ഹെൽത്തിയാവാൻ ഭക്ഷണനിയന്ത്രണം മാത്രം പോരാ, അരമണിക്കൂറിൽ അഞ്ചുമിനിറ്റെങ്കിലും നടക്കണം

കൊച്ചി: ലോകമാകെ കോവിഡ് വൈറസും മലിനീകരണവും പുതിയ രോഗാണുക്കളും എല്ലാമായി പൊരുതുന്ന സമയമാണിത്. ഈ സാഹചര്യത്തിലാണ് ഈവർഷത്തെ ലോക ആരോഗ്യദിനം എത്തുന്നത്. ഈ വർഷത്തെ ലോക ആരോഗ്യദിനത്തിന്റെ സന്ദേശം ‘നമ്മുടെ ഗ്രഹം, നമ്മുടെ ആരോഗ്യം’ എന്നതാണ്.
‘പകർച്ചവ്യാധികൾ, മലിനീകരണം, കാൻസർ, ആസ്ത്മ, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾക്കിടയിൽ, മനുഷ്യനെയും മുഴുവൻ ഭൂമിയെയും ആരോഗ്യകരമാക്കാനും സമൂഹത്തെ കേന്ദ്രീകരിക്കാനും ആവശ്യമായ പ്രവർത്തനങ്ങളിൽ ലോകാരോഗ്യ സംഘടന ഉടനടി ആഗോളശ്രദ്ധ കേന്ദ്രീകരിക്കും. നല്ല ആരോഗ്യം സൃഷ്ടിക്കാൻ ഒരു പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കും.’ എന്ന സന്ദേശമാണ് ലോകാരോഗ്യ സംഘടന ഈവർഷം മുന്നോട്ട വെക്കുന്നത്.
ഭക്ഷണനിയന്ത്രണം മാത്രം പോരാ...
ഭക്ഷണവും വ്യായാമവും ഒരുമിച്ചു കൊണ്ടുപോയി വേണം ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കാൻ. ആഴ്ചയിൽ അഞ്ചുദിവസം അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. പലരും വർക് ഫ്രം ഹോം ഇപ്പോഴും തുടരുന്നതിനാൽ അധികസമയം ഒരുപോലെ ഇരിക്കാതെ അരമണിക്കൂർ കൂടുമ്പോഴെങ്കിലും മുറിയിൽ കുറഞ്ഞത് അഞ്ചുമിനിറ്റെങ്കിലും നടക്കണം. അധികസമയം ഇരിക്കുന്നത്, പുകവലിയുടെ അത്ര തന്നെ ദോഷം ചെയ്യുമെന്നാണ് കണക്കാക്കുന്നത്. പ്രതിദിനം കുറഞ്ഞത് മൂന്നുലിറ്റർ വെള്ളമെങ്കിലും കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം, മോരുവെള്ളം, കരിക്കിൻവെള്ളം, സൂപ്പ് എന്നിവ ഇതിനായി ഉപയോഗിക്കാം. ജ്യൂസ് ഇതിൽപ്പെടില്ല.
വിവരങ്ങൾക്ക് കടപ്പാട്
സൂസൻ ഇട്ടി, ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റ്, ആസ്റ്റർ മെഡ്സിറ്റ്
തിരിച്ചു കൊണ്ടുവരാം മാരത്തണും റെയ്‌സുകളും
വിവിധ തരത്തിലും വിഭാഗത്തിലുമുള്ള ഒട്ടേറെ മാരത്തണുകൾക്കാണ് കോവിഡ്കാലത്തിനു മുമ്പ് സാക്ഷ്യംവഹിച്ചിരുന്നത്. സൈക്കിൾ റെയ്‌സുകളും നടത്തവുമെല്ലാമായി സജീവമായിരുന്നു കൊച്ചിയിലെ ആരോഗ്യസംരക്ഷണ മേഖല. വ്യത്യസ്ത ആശയങ്ങൾക്കും ബോധവത്കരണങ്ങൾക്കും വേണ്ടിയാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തിയിരുന്നതെങ്കിലും 10,000 പേർവരെ പങ്കെടുത്തിരുന്ന മാരത്തണുകൾ നമ്മുടെ കൊച്ചിയിൽ നടത്തിയിരുന്നു. ഇവയെല്ലാം പങ്കെടുക്കുന്നവരുടെ ആരോഗ്യത്തിനും ഗുണംചെയ്തിരുന്നു. സൈക്കിൾ റെയ്‌സും വ്യത്യസ്ത ക്ലബ്ബുകൾ വഴി നടന്നിരുന്ന, ആഴ്ചയിലൊരിക്കല്ലെങ്കിലുമുള്ള സൈക്കിൾ സവാരികളും താത്കാലികമായെങ്കിലും നിലച്ചിരുന്നു. ഇവയെല്ലാം ചെറിയരീതിയിൽ പുനരാരംഭിച്ചിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ മുന്നോട്ടുവെച്ച ആരോഗ്യശ്രദ്ധയും പരിപാലനവും വീണ്ടും ജനങ്ങളിലേക്ക് എത്തേണ്ടതുണ്ട്.
തുടങ്ങാം നല്ല ശീലങ്ങൾ
കോവിഡ്-ലോക്‌ഡൗൺ കാലത്തിനുശേഷം ശരീരഭാരം കൂടിയത് പലരെയും അലട്ടുന്നുണ്ട്. ‘വർക്ക് ഫ്രം ഹോം’ ഇതിന് ഒരു കാരണമായി. വ്യായാമം ഇല്ലാത്തതും ഭക്ഷണം കൂടുതലായി കഴിക്കുന്നതുമാണ് ഇതിനു കാരണം. നഗരത്തിലുള്ളവർ ‘ജങ്ക് ഫുഡ്ഡു’കൾ ഓർഡർ ചെയ്യുന്ന പ്രവണതയും ഈസമയത്താണ് കൂടുതലായത്. ഇതുമൂലം കൊളസ്‌ട്രോൾ, ഫാറ്റി ലിവർ, പ്രമേഹം, പ്രീ-ഡയബെറ്റിക്സ്, രക്താതിസമ്മർദം തുടങ്ങി വിവിധ അവസ്ഥകൾ യുവാക്കളിൽവരെ കണ്ടുവരുന്നുണ്ടെന്ന് കൊച്ചി അമൃത ആശുപത്രിയിലെ ഇൻഫെക്‌ഷ്യസ് ഡിസീസ് വിഭാഗത്തിലെ ഡോ. ടി.എസ്. ദിപു പറഞ്ഞു. കൊച്ചിയിൽ ഫാസ്റ്റ് ഫുഡ് സംസ്കാരം വളരെ വേഗമാണ് വളരുന്നത്. ഭക്ഷണത്തോടൊപ്പംതന്നെ ഡയറ്റും വ്യായാമവും ഒരുമിച്ചു കൊണ്ടുപോയാൽ മാത്രമേ ആരോഗ്യകരമായ ജീവിതം നയിക്കാനാകൂ. ജീവിതചര്യയിലെ മാറ്റമാണ് ഇതിന് ആദ്യമായി വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: world health day, weight loss, healthy lifestyle tips