അർബുദംമുതൽ ക്ഷയംവരെ; ആളെക്കൊല്ലി വിറകടുപ്പിന് ബദൽവേണമെന്ന് ഡബ്ള്യു.എച്ച്.ഒ.

Representative Image| Photo: Canva.com
Representative Image| Photo: Canva.com

ന്യൂഡൽഹി: വിറക്, കാർഷികാവശിഷ്ടങ്ങൾ, കൽക്കരി, ചാണകവറളി തുടങ്ങിയവ കത്തിച്ചുള്ള പാചകം ആളെക്കൊല്ലിയെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന (ഡബ്ള്യു.എച്ച്.ഒ.). ഇത്തരം ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള പാചകം ഗാർഹികമലിനീകരണത്തിനും ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നതിനാൽ പാചകത്തിന് ബദൽസംവിധാനങ്ങൾ കണ്ടെത്തണമെന്ന് രാജ്യങ്ങൾക്ക് ഡബ്ള്യു.എച്ച്.ഒ. മുന്നറിയിപ്പുനൽകി.

അർബുദംമുതൽ ക്ഷയംവരെ

ആഗോളജനതയുടെ മൂന്നിലൊന്നും പാചകത്തിന് ഫോസിൽ ഇന്ധനങ്ങളാണ് ഉപയോഗിക്കുന്നത്. നഗരമേഖലയിൽ ഇത് 14 ശതമാനവും ഗ്രാമപ്രദേശങ്ങളിൽ 49 ശതമാനവുമാണ്. ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള ഗാർഹിക മലിനീകരണത്തിൽ ജീവൻ നഷ്ടമായവരിൽ 90 ശതമാനവും സാധാരണക്കാരായ സ്ത്രീകളും കുട്ടികളുമാണ്.

  • ലോകത്ത് ജീവൻ നഷ്ടപ്പെട്ടവർ -8.6 കോടി (2019)
  • ഇതിൽ ഇന്ത്യക്കാർ -ആറുലക്ഷം
  • 2020-ൽ 32 ലക്ഷം മരണമാണ് ലോകത്ത് റിപ്പോർട്ട് ചെയ്തത്.

മരണകാരണം

  • ഹൃദ്രോഗം -32 %
  • പക്ഷാഘാതം -23%
  • ഗുരുതര ശ്വാസകോശരോഗങ്ങൾ -21%
  • ശ്വാസതടസ്സം -19%
  • ശ്വാസകോശ അർബുദം -06%

ഇന്ത്യയിലെ ആറാമത്തെ മരണകാരണം

  • ഇന്ത്യയിലെ അകാലമരണങ്ങളുടെ ആറാമത്തെ കാരണമായാണ് ഗാർഹിക മലിനീകരണം കണക്കാക്കുന്നത്.
  • ഇന്ത്യയിൽ ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്നവർ -36% (2011-ലെ സെൻസസ് പ്രകാരം)
  • ഗ്രാമങ്ങളിൽ -51%
  • നഗരങ്ങളിൽ -09%
  • ഈയിടെ ഇറങ്ങിയ നാഷണൽ സാംപിൾ സർവേ പ്രകാരം 77 ശതമാനം പേരും ഫോസിൽ ഇന്ധനങ്ങളാണ് പാചകത്തിന് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

ജ്വലിക്കാത്ത ഉജ്ജ്വല

പ്രധാനമന്ത്രിയുടെ ഉജ്ജ്വലയോജനപ്രകാരം സബ്‌സിഡിനിരക്കിൽ പാചകവാതകം ലഭിക്കുമ്പോഴും ഫോസിൽ ഇന്ധനം ഉപയോഗിച്ചുള്ള പാചകം ഒഴിവാക്കാൻ ഇന്ത്യക്കാർ തയ്യാറല്ല. 2014-ൽ 14.52 കോടി എൽ.പി.ജി. ഉപഭോക്താക്കളുണ്ടായിരുന്നത് 2023 മാർച്ചിൽ 31.36 കോടിയായി ഉയർന്നുവെന്ന് 2023-ൽ പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. എന്നാൽ, കഴിഞ്ഞ ദേശീയ കുടുംബാരോഗ്യ സർവേ റിപ്പോർട്ട് പ്രകാരം 2019-21-ൽ രാജ്യത്ത് ശുദ്ധമായ പാചകവാതകം ഉപയോഗിക്കുന്ന വീട്ടുകാരുടെ തോത് 58.6 ശതമാനം മാത്രമാണ്. പാചകവാതക ഉപയോഗക്ഷമതയിൽ ഏറ്റവും കുറവ് ഝാർഖണ്ഡിലാണ്. കൂടുതൽ ഡൽഹിയും മഹാരാഷ്ട്രയുമാണ്.

Content Highlights: Wood-burning Stoves Raise New Health Concerns