പകർച്ചവ്യാധികൾ 11, മൂന്ന്‌ അപകടകാരികൾ, പത്തുദിവസത്തിനുള്ളിൽ 1.45 ലക്ഷം രോഗികൾ; രോഗാതുരം കേരളം

Representative Image| Photo: Canva.com
Representative Image| Photo: Canva.com

കണ്ണൂർ: വായുവിലൂടെ, വെള്ളത്തിലൂടെ, കൊതുകുവഴി, ചെള്ളിലൂടെ എന്നിങ്ങനെ സംസ്ഥാനത്ത് വ്യാപിച്ചത് 11 പകർച്ചവ്യാധികൾ. ഈമാസം ആദ്യത്തെ 10 ദിവസത്തിൽ സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സതേടിയത് 1.45 ലക്ഷം രോഗികൾ. ഇതിലുമേറെപ്പേർ സ്വകാര്യചികിത്സയും സ്വീകരിക്കുന്നു. ദിവസം 17,000-ത്തിലധികമാണ് ഇപ്പോൾ സർക്കാർ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണം.

ഇൻഫ്ലുവൻസ എ വിഭാഗം വൈറസുണ്ടാക്കുന്ന സാധാരണ വൈറൽപ്പനി കേസുകളാണ് ഭൂരിഭാഗവും. മലപ്പുറം, തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലാണ് ഫ്ലുരോഗികൾ കൂടുതൽ. ഇതിനൊപ്പം ഡെങ്കിപ്പനി, എലിപ്പനി, ഹെപ്പറ്റൈറ്റിസ് എ വൈറസ് മൂലമുണ്ടാകുന്ന മഞ്ഞപ്പിത്തം എന്നിവ കൂടുതൽ ഭീഷണിയാവുന്നു.

തിരുവനന്തപുരത്ത് കോളറയും. പ്രമേഹം, അമിതരക്തസമ്മർദം, കരൾരോഗം തുടങ്ങിയവയുള്ളവർ, പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ എന്നിവർ പകർച്ചവ്യാധികളെ കൂടുതൽ സൂക്ഷിക്കണം.

മൂന്ന്‌ അപകടകാരികൾ

ഈവർഷം 9214 ഡെങ്കിപ്പനിക്കേസ് സ്ഥിരീകരിച്ചു. 22 മരണങ്ങളും.

ഡെങ്കിയെന്ന് സംശയിക്കുന്ന കേസുകൾ-24,876. സംശയിക്കുന്ന മരണങ്ങൾ 55.

എലിപ്പനി സ്ഥിരീകരിച്ചത് 1248. മരിച്ചത് 67. സംശയിക്കുന്ന കേസുകൾ-1087. സംശയിക്കുന്ന മരണം-70.

മഞ്ഞപ്പിത്തം-3213. മരിച്ചത്-224. സംശയിക്കുന്ന കേസുകൾ-9892. മരണം-22.

ആരോഗ്യ സംബന്ധമായ വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

നിലവിലെ പകർച്ചവ്യാധികൾ

വായുവിലൂടെ: എച്ച് 1 എൻ 1 ഉൾപ്പെടെയുള്ള ഇൻഫ്ലുവൻസ എ വിഭാഗം വൈറസ്.

കൊതുകു പരത്തുന്നത്: ഡെങ്കിപ്പനി, വെസ്റ്റ്നൈൽ പനി, ജപ്പാൻജ്വരം, മലമ്പനി (കൂടുതലും മറുനാടൻ തൊഴിലാളികളിൽ).

മലിനമായ വെള്ളം, ഭക്ഷണം വഴി: ഹെപ്പറ്റൈറ്റിസ് എ ഉണ്ടാക്കുന്ന മഞ്ഞപ്പിത്തം, കോളറ, ടൈഫോയ്ഡ്, ഷിഗെല്ല.

മലിനജലത്തിലൂടെ: എലിപ്പനി

ചെള്ള് വഴി: സ്‌ക്രബ് ടൈഫസ് (ചെള്ളുപനി).

മഞ്ഞപ്പിത്തത്തെ സൂക്ഷിക്കുക

സമീപകാലത്തൊന്നും കാണാത്തവിധമാണ് ഹെപ്പറ്റൈറ്റിസ് എ കാരണമുണ്ടാവുന്ന മഞ്ഞപ്പിത്തം വ്യാപിക്കുന്നത്. സ്ഥിരീകരിച്ചതും സംശയിക്കുന്നതുമായി സർക്കാർ കണക്കിൽ മാത്രം 13,105 രോഗികൾ. 46 മരണം. ഇത്തവണ പലരിലും രോഗത്തിന് തീവ്രത കൂടുതലാണെന്ന് വിദഗ്ധർ പറയുന്നു.

മൂന്നുശതമാനം രോഗികളിൽ തീവ്രമാകാം

മുതിർന്നവരിൽ മൂന്നുശതമാനം രോഗികളിൽ മഞ്ഞപ്പിത്തം തീവ്രമാകാം. കിടത്തിച്ചികിത്സ വേണ്ടിവരും. 100-ൽ ഒരാൾക്ക് എന്നതോതിൽ മരണവും സംഭവിക്കാം. കേരളത്തിൽ 50 ശതമാനമാളുകളിലും ഫാറ്റിലിവർ ഉണ്ട്. അതിനാൽ കരളിന്റെ ആരോഗ്യം മോശമായിരിക്കും. ഇത്തരമാളുകളിൽ മഞ്ഞപ്പിത്തം തീവ്രമാകും.

ഡോ. കെ.ടി. ഷേണായി,

ഗ്യാസ്ട്രോ എന്ററോളജിസ്റ്റ്, ശ്രീഗോകുലം മെഡിക്കൽ കോളേജ്, തിരുവനന്തപുരം

Content Highlights: viral diseases in kerala