ഭക്ഷണസമയത്ത് ഫോൺ വേണ്ട, നോട്ടിഫിക്കേഷൻ ഓഫ് ചെയ്യാം; സ്ക്രീൻ ലൈഫിൽനിന്ന് ബ്രേക്കെടുക്കാനുള്ള ടിപ്സ്

#ബെറിൽ തെരേസ ബാബു
Representative Image| Photo: Canva.com
Representative Image| Photo: Canva.com

കൊച്ചി: സ്‌ക്രീൻ ലൈഫിൽനിന്ന് റിയൽ ലൈഫിലേക്കുള്ള ട്രാൻസിഷനിലാണ് ജെൻ സീകൾ. രാവിലെ ഉണരുമ്പോൾ മുതൽ രാത്രി ഉറങ്ങുന്നതിന് മുൻപ്‌ വരെ സ്‌ക്രീനിനുള്ളിൽ ജീവിച്ചു തീർക്കുന്നവരാണ് പലരും. ഡിജിറ്റൽ ലോകത്തുനിന്നൊരു ബ്രേക്ക് എടുക്കുകയാണ് പുത്തൻ തലമുറ. സ്‌ക്രീൻ ടൈം കുറച്ച് മറ്റു കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്ന ബാലൻസ്ഡ് ലൈഫ് എന്ന ലക്ഷ്യത്തോടെ ഡിജിറ്റൽ ഡിടോക്സിങ് ആണ് ഇപ്പോൾ ട്രെൻഡിങ്.

പൂർണമായ ഒഴിവാക്കലല്ല

നമ്മളറിയാതെതന്നെ ദിവസത്തിന്റെ ഭൂരിഭാഗവും നമ്മുടെ ഫോൺ അപഹരിക്കുന്നുണ്ട്. സ്ട്രെസ്‌ കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും ക്രിയാത്മകതയും ശ്രദ്ധയും കൂട്ടാനും സുദൃഢമായ ബന്ധങ്ങൾ ഉണ്ടാക്കാനും ഡിജിറ്റൽ ഡിടോക്സിങ് വഴി സാധിക്കും. ഡിടോക്സിങ് എന്നാൽ പൂർണമായ നിർത്തിെവയ്ക്കൽ അല്ല.

സ്‌ക്രീൻ ടൈം അറിയാം

ഡിടോക്സിങ്ങിന് തയ്യാറെടുക്കുന്നതിന് മുൻപുള്ള ആദ്യത്തെ ഘട്ടം നിങ്ങളുടെ സ്‌ക്രീൻ ടൈം അറിയുക എന്നതാണ്. എങ്ങനെ കണ്ടെത്താം? ആൻഡ്രോയ്ഡ് ഫോണിൽ സെറ്റിങ്സിൽ ഡിജിറ്റൽ വെൽബീയിങ്ങിൽ ക്ലിക്ക് ചെയ്താൽ ഓരോ ദിവസത്തെയും സ്‌ക്രീൻ ടൈം അറിയാം. ദിവസവും എത്ര മണിക്കൂർ വീതം ഓരോ ആപ്പിലും ചെലവഴിക്കുന്നുവെന്നും അറിയാൻ സാധിക്കും. സ്‌ക്രീൻ ടൈം കുറയ്ക്കുകയാണ് അടുത്ത സ്റ്റെപ്പ്.

നോട്ടിഫിക്കേഷനുകൾ വേണ്ട

’സ്‌ക്രീൻ ഫ്രീ’ സമയങ്ങൾ നിശ്ചയിക്കുക: രാവിലെ എഴുന്നേൽക്കുന്ന ആദ്യത്തെ ഒരു മണിക്കൂറും രാത്രി ഉറങ്ങുന്നതിന് മുൻപുള്ള ഒരു മണിക്കൂറും ഫോൺ തൊടില്ല എന്ന് തീരുമാനിക്കുക. നോട്ടിഫിക്കേഷനുകൾ ഓഫ് ചെയ്യുക: വാട്സാപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ ആപ്പുകളുടെ അനാവശ്യ നോട്ടിഫിക്കേഷനുകൾ മ്യൂട്ട് ചെയ്തുവെക്കുക. ഫോൺ ശബ്ദിക്കുമ്പോഴെല്ലാം എടുത്തുനോക്കുന്ന ശീലം ഇത് മാറ്റും.

ഭക്ഷണസമയത്ത് ഫോൺ വേണ്ട

ഡൈനിങ് ടേബിളിൽ ഫോൺ പൂർണമായും നിരോധിക്കുക. ഭക്ഷണത്തിന്റെ രുചിയറിഞ്ഞ്, കൂടെയുള്ളവരോട് സംസാരിച്ച് കഴിക്കുക.

ഫോക്കസ് മാറ്റാം

കുട്ടിക്കാലത്ത് ഞാൻ അതു ചെയ്യുമായിരുന്നു, ഇത് ചെയ്യുമായിരുന്നെന്ന് തെല്ല് ഗർവോടെ പറഞ്ഞിരുന്ന പലരും അതൊക്കെ ഒരു കാലം എന്ന് നെടുവീർപ്പിടാറുണ്ട്. എന്നാൽ, അതൊക്കെ ഈ കാലത്തും ചെയ്യാം. ഫോക്കസ് മാറ്റാം, പഴയ ഹോബീസിലേക്ക്‌ തിരിച്ചുപോകാം. പുതിയവ കണ്ടെത്താം.

വായിക്കൂ വളരൂ

വായനയുടെ ലോകത്തേക്ക് ഇൻ ആയാൽ പിന്നെ ഫുൾ ത്രില്ലാണ്. അറിവിനോടൊപ്പം നമുക്ക് ഇഷ്ടമുള്ള ലോകത്തേക്കുള്ള വാതിൽ കൂടിയാണ് പുസ്തകങ്ങൾ. വിലയ്ക്ക്‌ വാങ്ങുകയോ ലൈബ്രറികളിൽ മെംബർഷിപ്പുകളോ എടുക്കാം. വായിച്ച പുസ്തകങ്ങളുടെ ചെറുകുറിപ്പും എഴുതാം.

ക്ലേ മുതൽ പെയിന്റിങ് വരെ

പോട്ടറി വർക്ക്ഷോപ്പുകളിൽ പങ്കെടുക്കാം, പെയിന്റിങ്ങും കുത്തിവരകളും ആകാം. ക്രാഫ്റ്റും സ്‌ക്രാപ്പ് ബുക്കും പരീക്ഷിക്കാം.

യാത്രചെയ്യൂ, സന്തോഷിക്കൂ

പുതിയ മനുഷ്യരും പുതിയ ലോകവും എക്സ്പ്ലോർ ചെയ്യൂ. സ്ഥലങ്ങൾ, മലകൾ, കുന്നുകൾ, പുഴകൾ പ്രകൃതി നമുക്കായി ഒരുക്കിവെച്ച ദൃശ്യവിരുന്നാസ്വദിക്കൂ.

കുട്ടികളെ സൂക്ഷിക്കുക

മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് അവരുടെ ഫോൺ തട്ടിയെടുക്കുന്ന കുട്ടികളിൽ പ്രത്യേക ശ്രദ്ധ വേണം. ഭക്ഷണസമയത്ത് സ്‌ക്രീൻ ടൈം ഒഴിവാക്കുക. ഗെയിം അഡിക്ഷനുകളിൽനിന്ന് കുട്ടികളെ വിമുക്തരാക്കുക. സ്‌ക്രീൻ ടൈം എത്രയാണെന്ന് കൃത്യമായി വിലയിരുത്തുക. മറ്റ് ആക്ടിവിറ്റികളിൽ അവരെ ഉൾപ്പെടുത്താൻ ശ്രമിക്കുക.

Content Highlights: Understanding screen time through digital wellbeing settings, Implementing screen-free hours during mornings and nights, Managing notifications to reduce phone dependency, Encouraging hobbies like reading, pottery, and painting