കുട്ടികളിൽ കൂടിവരുന്ന അക്രമവാസനയും ആസക്തിയും; എങ്ങനെ ശരിയായി വളർത്താം?

കൗമാരപ്രായക്കാരും അതിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങളും വളരെയേറെ അക്രമാസക്തരായും പല തരത്തിലുള്ള ആസക്തിയുള്ളവർ ആയും ഇന്നത്തെ മാദ്ധ്യമങ്ങൾ ശ്രദ്ധിച്ചാൽ കാണാൻ കഴിയും. കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ടു വർഷക്കാലം കുട്ടികൾ ഒറ്റപ്പെട്ടു വീടിനുള്ളിൽ കഴിയേണ്ട സാഹചര്യമുണ്ടായിരുന്നു. ഈ സാഹചര്യം കുട്ടികളിൽ അക്രമവാസനയും ആസക്തിയും കൂട്ടിയതായി മനസ്സിലാക്കാം.
ഇപ്പോഴത്തെ രക്ഷിതാക്കൾക്ക് കുട്ടികളെ ഏത് രീതിയിൽ വളർത്തണം എന്നതിനെ പറ്റി വ്യക്തമായ ധാരണ ഇല്ല എന്നതാണ് കുട്ടികളുടെ വികാസവുമായി ബന്ധപ്പെട്ട് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. ജനസംഖ്യാ ശാസ്ത്രം പരിശോധിച്ചാൽ 1980 മുതൽ 1997 വരെയുള്ള കാലഘട്ടത്തിലെ കുട്ടികളെ 'മില്ലേനിയൽസ്' എന്നാണ് പരാമർശിക്കുന്നത്. 1997ന് ശേഷം ജനിച്ച കുട്ടികളെ 'പോസ്റ്റ് മില്ലേനിയൽസ്' എന്നും പറയുന്നു.
ഈ രണ്ട് കാലഘട്ടത്തിൽ ജനിച്ചു വളർന്ന കുട്ടികളെ താരതമ്യം ചെയ്യുകയാണെങ്കിൽ വളരെയേറെ വ്യത്യാസം കാണാൻ സാധിക്കും. മില്ലേനിയൽസ് കുട്ടികളിൽ വ്യക്തിത്വം, അച്ചടക്കം, സ്വഭാവ രൂപീകരണം എന്നിവ വളർത്താൻ അവരുടെ കുടുംബങ്ങൾ ഏറെ പ്രാധാന്യം കൊടുക്കുകയും പിന്തുണ നൽകുകയും ചെയ്തിരുന്നു. അതായത് അവരുടെ ധാർമിക ജീവിതം എങ്ങിനെ നയിക്കണം എന്നത് തങ്ങളുടെ കുടുംബത്തിൽ നിന്നു പഠിച്ചതായി മനസ്സിലാക്കാൻ കഴിയും. അതുപോലെതന്നെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും സാമ്പത്തിക ഭദ്രതയ്ക്കും വേണ്ടിയുള്ള കാര്യങ്ങളും ചെയ്തിരുന്നു.
എന്നാൽ പോസ്റ്റ് മില്ലേനിയൽസിന്റെ കാര്യമെടുക്കുമ്പോൾ, കുട്ടികളുടെ വിദ്യാഭ്യാസത്തിനും സാമ്പത്തിക ഭദ്രതയ്ക്കുമാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. കുട്ടികളുടെ ജീവിത മൂല്യങ്ങൾ വളർത്തുന്നതിനുള്ള പ്രാധാന്യം കുറഞ്ഞു വരുന്നതായും കാണാൻ കഴിയും. 'മാർഗ്ഗമല്ല ലക്ഷ്യമാണ് പ്രധാനം' എന്നുള്ള ചിന്ത കുട്ടികളുടെ ഉള്ളിൽ ഉണ്ടാകുന്നതായി കാണുന്നു. യഥാർത്ഥത്തിൽ ജീവിതത്തിൽ വിജയിക്കുക എന്നതിലുപരി നന്മയുള്ള ഒരു വ്യക്തി ആവുക എന്നതിലാണ് രക്ഷാകർതൃത്വം ഊന്നൽ നൽകേണ്ടത്. ഈ കാലഘട്ടത്തിൽ കുട്ടികളെ എങ്ങനെ ശരിയായ രീതിയിൽ വളർത്തണം എന്നതിനെ ആസ്പദമാക്കി 7 തത്വങ്ങളാണുള്ളത്:-
1. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനു ഏറ്റവും അനുയോജ്യമായത് 2 - 4 വയസ്സ് വരെയുള്ള പ്രായമാണ്.
ഈ പ്രായത്തിൽ ഏതു രീതിയിൽ കുട്ടികളെ വളർത്തുന്നു എന്നതിനെ ആശ്രയിച്ചാണ് അവരുടെ ജീവിതമുടനീളമുള്ള സ്വഭാവം. നാലു വയസ്സിനു ശേഷം കുട്ടികൾ കാണിക്കുന്ന സ്വഭാവ ദൂഷ്യങ്ങൾ മാറ്റിയെടുക്കുക എന്നത് ഏതാണ്ട് അസാധ്യമായിട്ടാണ് കണക്കാക്കുന്നത്.
2. കുട്ടികൾ കാണിക്കുന്ന വാശി ഒരു രീതിയിലും അംഗീകരിക്കാൻ പാടില്ല.
എന്തു പറഞ്ഞാലും സമ്മതിച്ചു കൊടുക്കുന്ന അല്ലെങ്കിൽ മേടിച്ചു കൊടുക്കുന്ന തെറ്റായ രക്ഷാകർതൃത്വം ആണ് നമുക്ക് ചുറ്റും ഇപ്പോൾ കാണുന്നത്. 'നോ' എന്ന് പറയേണ്ട സാഹചര്യത്തിൽ അത് പറയുകയും ആ ശീലം കുട്ടികളിൽ വളർത്തേണ്ടതും അനിവാര്യമാണ്. യഥാർത്ഥ ജീവിതത്തിൽ എല്ലാ കാര്യങ്ങളും സാധിക്കണമെന്നില്ല അല്ലെങ്കിൽ ലഭിക്കണമെന്നില്ല. അങ്ങനെ ഒരു സാഹചര്യം വരുമ്പോൾ 'തോൽവി'യെ നേരിടാൻ കഴിയാതിരിക്കുകയും അവരുടെ ആക്രമണ സ്വഭാവവും ദേഷ്യവും ആത്മഹത്യാ പ്രവണതയും ഉണ്ടാകാൻ സാധ്യതയുണ്ട്. 'നോ' പറയുമ്പോൾ കുട്ടികൾ കൂടുതൽ വാശി കാണിച്ചാൽ അത് വക വയ്ക്കാത്ത രീതിയിലുള്ള നിലപാട് സ്വീകരിക്കുകയാണെങ്കിൽ അത് കുട്ടികളുടെ സ്വഭാവ രൂപീകരണത്തിന് സഹായിക്കുന്ന ഒരു പ്രധാന ഘടകമാകുന്നു.
3. കുട്ടികളെ സംബന്ധിച്ചെടുത്തോളം 'Needs'ഉം ഉണ്ട് 'Wants'ഉം ഉണ്ട്
'Needs' 100% സാധിച്ചു കൊടുക്കാം, എന്നാൽ 'Wants' 25% മാത്രമേ സാധിച്ചു കൊടുക്കാൻ പാടുള്ളൂ. അതായത് 'പാൽ' എന്നത് കുട്ടികളെ സംബന്ധിച്ച് 'Needs' എന്ന വിഭാഗത്തിലാണ്. 'ഐസ്‌ക്രീം' എന്നത് 'Wants' എന്ന വിഭാഗത്തിലും. അപ്പോൾ 'പാൽ' എന്ന ആവശ്യം 100% സാധിച്ചു കൊടുക്കാം. 'ഐസ്‌ക്രീം' എന്നത് കുട്ടികൾ നാല് പ്രാവശ്യം ചോദിക്കുമ്പോൾ ഒരു പ്രാവശ്യം മാത്രമേ മേടിച്ചു കൊടുക്കാൻ പാടുള്ളൂ. ഇതുമൂലം കുട്ടികൾ അച്ചടക്കവും ആത്മനിയന്ത്രണവും വളരെ നല്ല രീതിയിൽ പഠിക്കുന്നു. അപ്പോൾ 'Needs'ഉം 'Wants'ഉം രക്ഷകർത്താക്കൾ തിരിച്ചറിഞ്ഞ് അതിനനുസരിച്ച് അവരോട് പ്രതികരിക്കേണ്ടത് അനിവാര്യമാണ്.
4. കുട്ടികളെ വീട്ടിലെ ജോലികൾ ചെയ്ത് ശീലിപ്പിക്കുക.
പാചകം, വൃത്തിയാക്കൽ, പൂന്തോട്ട പരിപാലനം, ചെറിയ രീതിയിലുള്ള കൃഷി, എന്നിങ്ങനെ വീട്ടിൽ നമ്മൾ ചെയ്യുന്ന ജോലികളിൽ അവരെയും ഉൾപ്പെടുത്തുന്നതിലൂടെ നല്ല രീതിയിലുള്ള സ്വഭാവരൂപീകരണത്തിന് വഴിയൊരുക്കുകയും അവരുടെ ജീവിതത്തെ നല്ലരീതിയിൽ സ്വാധീനിക്കുകയും ചെയ്യുന്നു. പഠിക്കുക എന്നതിലേറെ പ്രാധാന്യമുള്ള കാര്യമാണ് സ്വഭാവ രൂപീകരണം.
5. സത്യസന്ധരായ രക്ഷിതാക്കൾ ആവുക.
യാതൊരു കാരണവശാലും നേരിട്ടോ അല്ലാതെയോ സത്യസന്ധതയ്ക്ക് വിരുദ്ധമായിട്ടുള്ള ഒരു പ്രവർത്തിയെ വാക്കോ കുട്ടികളുടെ മുന്നിൽ വച്ച് ഉണ്ടാകുവാൻ ഇടയാകരുത്. അത് അവരിൽ തെറ്റായ ഒരു സന്ദേശം എത്തുന്നതിനും തെറ്റായ ഒരു ജീവിതത്തിലേക്ക് പോകുന്നതിനും വഴിയൊരുക്കുന്നു. അതിനാൽ മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് ഒരു മാതൃകയാകാൻ ശ്രമിക്കുക.
6. 'കഷ്ടപ്പാടുകൾ', 'തിന്മ', 'മരണം' എന്നിവ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ് എന്ന് കുട്ടികളെ ബോധ്യപ്പെടുത്തുക
ഇവയൊക്കെ നമ്മുടെ ജീവിതത്തിൽ ഏതു സാഹചര്യത്തിൽ വേണമെങ്കിലും കടന്നുവരാം എന്നത് കുട്ടികളെ പറഞ്ഞ് മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. അത് അവരെ ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളെ ധൈര്യപൂർവ്വം നേരിടാൻ സഹായിക്കുന്നു.
7. ലക്ഷ്യത്തെ പോലെ മാർഗ്ഗവും പ്രധാനമാണെന്ന് കുട്ടികളെ ബോധിപ്പിക്കുക.
ഒരു പരീക്ഷയ്ക്ക് നല്ല മാർക്ക് വാങ്ങുന്നതിലുപരി അത് കുട്ടികൾ പഠിച്ച് നേടിയതാണോ അല്ലെങ്കിൽ തെറ്റായ രീതിയിൽ മറ്റുള്ളവരുടെ നോക്കി എഴുതി നേടിയതാണോ എന്നത് മനസ്സിലാക്കി ആ രണ്ട് രീതികളിലും ഒളിഞ്ഞിരിക്കുന്ന ധാർമ്മിക മൂല്യങ്ങൾ അവരെ വേർതിരിച്ച് മനസ്സിലാക്കാൻ സഹായിക്കുക. ഇത് അവരുടെ സ്വഭാവ രൂപീകരണത്തിനും നന്മയുള്ള ജീവിതം നയിക്കുവാനുമുള്ള ഒരു പ്രോത്സാഹനമാണ് എന്നത് ഓരോ രക്ഷിതാവും തിരിച്ചറിയുക.
ഈ ഏഴ് തത്വങ്ങൾ പാലിക്കുന്നതിലൂടെ ഒരു കുട്ടിയുടെ സ്വഭാവ രൂപീകരണം മാത്രമല്ല, ഒരു മാതൃക തലമുറ കൂടി ഉടലെടുക്കുകയാണ് എന്നത് നാം ഓർക്കുക.
പട്ടം എസ്.യു.ടി ഹോസ്പിറ്റലിലെ കൺസൽട്ടന്റ് സൈക്കോളജിസ്റ്റ് ആണ് ലേഖകൻ
Content Highlights: tips for effective parenting, ways to improve parenting skills