി എന്നിവർ പങ്കെടുത്തു.