മലപ്പുറത്ത് രണ്ടുമാസത്തിനിടെ 206 പേർക്ക് മഞ്ഞപ്പിത്തം, പ്രതിരോധം ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്

നിലമ്പൂർ: പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിൽ കഴിഞ്ഞ രണ്ടുമാസത്തിനിടെ 206 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. രോഗപ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ പോത്തുകല്ല് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് വലിയ വീഴ്ച പറ്റിയതായി സമ്മതിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി കേസുകൾ കുറച്ചുകൊണ്ടുവരാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായും അവർ വ്യക്തമാക്കി. ഏഴ് കിണറുകളിലെ വെള്ളം പരിശോധനയ്ക്കയച്ചതിൽ മൂന്നെണ്ണത്തിലെ വെള്ളം ഉപയോഗയോഗ്യമല്ല എന്ന റിപ്പോർട്ടാണ് ലഭിച്ചത്.
മരിച്ചവരുടെ എണ്ണം മൂന്നായി
പോത്തുകല്ല് മേഖലയിൽ മഞ്ഞപ്പിത്തബാധയെത്തുടർന്ന് മരിച്ചവരുടെ എണ്ണം മൂന്നായി. ശനിയാഴ്ച മരിച്ച 37 വയസ്സുകാരനും നേരത്തേ മരിച്ച 47, 60 വയസ്സുള്ള പുരുഷൻമാരും ഉൾപ്പെട്ടതാണിത്. 39 പേർ ഇപ്പോൾ ആശുപത്രിയിലുണ്ട്. പോത്തുകല്ല് മേഖലയിൽമാത്രം 24 പുതിയ കേസുകൾ ശനിയാഴ്ച രജിസ്റ്റർചെയ്തു.
ഇതോടൊപ്പം അഡ്മിറ്റ് ചെയ്യാത്തതായി 30 കേസുകൾ എടക്കരയിലുമുണ്ട്.
ഇതുവരെ ആകെ 232 കേസുകളാണ് റിപ്പോർട്ട്ചെയ്തത്. ഈ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഇതര വകുപ്പുകളുടെയും സഹകരണത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു.
സ്ഥിതിഗതികൾ നിയന്ത്രണവിധേയം
മലപ്പുറം: രോഗബാധ നിയന്ത്രണവിധേയമെന്ന് കളക്ടർ വി.ആർ. വിനോദിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥ, ജനപ്രതിനിധികളുടെ യോഗം വിലയിരുത്തി. പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും സ്ഥിതിഗതികൾ വിലയിരുത്തുന്നതിനുമായാണ് കളക്ടറുടെ ചേംബറിൽ യോഗം ചേർന്നത്. ആരോഗ്യപ്രവർത്തകർ, കുടുംബശ്രീ, തദ്ദേശസ്ഥാപനങ്ങൾ, പോലീസ് എന്നിവരുടെ സഹകരണത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനും മേഖലയിലെ കിണറുകളിൽ ക്ലോറിനേഷൻ നടത്താനും കളക്ടർ നിർദേശം നൽകി. രോഗപ്രതിരോധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി പോത്തുകല്ല് കുടുംബാരോഗ്യകേന്ദ്രത്തിൽ കൺട്രോൾ സെൽ തുറന്നു. രോഗലക്ഷണമുള്ളവർ സ്വയം ചികിത്സകൾക്കു വിധേയമാകാതെ അംഗീകൃത ആരോഗ്യകേന്ദ്രങ്ങളിലെത്തണം.
വീടുകളിൽ സാധ്യമായരീതിയിൽ മറ്റംഗങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെടാതെ ഐസൊലേഷനിൽ കഴിയണം. രോഗം പകരാൻ കാരണമായതായി കരുതുന്ന പ്രദേശത്തെ ബേക്കറി അടച്ചുപൂട്ടിയിട്ടുണ്ട്. ഇവിടെ ജോലിചെയ്തിരുന്ന എറണാകുളം സ്വദേശിക്കാണ് രോഗബാധയുണ്ടായിരുന്നതായി റിപ്പോർട്ടുള്ളത്. സുരക്ഷ ഉറപ്പാക്കുന്നതിനായി ഹോട്ടൽ, ബേക്കറികൾ എന്നിവിടങ്ങളിലെ തൊഴിലാളികളുടെ ഹെൽത്ത് കാർഡ് ഉൾപ്പെടെ ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധിക്കുമെന്നും അറിയിച്ചു.
യോഗത്തിൽ പോത്തുകല്ല് പഞ്ചായത്ത് പ്രസിഡന്റ് വിദ്യാ രാജൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക, ഡോ. സി. ഷുബിൻ, എൻ.എച്ച്.എം. പ്രോഗ്രാം മാനേജർ ഡോ. ടി.എൻ. അനൂപ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
എന്താണ് വൈറൽ ഹെപ്പറ്റൈറ്റിസ് ?
വൈറസ് വിഭാഗത്തിൽപ്പെട്ട സൂക്ഷ്മ ജീവികളുണ്ടാക്കുന്ന രോഗമാണ് വൈറൽ ഹെപ്പറ്റൈറ്റിസ് അഥവാ മഞ്ഞപ്പിത്തം പനി, വിശപ്പില്ലായ്മ, ഓക്കാനം, ഛർദ്ദി, കണ്ണിനു മഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. വയറിളക്ക രോഗങ്ങൾ ശരീരത്തിലെ ജലാംശവും പോഷകാംശവും ധാതുലവണങ്ങളും നഷ്ടപ്പെടുത്തുന്നു. നിർജലീകരണം സംഭവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. യഥാസമയം ചികിത്സ ലഭിക്കാതിരുന്നാൽ ജീവനുതന്നെ ഭീഷണിയാകും.
പ്രതിരോധമാർഗങ്ങൾ
ജ്യൂസ് മുതലായ തണുത്ത പാനീയങ്ങൾ തയ്യാറാക്കുന്നതിനായി തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. തിളപ്പിച്ച് ആറിയ വെള്ളം മാത്രമേ കുടിക്കാവൂ. തിള വന്നതിനുശേഷം ചുരുങ്ങിയത് മൂന്നു മിനിറ്റ് വെള്ളം തിളപ്പിക്കണം തണുത്തതും തുറന്നുവച്ചതുമായ ഭക്ഷണ സാധനങ്ങൾ കഴിക്കരുത്. മലമൂത്ര വിസർജനം കക്കൂസുകളിൽ മാത്രമാക്കുക.
കുട്ടികളുടെ വിസർജ്യങ്ങൾ കക്കൂസുകളിൽ മാത്രം നിക്ഷേപിക്കുക. ഭക്ഷണം കഴിക്കുന്നതിനുമുൻപും ശൗചാലയം ഉപയോഗിച്ചതിനുശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. രോഗലക്ഷണങ്ങൾ കണ്ടാൽ മൂന്ന് ആഴ്ചയെങ്കിലും മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കി വിശ്രമിക്കുക, രോഗലക്ഷണങ്ങളെ അവഗണിക്കാതിരിക്കുക. ലക്ഷണങ്ങൾ കണ്ടാൽ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ, ആരോഗ്യ പ്രവർത്തകരെയോ വിവരം അറിയിക്കുക. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ രോഗികളെ അഡ്മിറ്റ് ചെയ്യാൻ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
Content Highlights: viral hepatitis in malappuram