രോഗങ്ങൾ പ്രതിരോധിക്കാനും നിയന്ത്രിക്കാനും ഏകാരോഗ്യ സമീപനം എന്നുവരും?

#രൺജിത്ത് ചാത്തോത്ത്‌
Representative Image | Photo: Gettyimages.in
Representative Image | Photo: Gettyimages.in

കണ്ണൂർ: കേരളത്തിൽ പുതുതായി എത്തുന്ന പകർച്ചവ്യാധികൾക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. അതിൽ 90 ശതമാനവും ജന്തുജന്യ രോഗങ്ങളാണ്. ജന്തുക്കളിൽനിന്ന് നേരിട്ടോ ഇടനിലക്കാർ വഴിയോ മനുഷ്യരിലെത്തുന്ന രോഗങ്ങൾ.

കഴിഞ്ഞ രണ്ടുരണ്ടരപതിറ്റാണ്ടിനിടെ വന്ന ജപ്പാൻ ജ്വരം, പക്ഷിപ്പനി, നിപ, എലിപ്പനി, കുരങ്ങുപനി (കെ.എഫ്.ഡി.), പന്നിപ്പനി... എന്നിങ്ങനെ പലതും. പഴയ രോഗങ്ങൾ പലതും തുടച്ചുനീക്കാനായിട്ടില്ല. അതിനിടെയാണ് പുതിയ രോഗങ്ങൾ അതിർത്തി കടന്നെത്തുന്നത്.

പ്രകൃതിയുടെ സന്തുലിതാവസ്ഥയും പരിസ്ഥിതിയും മനുഷ്യന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട്‌ കിടക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടന മുന്നോട്ടുവെക്കുന്ന ആശയം. കേരളത്തിലെ നിലവിലെ സ്ഥിതി ഈ സാഹചര്യത്തിലാണ് വിലയിരുത്തേണ്ടത്. പകർച്ചവ്യാധികൾ വരുമ്പോൾ മൂന്ന് ഘടകങ്ങളാണ് പരിശോധിക്കേണ്ടത്. രോഗാണു, രോഗി, പരിസ്ഥിതി എന്നിവ. എപ്പിഡമിയോളജിക്കൽ ട്രയാഡ് എന്നാണിത് അറിയപ്പെടുന്നത്. ഇതിൽ നമ്മുടെ ശ്രദ്ധ എപ്പോഴും ആദ്യത്തെ രണ്ടുകാര്യത്തിൽ മാത്രം ഒതുങ്ങുകയാണ്. പരിസ്ഥിതി എന്ന ഘടകത്തെ എപ്പോഴും വിസ്മരിക്കുന്നു.

കാലാവസ്ഥയിലും പരിസ്ഥിതിയിലുമുണ്ടായ വ്യതിയാനമാണ് ലോകത്ത് വവ്വാലുകളിൽ നിന്ന്‌ നിപ ആദ്യമായി മനുഷ്യനിലെത്താൻ കാരണമെന്ന് ശാസ്ത്രീയ നിരീക്ഷണമുണ്ട്. പകർച്ചവ്യാധികളെക്കുറിച്ചുള്ള പഠനം ആരോഗ്യവകുപ്പുമാത്രം ചെയ്യേണ്ടതല്ല. ഇതിനായി വിവിധ വകുപ്പുകൾ ഒരുകുടക്കീഴിൽ വരണം. ആരോഗ്യം, പരിസ്ഥിതി, മൃഗസംരക്ഷണം, കൃഷി, വനം തുടങ്ങിയ വകുപ്പുകളുടെ ഏകോപനം വേണം. അതാണ് ഏകാരോഗ്യ സംവിധാനത്തിന്റെ പ്രാധാന്യവും പ്രസക്തിയും. പഠനങ്ങൾക്കും നിരന്തര നിരീക്ഷണത്തിനും സ്ഥിരംസംവിധാനം ഉണ്ടാകണം. നമുക്കത് ഇല്ല. അതിനുള്ള തയ്യാറെടുപ്പോ ആസൂത്രണമോ ഇല്ലെന്നതാണ് വസ്തുത.

തിരുവനന്തപുരത്തെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടോ മെഡിക്കൽ അല്ലെങ്കിൽ വെറ്ററിനറി യൂണിവേഴ്സിറ്റിയോ കേന്ദ്രീകരിച്ച് ഒരു സ്ഥിരം സംവിധാനം-വൺ ഹെൽത്ത് ഡിവിഷൻ വന്നേ തീരൂ.

വൺ ഹെൽത്ത് എന്ന ആശയം

മനുഷ്യന്റെ ആരോഗ്യം ജീവജാലങ്ങളുടെ ആരോഗ്യവുമായും ഇവയെല്ലാം പങ്കിടുന്ന പരിസ്ഥിതിയുമായും ബന്ധപ്പെട്ടതാണ് എന്നാണ് വൺ ഹെൽത്ത് -ഏകാരോഗ്യ സമീപനം എന്ന ആശയത്തിന്റെ അടിസ്ഥാനം. രോഗങ്ങൾ പ്രതിരോധിക്കാൻ, കണ്ടെത്താൻ, നിയന്ത്രിക്കാൻ, തുടച്ചുനീക്കാൻ ഈ സമീപനം സഹായിക്കും.

ഇരട്ടഭീഷണി

ആരോഗ്യരംഗത്ത് ഇരട്ടഭീഷണിയാണ് കുറച്ചുകാലമായി കേരളം നേരിടുന്നത്. പകർച്ചവ്യാധികൾ ഉയർത്തുന്ന വെല്ലുവിളിയാണ് ഒന്ന്. ഇതോടൊപ്പം പകർച്ച ഇതര രോഗങ്ങൾ വലിയ തോതിൽ കൂടുകയും ചെയ്യുന്നു. ആസ്ത്മ, സി.ഒ.പി.ഡി. പോലുള്ള ശ്വാസകോശ രോഗങ്ങൾ വർധിച്ചുവരുന്നതിന് അന്തരീക്ഷ മലിനീകരണവും വലിയ പങ്കുവഹിക്കുന്നുണ്ട്.

Content Highlights: world health day, healthy lifestyle, one health approach