മൃതദേഹം കീറിമുറിക്കാതെ മരണകാരണം കണ്ടെത്താൻ വിർച്വൽ ഓട്ടോപ്സി; ഏതൊക്കെ കേസുകളിൽ സഹായകമാകും?

പ്രിയപ്പെട്ടവരുടെ മരണമുണ്ടാക്കുന്ന വേദനയ്ക്കൊപ്പം തന്നെ മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് മൃതദേഹം കീറിമുറിച്ച് പോസ്റ്റ്‌മോർട്ടത്തിനായി വിട്ടുകൊടുക്കേണ്ടിവരുന്നതും. വെർച്വൽ ഓട്ടോപ്സി അഥവാ ശരീരം കീറിമുറിക്കാതെയുള്ള പോസ്റ്റ്മോർട്ടത്തിലൂടെ ആരോഗ്യരംഗത്ത് ചരിത്രപരമായ തുടക്കത്തിന് തയ്യാറെടുക്കുകയാണ് സർക്കാർ. മറ്റ് രാജ്യങ്ങളിലും ഡൽഹി എയിംസ് ഉൾപ്പെടെ ഇന്ത്യയിലെ ചുരുക്കം ചില ആശുപത്രികളിലുമാണ് വെർച്വൽ ഓട്ടോപ്സി ചെയ്യുന്നത്. സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെർച്വൽ ഓട്ടോപ്സി സംവിധാനം നടപ്പാക്കാനുള്ള പ്രഖ്യാപനം വന്നതോടെ ഇതേക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുകയാണ്.
വെർച്വൽ ഓട്ടോപ്‌സിയെന്നാൽ മൃതദേഹം കീറിമുറിക്കുന്നതിന് പകരം അത്യാധുനിക ഇമേജിങ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് മരണകാരണം കണ്ടെത്തുകയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് തയ്യാറാക്കുന്നതുമാണ്. പരിശോധനാ നടപടികൾ ഡിജിറ്റലായി സൂക്ഷിക്കുന്നതിനാൽ ഭാവിയിൽ തുടർപരിശോധനകൾക്കും സഹായകമാണ്. മരണത്തിന്റെ രീതി, മരണസമയം, പരിക്കുകൾ എന്നിവ തിരിച്ചറിയാൻ ഇതിലൂടെ കഴിയും. മൃതദേഹം കീറിമുറിക്കേണ്ടി വരില്ലെന്നത് ബന്ധുക്കൾക്കും ആശ്വാസകരമാണ്. നിയമപരമായ കാര്യങ്ങൾ വേഗത്തിലാക്കാനും മൃതദേഹത്തിന് കേടുപാടുകൾ വരാത്ത രീതിയിൽ സംസ്കരിക്കാനും സാധിക്കും. എന്നാൽ, പരമ്പരാഗത പോസ്റ്റുമോർട്ടം നടപടിക്രമങ്ങൾക്ക് പൂർണമായും പകരം സംവിധാനമല്ലിത്. കേരളത്തിൽ ഇത് നടപ്പാക്കുമ്പോൾ ഫോറൻസിക് വിദഗ്ധർക്കും ടെക്നിക്കൽ ജീവനക്കാർക്കും ഇത് സംബന്ധിച്ച് പരിശീലനങ്ങൾ നൽകേണ്ടിവരും. ഒപ്പം ഫോറൻസിക് വിദഗ്ധർക്കായുള്ള തസ്തികകൾ സൃഷ്ടിക്കാനും നിയമനം നടത്താനും സർക്കാർ തയ്യാറാകണമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.
അനുകൂലം
- ഗുരുതര കുറ്റകൃത്യങ്ങളിൽപ്പെടാത്തതും വ്യക്തമായ സാക്ഷികളുമുള്ള കേസുകൾ.
- സംശയാസ്പദമല്ലാത്ത, ഗുരുതരമായ കുറ്റകൃത്യത്തിന്റെ ഭാഗമല്ലാത്ത സാഹചര്യത്തിലുള്ള മുങ്ങിമരണം, അപകടത്തിൽപ്പെട്ടോ വിഷം കഴിച്ചോ മറ്റോ ചികിത്സയിലിരിക്കെയുള്ള മരണം, കുഴഞ്ഞുവീണുള്ള മരണം തുടങ്ങിയ സാഹചര്യങ്ങളിൽ വെർച്വൽ ഓട്ടോപ്സി ചെയ്യാനാകും.
- ചില ഗുരുതരരോഗങ്ങൾ ബാധിച്ച് മരിച്ചവരെ പോസ്റ്റ്‌മോർട്ടം ചെയ്യുമ്പോൾ ആന്തരികാവയവങ്ങളിൽനിന്ന് രോഗാണുക്കൾ വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്. ഇവിടെ വെർച്വൽ ഓട്ടോപ്സി ഏറെ പ്രയോജനപ്രദമാകും.
- 60 ശതമാനം കേസുകളിലും അനുകൂലം.
പ്രതികൂലം
- കൊലപാതകം, മനുഷ്യാവകാശ ധ്വംസനം, ചികിത്സാപ്പിഴവ്, ലൈംഗികാതിക്രമം, ഗാർഹികപീഡനം തുടങ്ങിയ ഗൗരവകരവും സംശയാസ്പദവുമായ സാഹചര്യങ്ങളിലെ കേസുകൾ.
- ഇത്തരം ഹൈ റിസ്ക് കേസുകളിൽ കൃത്യത ഉറപ്പാക്കാൻ പഴയ രീതിയാണ് ഉചിതം.
- ചിലപ്പോൾ ആന്തരികമായ പരിക്കുകൾ വെർച്വൽ ഓട്ടോപ്‌സിയിലൂടെ കണ്ടെത്താനായില്ലെങ്കിൽ തുടരന്വേഷണത്തെയും നിയമനടപടികളെയും ബാധിക്കും.
ബാഹ്യപരിശോധനയ്ക്ക് അത് പകരമാകില്ല
’ആന്തരികമായ പരിക്കുകളെയും രോഗാവസ്ഥകളെയും ശരീരം തുറക്കാതെ തന്നെ കണ്ടെത്താൻ വെർച്വൽ ഓട്ടോപ്‌സി സഹായിക്കും. എന്നാൽ, പോസ്റ്റ്‌മോർട്ടം പരിശോധനയുടെ ആദ്യഘട്ടമായ ബാഹ്യപരിശോധനയ്ക്ക് അത് പകരമാകുന്നില്ല. ബാഹ്യപരിശോധനാ ഫലങ്ങളെയും വെർച്വൽ ഓട്ടോപ്‌സി കണ്ടെത്തലുകളെയും വിശകലനം ചെയ്ത് കീറിമുറിച്ചുള്ള പോസ്റ്റ്‌മോർട്ടം ആവശ്യമാണോയെന്ന് ഫോറൻസിക് സർജൻ തീരുമാനിക്കുന്നതാകും ഉചിതം. കോടതികളിൽ വൈദ്യശാസ്ത്രപരമായ അഭിപ്രായങ്ങളും തെളിവുകളും സ്വീകാര്യമാകണമെങ്കിൽ പൂർണമായ പരിശോധനകളുടെയും പരിശോധനാ ഫലങ്ങളുടെയും അടിസ്ഥാനത്തിൽ യുക്തിസഹമായി തെളിവ് നൽകേണ്ടതുണ്ട്. പോസ്റ്റ്‌മോർട്ടത്തിന്റെ കാര്യത്തിൽ അത് പോസ്റ്റ്‌മോർട്ടം ചെയ്ത സർജന്റെ ബാധ്യതയാണ്. ’
ഡോ. പി.ബി. ഗുജ്‌റാൾ
മുൻ ഫോറൻസിക് സർജൻ
Content Highlights: Introduction of non-invasive virtual autopsy in Kozhikode Medical College., Uses advanced imaging to determine cause of death without dissection., Ideal for natural deaths, accidents, and infectious disease cases.