തുടർച്ചയായി സൈനസ് അണുബാധ; നിസ്സാരമായി കണ്ടു, വഷളായി; ശസ്ത്രക്രിയകൾക്കിപ്പുറം ജീവിതത്തിലേക്ക്

നിരവധിയാളുകളെ ബാധിക്കുന്ന പ്രശ്നമാണ് സൈനസൈറ്റിസ്. ജലദോഷം വഷളാകുമ്പോൾ മൂക്കിന്റെ വശങ്ങളിലുള്ള വായു അറകളിൽ അണുബാധ പടരുന്ന അവസ്ഥയാണ് സൈനസൈറ്റിസ്. ഇപ്പോഴിതാ സൈനസൈറ്റിസ് ഗുരുതരമായി തലച്ചോറിലേക്ക് വ്യാപിച്ച കാലിഫോർണിയക്കാരിയായ ഒരു യുവതിയുടെ അനുഭവമാണ് പുറത്തുവന്നിരിക്കുന്നത്.
തലച്ചോറിലേക്ക് സൈനസ് അണുബാധ വ്യാപിച്ചതുമൂലം തലയോട്ടിയുടെ പകുതിഭാഗവും നീക്കം ചെയ്യേണ്ട അവസ്ഥയാണ് വന്നത്. ആയോധനകലാ അധ്യാപികയായ നടാഷ ഗുന്തർ എന്ന ഇരുപത്തിയാറുകാരിയുടെ അനുഭവമാണ് സാമൂഹികമാധ്യമത്തിൽ നിറയുന്നത്. 2021-ലാണ് സംഭവം നടന്നതെങ്കിലും വീണ്ടും നടാഷയുടെ അനുഭവം വൈറലായിരിക്കുകയാണ്. സൈനസ് അണുബാധയുടെ ഗൗരവത്തെക്കുറിച്ച് തന്നെക്കൊണ്ടു കഴിയുന്ന വേദികളിലെല്ലാം നടാഷ ഇപ്പോൾ സംസാരിക്കുന്നുണ്ട്.
2021-ലാണ് നടാഷയ്ക്ക് ജലദോഷത്തിന്റേതു പോലുള്ള ലക്ഷണങ്ങൾ വരുന്നത്. സാധാരണ വരാറുള്ളതുപോലെയാകും എന്നു കരുതി അതിനെ നിസ്സാരമാക്കുകയും ചെയ്തു. പലതവണയായി സൈനസ് ഇൻഫെക്ഷൻ ബാധിക്കുകയും ചികിത്സിക്കുകയും ചെയ്തിരുന്നു. എന്നാൽ ഛർദി ആരംഭിക്കുകയും മൈഗ്രേൻ കടുക്കുകയും ചെയ്തതോടെയാണ് നടാഷ ആശുപത്രിയിൽ പോകാൻ തീരുമാനിക്കുന്നത്. അവിടെയെത്തിയതോടെ യാണ് അണുബാധ എത്രത്തോളം ഗുരുതരമായെന്ന് നടാഷ അറിയുന്നത്. ഒരാഴ്ച്ചയ്ക്കുള്ളിൽ ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ നടാഷ മരിച്ചുപോകുമായിരുന്നു എന്നാണ് ഡോക്ടർമാർ പറഞ്ഞത്.
തുടർന്നുനടത്തിയ സ്കാനിങ്ങിലാണ് മസ്തിഷ്കത്തിൽ വീക്കം സംഭവിച്ചതായും തലയുടെ വലതുവശത്തെ സമ്മർദം അകറ്റാൻ തലയോട്ടിയുടെ ചെറിയൊരു ഭാഗം നീക്കം ചെയ്യണമെന്നും മനസ്സിലായത്. മസ്തിഷ്കത്തിൽ നാലു ശസ്ത്രക്രിയകളും സൈനസിൽ മൂന്നു ശസ്ത്രക്രിയകളുമാണ് ചെയ്തത്.
സർജറിക്കു പിന്നാലെയും നിരവധി ആരോഗ്യപ്രശ്നങ്ങൾ നടാഷ നേരിട്ടു. ചുഴലി, ഡീപ് വെയ്ൻ ത്രോംബോസിസ് തുടങ്ങിയവയ്ക്കൊപ്പം സംസാരിക്കാനും നടക്കാനും തടസ്സവും നേരിട്ടു. തുടർച്ചയായ തെറാപ്പിയിലൂടെയാണ് അവയ്ക്ക് പരിഹാരമായത്.
സർജറിക്കുശേഷം അഞ്ചുമാസത്തോളം തലയുടെ സംരക്ഷണത്തിനായി പ്രത്യേക ഹെൽമെറ്റും നടാഷ വെച്ചിരുന്നു. ഒരുവർഷത്തോളമെടുത്താണ് നടാഷയുടെ ആരോഗ്യം വീണ്ടെടുക്കാനായത്. പരമാവധി പുറത്തേക്ക് പോവാതെയും അണുബാധയൊഴിവാക്കാൻ വീട്ടിൽ തന്നെ കഴിഞ്ഞുമാണ് ആരോഗ്യം സംരക്ഷിച്ചതെന്ന് നടാഷ പറയുന്നു. സർജറികൾ തനിക്കുണ്ടാക്കിയ മനസികാഘാതത്തെ അതിജീവിക്കലും കഠിനമായിരുന്നുവെന്ന് നടാഷ പറയുന്നു. നീണ്ടനാളത്തെ അതിജീവനത്തിനു ശേഷം വീണ്ടും ആയോധനകലയിൽ സജീവമായിരിക്കുകയാണ് നടാഷ.
തുടർച്ചയായി സൈനസ് അണുബാധ ഉണ്ടാകുന്നവരോട് അതിനെ നിസ്സാരമായി കാണരുതെന്നും നടാഷ പറയുന്നു. സ്വയംചികിത്സ നടത്താതെ കൃത്യമായി ഇ.എൻ.ടി.. വിദഗ്ധനെ കണ്ടു പ്രതിവിധി തേടുകയാണ് വേണ്ടതെന്നും നടാഷ വ്യക്തമാക്കുന്നു.
മിക്കയാളുകളിലും സൈനസൈറ്റിസ് തനിയേ ഭേദമാവുകയോ ചികിത്സയിലൂടെ ഭേദമാവുകയോ ചെയ്യാറുണ്ട്. എന്നാൽ വളരെ അപൂർവംപേരിൽ ചികിത്സ തേടാത്ത സൈനസൈറ്റിസ് മരണകാരണമായേക്കാം. ബാക്റ്റീരിയയോ ഫംഗിയോ തലച്ചോറിനേയും കണ്ണിനേയുമൊക്കെ ബാധിക്കുമ്പോഴാണ് ഇതുസംഭവിക്കുന്നത്.
സൈനസൈറ്റിസിനെക്കുറിച്ച് കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിൽ അസോസിയേറ്റ് പ്രൊഫസറായ ഡോ. അജു രവീന്ദ്രൻ എഴുതുന്നു...
മൂക്കിന് ചുറ്റുമുള്ള എല്ലുകളുടെ ഉള്ളിലുള്ള വായുനിറഞ്ഞ അറകളാണ് സൈനസ്. നെറ്റിയുടെ പിറകിലുള്ള സൈനസിനെ ഫ്രോണ്ടൽ സൈനസ്, കണ്ണുകളുടെ താഴെയുള്ളതിനെ മാക്സില്ലറി സൈനസ്, കണ്ണിന്റെയും മൂക്കിന്റെയും ഇടയിലുള്ളതിനെ എത്‌മോയിഡ് സൈനസ്, മൂക്കിന്റെ ഏറ്റവും പിറകിലുള്ളതിനെ സ്ഫിനോയിഡ് സൈനസ് എന്നിങ്ങനെയാണ് വിളിക്കുന്നത്. ഈ അറകളുടെ ഭിത്തിയിൽ നിന്നുണ്ടാകുന്ന കഫം സാധാരണമായി സൈനസിന്റെ ചെറിയ ഒരു ദ്വാരത്തിലൂടെ മൂക്കിലേക്ക് നിരന്തരം വന്നുകൊണ്ടേയിരിക്കും. ഏതെങ്കിലും കാരണത്താൽ ഈ ദ്വാരം അടയുകയാണെങ്കിൽ സൈനസിലെ കഫം അവിടെത്തന്നെ കെട്ടിക്കിടന്ന് അതിൽ പഴുപ്പുണ്ടാകുന്നു. ഇതിനെയാണ് സൈനസൈറ്റിസ് എന്ന് പറയുന്നത്.
കാരണങ്ങൾ
ശക്തമായ ജലദോഷം, സ്ഥിരമായുള്ള അലർജി, സൈനസിന്റെ ദ്വാരം തടസ്സപ്പെടുത്തുന്ന ദശകൾ (Polyps), സൈനസിന്റെ ദ്വാരം തടസ്സപ്പെടുത്തുന്ന മൂക്കിന്റെ പാലത്തിന്റെ വളവ്, പുകവലി, അന്തരീക്ഷ മലിനീകരണം എന്നിവയാണ് പ്രധാനപ്പെട്ട കാരണങ്ങൾ.
ലക്ഷണങ്ങൾ
സൈനസൈറ്റിസിന്റെ പ്രധാന ലക്ഷണം തലവേദനയും തലയ്ക്കുള്ള ഭാരവുമാണ്. ഏത് സൈനസിനാണോ ബാധിച്ചത് എന്നതനുസരിച്ചാണ് തലയുടെ ഏത് ഭാഗത്ത് വേദനയുണ്ടാകുന്നത് എന്ന് പറയാൻ പറ്റുകയുള്ളൂ. തലവേദനയില്ലെങ്കിൽ അതിനെ സൈനസൈറ്റിസ് എന്ന് വിളിക്കാൻ പ്രയാസമാണ്, അത് അലർജിപോലുള്ള പ്രശ്നങ്ങളാവാം. സാധാരണമായി മൂക്കിന് ചുറ്റുമാണ് വേദന അനുഭവപ്പെടുന്നത്. സ്ഫിനോയ്ഡ് സൈനസിനെ ബാധിച്ചിട്ടുണ്ടെങ്കിൽ നെറുകയിൽ വേദനയുണ്ടാകാം. രാവിലെയാണ് തലവേദന അധികമായുണ്ടാകുക. പകലാവുംതോറും കഫം പോകുന്നതനുസരിച്ച് തലവേദന കുറഞ്ഞുവരും.
തലവേദനയ്ക്ക് പുറമേ മൂക്കടപ്പ്, മൂക്കിലൂടെ കഫം വരുക, കഫത്തിന്റെ കൂടെ രക്തം, കഫത്തിന് ദുർഗന്ധം എന്നിവയൊക്കെയാണ് സൈനസൈറ്റിസിന്റെ മറ്റ് ലക്ഷണങ്ങൾ.
ചികിത്സ
ഘട്ടങ്ങളായുള്ള ചികിത്സാരീതിയാണ് പ്രയോജനപ്പെടുക. ഏത് ഘട്ടത്തിലാണോ രോഗിക്ക് രോഗലക്ഷണങ്ങളിൽനിന്ന് മുക്തി ലഭിക്കുന്നത് അവിടെവെച്ച് ചികിത്സ നിർത്താം.
വർഷത്തിൽ ഒന്നോ രണ്ടോ തവണ വരുന്ന ശക്തമായ ജലദോഷത്തിനുശേഷം കാണുന്നതാണ് ‘അക്യൂട്ട്’ സൈനസൈറ്റിസ്. ഇത് അത്ര ഉപദ്രവകാരിയല്ല. ഇതിന് മരുന്നുകൾ മാത്രം മതിയാകും. അണുബാധ പരിഹരിക്കാനുള്ള ആന്റിബയോട്ടിക്കുകളും മൂക്കിലെ തടസ്സം നീക്കാനുള്ള നാസൽ ഡ്രോപ്സും (Nasal drops) കഫം അലിഞ്ഞുപോകാനുള്ള മരുന്നുകളും കൊണ്ടുതന്നെ കുറച്ച് ദിവസങ്ങളിൽ അക്യൂട്ട് സൈനസൈറ്റിസ് ഭേദമാകാറുണ്ട്.
പ്രധാന പ്രശ്നം ക്രോണിക് സൈനസൈറ്റിസാണ്. വിട്ടുമാറാത്ത സൈനസൈറ്റിസ് അല്ലെങ്കിൽ ഇടയ്ക്കിടെയുള്ള സൈനസൈറ്റിസ്-ഇതാണ് ക്രോണിക് സൈനസൈറ്റിസ്. ഇതിനുള്ള ചികിത്സ കൂടുതൽ ഗൗരവത്തോടെ ചെയ്യണം. ക്രോണിക് സൈനസൈറ്റിസിന്റെ പ്രാഥമിക പരിശോധന എന്നത് നാസൽ എൻഡോസ്കോപി (Nasal endoscopy) ആണ്. ഒരു ക്യാമറ ഉപയോഗിച്ച് ഒ.പി.യിൽ തന്നെ ഇത് ചെയ്യുന്നതാണ്. മൂക്കിൽ മരുന്നിറ്റിച്ചതിനുശേഷം എൻഡോസ്കോപ്പ് ഉപയോഗിച്ച് സൈനസിന്റെ ദ്വാരങ്ങൾ നേരിട്ട് പരിശോധിക്കാനും അതിനെ തടസ്സപ്പെടുത്തുന്ന ദശകളോ, കട്ടിയുള്ള കഫമോ വളഞ്ഞിരിക്കുന്ന പാലമോ ഉണ്ടോ എന്ന് മനസ്സിലാക്കാനും സാധിക്കും.
ചെറിയ കാരണങ്ങളാണെങ്കിൽ മരുന്നുകൊണ്ടുള്ള ചികിത്സ തുടങ്ങും. ക്രോണിക് സൈനസൈറ്റിസിന്റെ പ്രധാനപ്പെട്ട മരുന്ന് മൂക്കിലടിക്കുന്ന സ്റ്റിറോയ്ഡ് നാസൽ സ്പ്രേ (Steroid Nasal Spray) ആണ്. ഇത് രക്തത്തിലേക്ക് പ്രവേശിക്കാത്തതിനാൽ പാർശ്വഫലങ്ങളോ അഡിക്‌ഷനോ ഇല്ലാതെ സുരക്ഷിതമായി ഉപയോഗിക്കാം. ആന്റിബയോട്ടിക്കുകൾക്ക് ക്രോണിക് സൈനസൈറ്റിസിൻറെ ചികിത്സയിൽ വലിയ പ്രാധാന്യമില്ല. കാരണം ഇത് വെറുമൊരു അണുബാധ അല്ല. സൈനസ് ദ്വാരങ്ങൾ അടഞ്ഞിരിക്കുന്നതുമൂലം കെട്ടിക്കിടക്കുന്ന കഫം കാരണമാണ് ഇത് സംഭവിക്കുന്നത്. അതുകൊണ്ട് അണുബാധ മാത്രം ചികിത്സിച്ചാൽ മതിയാവില്ല, നേരേമറിച്ച് ദ്വാരങ്ങൾ തുറക്കാനുള്ള ചികിത്സയാണിതിൽ പ്രധാനമായി വേണ്ടത്. മെഡിക്കൽ തെറാപ്പി കൊണ്ടുതന്നെ പലർക്കും ആശ്വാസം ലഭിക്കാറുണ്ട്.
പക്ഷേ, ചിലരിൽ മരുന്ന് ചികിത്സ പൂർണമായും ഫലപ്രദമാവില്ല. അവർക്ക് ചികിത്സയുടെ അടുത്ത പടിയിലേക്ക് പോകണം. ഇവർക്ക് സൈനസിന്റെ സി.ടി. (C.T. Scan) എടുത്ത് സൈനസിന്റെ ഉള്ളിലുള്ള പ്രശ്നങ്ങൾ തിരിച്ചറിഞ്ഞുവേണം അടുത്ത ചികിത്സ. ചില രോഗികളിൽ കാണാറുള്ള സൈനസിലെ ഫംഗസ് അണുബാധയുടെ ലക്ഷണങ്ങളും സി.ടി. സ്കാനിൽ തിരിച്ചറിയാനാകും.
ശസ്ത്രക്രിയ വേണ്ടതെപ്പോൾ
സി.ടി. സ്കാൻ പരിശോധനയിൽ കാര്യമായ പ്രശ്നങ്ങൾ കണ്ടെത്തിയെങ്കിൽ ചികിത്സയുടെ അടുത്ത പടിയായ ശസ്ത്രക്രിയയെക്കുറിച്ച് ചിന്തിക്കേണ്ടിവരും. എൻഡോസ്കോപിക് സൈനസ് സർജറി (Endoscopic Sinus Surgery) ആണ് ഇതിന് ചെയ്യാറുള്ളത്. ക്രോണിക് സൈനസൈറ്റിസുള്ള ഒരു ചെറിയ ശതമാനം രോഗികൾക്കേ ഈ ശസ്ത്രക്രിയ ആവശ്യമായി വരുകയുള്ളൂ. എൻഡോസ്കോപ് ഉപയോഗിച്ച് ചെയ്യുന്ന ശസ്ത്രക്രിയയായതിനാൽ ഇതിന് മുറിവുകളോ പാടുകളോ പുറമേ ഉണ്ടാകില്ല. സൈനസിന്റെ തടസ്സം സൃഷ്ടിക്കുന്ന മുന്നേ പറഞ്ഞ കാരണങ്ങൾ നീക്കംചെയ്ത് സൈനസിന്റെ ദ്വാരം വലുതാക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. അനസ്തേഷ്യ നൽകി ചെയ്യുന്നതിനാൽ ഇത് വേദനരഹിതമാണ്. ഇത് ഡേ കെയർ സർജറിയായി -അതായത് ആശുപത്രിയില്‍ കഴിയാതെ ചെയ്യാവുന്നതാണ്.
ഓപ്പറേഷനുശേഷം ആദ്യകാലങ്ങളിൽ ചെയ്തിരുന്നത് പോലെ മൂക്കിൽ തിരിവെച്ച് അടച്ചുവയ്ക്കേണ്ട (Nasal packing) ആവശ്യം ആധുനിക ശസ്ത്രക്രിയാരീതികളിൽ ഇല്ല. അലർജിയുള്ള രോഗികൾക്ക് ശസ്ത്രക്രിയ കഴിഞ്ഞാലും നാസൽ സ്‌പ്രേ തുടരേണ്ടിവരും. ഈ പടിപടിയായുള്ള ചികിത്സാരീതികൊണ്ട് ക്രോണിക് സൈനസൈറ്റിസിനെ ഒരു പരിധിവരെ നിയന്ത്രിക്കാനാകും.
Content Highlights: Woman Left With Half A Skull After Sinus Infection Spread To Her Brain