വാർത്തകളും കഥകളുമൊക്കെ ഒരാൾ സ്ഥിരമായി പറഞ്ഞുതന്നാലോ? ലോകത്തെ അറിയാൻ പോഡ്കാസ്റ്റ് ആപ്പുകൾ

ദിവസവും രാവിലെ ഒരു ചായയോടൊപ്പം പത്രം വായനയും വൈകുന്നേരമുള്ള പുസ്തകവായനയും വർഷങ്ങളായി ജോസഫിന്റെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു. അങ്ങനെയാണ് അദ്ദേഹം പുറംലോകത്തെ അടുത്തറിഞ്ഞിരുന്നത്. എന്നാൽ, പ്രായമായപ്പോഴേക്കും കാഴ്ചശക്തി കുറഞ്ഞുവന്നു. ടി.വി. സ്ക്രീനിലും ഏറെനേരം നോക്കിയിരിക്കാനാകാത്ത അവസ്ഥ. മക്കളോ അയൽക്കാരോ വല്ലപ്പോഴും പറയുന്ന കാര്യങ്ങളിൽ പുറംലോകത്തെക്കുറിച്ചുള്ള അറിവൊതുങ്ങി. ഒറ്റപ്പെട്ട അവസ്ഥയായി.
ഈ അവസ്ഥയിലൂടെ കടന്നുപോകുന്നവരാകും മുതിർന്ന പൗരരിൽ പലരും. മക്കളോ ബന്ധുക്കളോ അടുത്തില്ലെങ്കിൽ ലോകത്ത് എന്തുനടക്കുന്നു എന്നറിയാൻ ഒരു വഴിയുമില്ലാതാകുന്നവർ. എന്നാൽ, ഈ വാർത്തകളും കഥകളും കാര്യങ്ങളുമൊക്കെ ഒരാൾ സ്ഥിരമായി പറഞ്ഞുതന്നാലോ? ഇത്തരമൊരു മാധ്യമമാണ് പോഡ്കാസ്റ്റുകൾ.
എന്താണ് പോഡ്കാസ്റ്റ് ?
റേഡിയോയ്ക്ക് സമാനമാണ് പോഡ്കാസ്റ്റുകൾ. ശരിക്കും പറഞ്ഞാൽ റേഡിയോയുടെ ആധുനിക അനന്തരാവകാശികൾ. മുൻകൂട്ടി റെക്കോർഡ്ചെയ്ത് ഇന്റർനെറ്റുവഴി ലഭ്യമാക്കുന്ന ഓഡിയോ അധിഷ്ഠിത പരിപാടിയാണിത്. കൃത്യമായ സമയക്രമം പാലിക്കുകയോ ഇഷ്ടപ്പെട്ട പരിപാടി കേൾക്കാൻ കാത്തിരിക്കുകയോ വേണ്ട. നിങ്ങൾക്ക് ഇഷ്ടപ്പെട്ടവ, ഇഷ്ടപ്പെട്ട സമയത്ത് കേൾക്കാം. വീണ്ടും കേൾക്കണമെങ്കിൽ അങ്ങനെ. ഭൂരിപക്ഷവും സൗജന്യമായി കേൾക്കാനും സാധിക്കും. മലയാളത്തിലുള്ള പോഡ്കാസ്റ്റുകളും ഇന്ന് ധാരാളമാണ്.
ആപ്പുകളിൽ കയറി മലയാളം പോഡ്കാസ്റ്റ് തിരഞ്ഞാൽ പല വിഷയങ്ങളിലുള്ള പോഡ്കാസ്റ്റുകൾ ലഭ്യമാകും. പ്രധാന വാർത്തകൾ, ചർച്ചകൾ, ആരോഗ്യസംബന്ധമായ വിവരങ്ങൾ, സിനിമ എന്നിവയെക്കുറിച്ച് സംസാരിക്കുന്നവമുതൽ കഥകൾ പറയുകയും പുസ്തകങ്ങൾ വായിച്ചുതരുകയും ചെയ്യുന്ന പോഡ്കാസ്റ്റുകൾവരെയുണ്ട്. മലയാളം ഓഡിയോ ബുക്സ് എന്ന് തിരഞ്ഞാൽ പുസ്തകങ്ങൾ വായിച്ചുതരുന്നതും പുസ്തകം ചുരുക്കി പറഞ്ഞുതരുന്നതുമായ പോഡ്കാസ്റ്റുകൾ ലഭിക്കും.
ഇഷ്ടപ്പെട്ടതെന്താണെന്ന് കണ്ടെത്തുകയാണ്ആദ്യം ചെയ്യേണ്ടത്. മിക്ക പോഡ്കാസ്റ്റുകളും ആഴ്ചയിൽ ഒന്നോ രണ്ടോ എപ്പിസോഡുകൾവീതം പുറത്തുവിടുന്നവയാകും. നോട്ടിഫിക്കേഷൻ ഓണാക്കിെവച്ചാൽ അത് വരുന്നതറിയാം. നമുക്ക് ഇഷ്ടപ്പെട്ട വേഗത്തിൽ കേൾക്കാൻ പ്ലേ ബട്ടണടുത്തുതന്നെ സൗകര്യമുണ്ടാകും.
എന്തുകൊണ്ട് പോഡ്കാസ്റ്റ് ?
വീട്ടുജോലികൾക്കിടയിലോ നടക്കാനിറങ്ങുമ്പോഴോ ഒക്കെ കേൾക്കാം
ഒറ്റപ്പെടലിനും ഏകാന്തതയ്ക്കും ഒരു ഒറ്റമൂലി
മികച്ച മാനസികവ്യായാമം. മനസ്സിനെ സജീവമാക്കുന്നതിലൂടെ ഓർമ്മക്കുറവിൽനിന്നുംമറ്റും സംരക്ഷിക്കുന്നു
മറ്റാരുടെയും സഹായമില്ലാതെ ഉപയോഗിക്കാം
പ്രധാന പോഡ്കാസ്റ്റ് ആപ്പുകൾ
- സ്പോട്ടിഫൈ
- ജിയോ സാവൻ
- ആപ്പിൾ പോഡ്കാസ്റ്റ്
- യുറ്റ്യൂബ് (പോഡ്കാസ്റ്റിന് വേണ്ടിയുള്ളതല്ലെങ്കിലും പ്രധാന പോഡ്കാസ്റ്റ് എപ്പിസോഡുകൾ യുറ്റ്യൂബിൽ ലഭ്യമാകാറുണ്ട്)
Content Highlights: Why Podcasts Are the Ultimate Solution for Loneliness in Seniors