23ലക്ഷം പുതിയ കാൻസർ കേസുകൾക്കും പിന്നിൽ അണുബാധകൾ, പ്രതിരോധം പ്രധാനമെന്ന് ലോകാരോഗ്യസംഘടന

2024-ൽ ലോകത്തുണ്ടായ ആകെ കാൻസർ കേസുകളിൽ 12 ശതമാനത്തിനും പിന്നിൽ അണുബാധയാവാം കാരണമെന്ന് ലോകാരോഗ്യ സംഘടന. 'ദി ലാൻസെറ്റ് ഓങ്കോളജി'യിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതേക്കുറിച്ചു വിശദമാക്കിയിരിക്കുന്നത്. വിവിധതരം അണുബാധകളും കാൻസറും തമ്മിലുള്ള ബന്ധം വിലയിരുത്തിയാണ് പഠനം നടത്തിയത്.
23ലക്ഷം പുതിയ കാൻസർ കേസുകളും അണുബാധയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനം പറയുന്നു. ഭൂരിഭാഗവും വെറും അഞ്ച് രോഗാണുക്കൾ കാരണം ഉണ്ടായവയാണ്. ഹെലിക്കോബാക്ടർ പൈലോറി (4%), ഹ്യൂമൻ പാപ്പിലോമ വൈറസ് അഥവാ എച്ച്.പി.വി (4%), ഹെപ്പറ്റൈറ്റിസ് ബി (2%), എപ്സ്റ്റീൻ-ബാർ വൈറസ് (1%), ഹെപ്പറ്റൈറ്റിസ് സി (1%-ൽ താഴെ) എന്നിവയാണവ. ഈ അണുബാധകൾ ആമാശയം, കരൾ, രക്തം, ഗർഭാശയമുഖം തുടങ്ങിയ ഇരുപതിലധികം കാൻസറുകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനത്തിലുണ്ട്.
ബാക്ടീരിയകൾ അല്ലെങ്കിൽ പാരസൈറ്റുകൾ എന്നിവ മൂലമുണ്ടാകുന്ന അണുബാധകളും കാൻസറിലേക്ക് നയിക്കാമെന്ന് ഗവേഷകർ പറയുന്നു. എന്നാൽ ഇവ വൈറസിനെപ്പോലെ നേരിട്ട് കാൻസറിനു കാരണമാവുകയല്ല മറിച്ച് വിട്ടുമാറാത്ത അണുബാധയിലേക്കും അതുവഴി വീക്കത്തിനും ടിഷ്യൂകൾക്ക് കേടുപാടുകൾ ഉണ്ടാവാനും കാരണമാവുകയാണ് ചെയ്യുന്നത്. രണ്ടു സാഹചര്യങ്ങളിലും കോശങ്ങൾ ജനിതക മാറ്റങ്ങൾക്ക് വിധേയമാവുകയും ക്രമേണ കാൻസർ സാധ്യത കൂട്ടുകയുമാണ് ചെയ്യുന്നത്.
അണുബാധ മൂലമുണ്ടാകുന്ന പല കാൻസറുകളും പ്രതിരോധിക്കാവുന്നവ ആണെന്നും ഗവേഷകർ എടുത്തുപറയുന്നുണ്ട്. അതിൽ പ്രധാനിയാണ് എച്ച്.പി.വി. വാക്സിൻ. വാക്സിൻ സ്വീകരിച്ചവരിൽ എച്ച്.പി.വി അണുബാധ 90% കുറഞ്ഞുവെന്നും ഗവേഷകർ പറയുന്നു. എച്ച്.ഐ.വി, എച്ച്. പൈലോറി, ഹെപ്പറ്റൈറ്റിസ് ബി, സി തുടങ്ങിയ അണുബാധകളെ ഫലപ്രദമായി ചികിത്സിക്കുന്നത് കാൻസർ നിരക്ക് കുറയ്ക്കാനുള്ള പ്രധാന മാർഗമാണെന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു.
1990, 2002, 2008, 2012, 2018 വർഷങ്ങളിൽ അണുബാധമൂലം ഉണ്ടായ കാൻസർ കേസുകളെക്കുറിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. അണുബാധകളെ നിയന്ത്രിക്കുകയും തടയുകയും ചെയ്യുന്നതിലൂടെ കാൻസർ നിരക്ക് കുറയ്ക്കാൻ സഹായിക്കുമെന്നു പറയുകയാണ് ഗവേഷകർ.
അണുബാധ എങ്ങനെയാണ് കാൻസറിനു കാരണമാകുന്നത്
ഒരു വൈറസിന് ബാധിച്ച കോശത്തിന്റെ ജീനുകളെ നേരിട്ടോ അല്ലാതെയോ മാറ്റാൻ കഴിയും, ഇത് ആ കോശം നിയന്ത്രണാതീതമായി വളരാനും പിന്നീട് കാൻസറായി മാറാനുമുള്ള സാധ്യത വർധിപ്പിക്കുന്നുവെന്ന് ഗവേഷകർ പറയുന്നു. പ്രധാനമായി മൂന്നുവഴികളിലൂടെയാണ് ഇത് നടക്കുക. ഒരു കോശത്തിന് സ്വയം നശിക്കാനുള്ള കഴിവ് ഇല്ലാതാക്കുക എന്നതാണ് അതിലൊന്ന്. ഒരു വൈറസ് ബാധിച്ചാൽ സാധാരണയായി ആരോഗ്യകരമായ ഒരു കോശം ഈ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കും. ആ കഴിവ് ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഇതുകൂടാതെ കോശവിഭജനത്തെ നിയന്ത്രിക്കുന്ന ജീനുകളെ തകരാറിലാക്കുന്നതിലൂടെയും കാൻസർ ഉണ്ടാക്കാനിടയുള്ള ജീൻ വൈറസ് തന്നെ വഹിക്കുന്നതിലൂടെയും വൈറസിന് ജീനുകളിൽ മാറ്റംവരുത്താനാവും. .
Content Highlights: A WHO study reveals 12% of global cancer cases in 2024 are infection-related, emphasizing the role of the HPV vaccine in prevention.