വെള്ളം, നടത്തം, പ്രോട്ടീൻ; 10 കിലോ കുറയ്ക്കാൻ സഹായിക്കുന്ന ‘ബോറിങ് ശീലങ്ങൾ’ പങ്കുവെച്ച് ട്രെയിനർ

വണ്ണം കുറയ്ക്കാൻ പലവിധ വഴികൾ പരിശ്രമിക്കുന്നവരുണ്ട്. സ്ഥായിയായ ശ്രമത്തിലൂടെ ആരോഗ്യകരമായി വണ്ണം കുറയ്ക്കുന്നതാണ് ഏറ്റവും നല്ലത്. വണ്ണം കുറയ്ക്കുന്നതിലേക്കുള്ള യാത്ര പലപ്പോഴും വിരസവുമായിരിക്കും. അത്തരത്തിൽ വിരസമായ എന്നാൽ, 10 കിലോ ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചില ശീലങ്ങളേക്കുറിച്ച് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഫിറ്റനസ് ട്രെയിനറായ സുനിൽ ഷെട്ടി.
അതിൽ ആദ്യത്തേതായി അദ്ദേഹം പറയുന്നത് ധാരാളം വെള്ളം കുടിക്കുക എന്നതാണ്. വെള്ളം നന്നായി കുടിക്കുന്നതിലൂടെ വിശപ്പിനെ നിയന്ത്രിക്കാൻ കഴിയും. വർക്കൗട്ട് ചെയ്യുന്നത് മെച്ചപ്പെടുകയും ചർമത്തിന്റെ ആരോഗ്യം കാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു. ഒപ്പം 200 സ്ക്വാട്ടുകൾ ചെയ്യുന്നതും ഏറെ ഗുണം ചെയ്യുമെന്ന് സുനിൽ പറയുന്നു. ശരീരത്തിന്റെ കീഴ്ഭാഗത്തിനെ കരുത്താർന്നതാക്കുന്ന വ്യായാമരീതിയാണിത്. ഇത് കാലുകളെ കരുത്താർന്നതാക്കുകയും കലോറി വേഗത്തിൽ എരിച്ചുകളയുകയും ചലനം മെച്ചപ്പെടുത്തുകയും ചെയ്യും.
ശരീരത്തിന്റെ മുകൾഭാഗത്തെ കരുത്താർന്നതാക്കി ഭാരം കുറയ്ക്കാൻ ദിവസവും 100 പുഷ്അപ്പുകൾ ചെയ്യണമെന്നും സുനിൽ പറയുന്നു. ഇതിലൂടെ കൈകളുടെയും നെഞ്ചിന്റെയും ഷോൾഡറുകളുടെയും ആരോഗ്യവും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യവും കാക്കാനാവും. ഇതിനൊപ്പം ഉയർന്ന പ്രോട്ടീൻ ആഹാരരീതിയും ശീലമാക്കണം. ദിവസവും എട്ട് മുട്ടയും 300 ഗ്രാം ചിക്കനുമാണ് കഴിക്കേണ്ടതെന്ന് സുനിൽ പറയുന്നു. പ്രോട്ടീൻ ധാരാളമായുള്ള ആഹാരം കഴിക്കുക വഴി പേശികളുടെ കരുത്ത് കൂട്ടാനും വയറ് എപ്പോഴും നിറഞ്ഞ തോന്നലുണ്ടാക്കാനും കൊഴുപ്പടിയുന്നത് കുറയ്ക്കാനും സഹായിക്കും.
ആഹാരരീതിയിൽ മൊത്തമായും ജങ്ക് ഫുഡുകൾ ഇല്ലാതാക്കുക എന്നതാണ് മറ്റൊന്ന്. ചിപ്സ് പോലുള്ളവ കഴിക്കുന്നത് പൂർണമായും നിർത്തുക. ഇത്തരത്തിലുള്ള സംസ്കരിച്ച ആഹാരപദാർഥങ്ങൾ നിർത്തുകവഴി അമിതമായി കഴിക്കാനുള്ള തോന്നൽ ഇല്ലാതാവുകയും ശരീരത്തിലെ വീക്കം കുറയുകയും വയറ് വീർക്കുന്നത് ഇല്ലാതാവുകയും ചെയ്യുമെന്ന് സുനിൽ പറയുന്നു.
ദഹനപ്രക്രിയ സുഗമമാക്കുന്ന ഇഞ്ചി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും ഗുണംചെയ്യുമെന്ന് സുനിൽ ഷെട്ടി പറയുന്നു. ഇത് ദഹനപ്രക്രിയ സുഗമമാക്കുകയും ശരീരത്തിലെ വീക്കം കുറയ്ക്കുകയും വിശപ്പ് നിയന്ത്രിക്കുകയും ചെയ്യും. ദിവസവും ഒരു മാതളനാരങ്ങ കഴിക്കുന്നതും പ്രധാനമാണ്. ആന്റി ഓക്സിഡന്റുകളാൽ സമൃദ്ധമായ മാതളനാരങ്ങ ഹൃദയാരോഗ്യം കാക്കാനും ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കും.
ബീറ്റ്റൂട്ട് ആഹാരരീതിയിൽ ശീലമാക്കുക എന്നതാണ് മറ്റൊന്ന്. ഇതും രക്തപ്രവാഹത്തെ മെച്ചപ്പെടുത്തുന്നതും മികച്ചരീതിയിൽ വർക്കൗട്ട് ചെയ്യാൻ സഹായിക്കുന്നതുമാണ്. സുരക്ഷിതമായി കലോറി സുരക്ഷിതമായി കുറയ്ക്കുന്നതിൽ നടത്തത്തിന് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറയുന്നു. കൊഴുപ്പ് കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും ദഹനം സുഗമമാക്കാനുമൊക്ക നടത്തം നല്ലതാണ്.
അവസാനത്തേതായി അദ്ദേഹം പറയുന്നത് മെഡിറ്റേഷനുവേണ്ടി സമയം നീക്കിവെക്കണമെന്നതാണ്. ഇതിലൂടെ സമ്മർദം കുയ്ക്കാനും നല്ല ഹോർമോണുകൾ ഉത്പാദിപ്പിക്കാനും ഉറക്കം സുഗമമാക്കാനും ഇമോഷണൽ ഈറ്റിങ് കുറയ്ക്കാനും കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Content Highlights: Lose 10kg Fast: 7 Boring Habits That Actually Transform Your Body