ലഹരി ഉപയോഗം എടുത്തുചാട്ടക്കാരാക്കും, സ്ക്രീനിലെ ചോരക്കാഴ്ച ജീവിതത്തിൽ പകർത്തുമ്പോൾ

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

കൊച്ചി: സാമൂഹികമാധ്യമങ്ങൾ, വീഡിയോ ഗെയിമുകൾ, സിനിമകൾ എന്നിവയിലെ ലക്കില്ലാത്ത അക്രമദൃശ്യങ്ങളും അഡൽറ്റ് ഉള്ളടക്കവും കുട്ടികളിൽ കുറ്റവാസനയും വൈകാരികപ്രശ്നങ്ങളും വർധിപ്പിക്കുന്നതായി പ്രമുഖ മാനസികരോഗവിദഗ്‌ധൻ ഡോ. സി.ജെ. ജോൺ. അശാന്തമായ കുടുംബാന്തരീക്ഷവും മാതാപിതാക്കളുമായി വേണ്ടത്ര ആശയവിനിമയമില്ലാത്തതുമാണ് കുട്ടികളെ ഇത്തരം അക്രമ ബിംബങ്ങളിലേക്ക് കൂടുതൽ ആകർഷിക്കുന്നത്. കുട്ടികൾക്കായി ‘ക്വാളിറ്റി ടൈം’ മാറ്റിവെക്കാൻ മാതാപിതാക്കൾക്ക് സാധിക്കുന്നില്ല. കുട്ടികൾ പ്രശ്നങ്ങളിലേക്കെത്തുമ്പോൾ മാത്രമാണ് കാര്യം മനസ്സിലാകുന്നത്.

പൂർണമാകാത്ത തലച്ചോറിന്റെ വളർച്ചയും വിവേചനശേഷിയും

കൗമാരക്കാരുടെ തലച്ചോറിലെ വികാരങ്ങളെ നിയന്ത്രിക്കാനും ശരിയായ വിവേചനം നൽകാനും സഹായിക്കുന്ന ’പ്രീ ഫ്രോണ്ടൽ കോർട്ടെക്സ് ’ എന്ന ഭാഗം ഏകദേശം 23 വയസ്സോടെ മാത്രമേ പൂർണവളർച്ച പ്രാപിക്കൂ. ചെറിയ പ്രായത്തിലെ ലഹരി ഉപയോഗം ഇവരെ വലിയ എടുത്തുചാട്ടക്കാരാക്കുകയും ആഗ്രഹങ്ങൾക്ക് തടസ്സം നിൽക്കുന്നവരെ ഇല്ലാതാക്കണമെന്ന ചിന്തയിലേക്കുവരെ നയിക്കുകയും ചെയ്തേക്കാം.

അപ്രസക്തമാകുന്ന സർട്ടിഫിക്കേഷൻ

ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളുടെ വരവോടെ ഏതുതരം സിനിമകളും കുട്ടികളുടെ മുന്നിലെത്തുന്നു. മാതാപിതാക്കളുടെ സാന്നിധ്യത്തിൽ നിയന്ത്രണം പാലിച്ചാലും ഈ ദൃശ്യങ്ങൾ സൃഷ്ടിക്കുന്ന ആഘാതങ്ങളെ പ്രോസസ് ചെയ്യാനുള്ള ശേഷി അവരുടെ തലച്ചോറിനില്ല. കുട്ടികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളും ’ചൈൽഡ് ഓൺ ചൈൽഡ്’ ലൈംഗിക അതിക്രമങ്ങളും വർധിക്കുന്നത് ഇത്തരം ദൃശ്യങ്ങളുടെ സ്വാധീനംകൊണ്ടാണ്.

അക്രമം ആദർശവത്‌കരിക്കപ്പെടുന്നു

ഒരു ലക്ഷ്യം നേടാൻവേണ്ടി ചെയ്യുന്ന കുറ്റകൃത്യങ്ങളെല്ലാം ശരിയാണെന്ന തരത്തിലുള്ള പൊതുബോധം മാധ്യമങ്ങളിലൂടെ അറിഞ്ഞോ അറിയാതെയോ സൃഷ്ടിക്കപ്പെടുന്നുണ്ട്. അക്രമങ്ങളെ വാഴ്ത്തിപ്പാടുകയും ചില ക്രൂരതകൾ നേരായ കാര്യങ്ങൾക്ക് വേണ്ടിയാണെന്ന് സമർഥിക്കുകയും ചെയ്യുന്ന കാഴ്ചകളാണ് കുട്ടികൾ നിരന്തരം കാണുന്നത്.

അധ്യാപകരുടെ പിൻവാങ്ങൽ

ശിക്ഷണനടപടി പാടില്ലെന്ന നിർദേശത്തെ തെറ്റായി വ്യാഖ്യാനിച്ച്, അധ്യാപകർ ഉത്തരവാദിത്വത്തിൽനിന്ന് പിൻവാങ്ങുന്നുണ്ട്. ശിക്ഷിക്കുക എന്നതല്ല, മറിച്ച് വേദനിപ്പിക്കാതെ കുട്ടികളുടെ മനസ്സിലേക്ക് കാര്യങ്ങൾ കൃത്യമായി എത്തിച്ച് തിരുത്തിയെടുക്കുകയാണ് വേണ്ടത്. ഈ കാര്യത്തിൽ അധ്യാപകരും മാതാപിതാക്കളും ഒറ്റക്കെട്ടായി നിൽക്കണം.

Content Highlights: Unrestricted violent content and adult material in media increase criminal tendencies in children., The prefrontal cortex, responsible for emotional regulation, fully develops only around age 23, making teens vulnerable to substance abuse., OTT platforms bypass traditional age certifications, exposing children to mature content they cannot process