ആ ബുദ്ധിമുട്ടും സങ്കടവും ആർക്കുമുണ്ടാകരുത്, 35 തവണ രക്തദാനംചെയ്തു;ആ കടപ്പാട് വിനീഷിനെ രക്തദാതാവാക്കി

മുന്നാട്: ‘ബി പോസിറ്റീവാ’ണ് ബേഡഡുക്ക മുന്നാട്ടെ മുപ്പത്തഞ്ചുകാരനായ ജി. വിനീഷ്, രക്തഗ്രൂപ്പിന്റെ കാര്യത്തിലും രക്തദാനത്തിലും. 35 തവണ രക്തദാനം ചെയ്തു. കൗമാരത്തിൽ കാസർകോട് ആസ്പത്രിയിൽ അമ്മയ്ക്ക് ശസ്ത്രക്രിയ നടത്താൻ രക്തം തേടി അലയേണ്ടിവന്നപ്പോൾ തീർത്തും അപരിചിതനായ ഒരാൾ രക്തം നൽകി ജീവൻ രക്ഷിച്ച നന്മയാണ് പിന്നീട് വിനീഷിനെ സ്ഥിരം രക്തദാതാവാക്കിയത്. അന്ന് തനിക്കും കുടുംബത്തിനുമുണ്ടായ ബുദ്ധിമുട്ടും സങ്കടവും ഇനി മറ്റാർക്കുമുണ്ടാകരുത് എന്ന ആഗ്രഹം ഇന്നും രക്തദാനത്തിലൂടെ സഫലമാക്കുന്നു.
2009-ൽ മുന്നാട് പീപ്പിൾസ് കോളേജിൽ ബിരുദ വിദ്യാർഥിയായിരിക്കെ കോളേജിൽ നടത്തിയ രക്തദാന ക്യാമ്പിലാണ് ആദ്യം രക്തം നൽകിയത്. ശേഷം മംഗളൂരുവിലുള്ള ഒരാൾക്ക് രക്തം വേണമെന്നറിഞ്ഞതിനാൽ അവിടെയെത്തി രക്തം നൽകി. പക്ഷേ അവർ രക്തം സ്വീകരിക്കുന്നതിനു മുൻപേ മരണത്തിന് കീഴടങ്ങിയെന്നത് ഏറെ വേദനിപ്പിച്ചു.
മംഗളൂരു, കാസർകോട്, കാഞ്ഞങ്ങാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് കൂടുതൽ തവണ ദാനം ചെയ്തത്. ഇതിനിടെ കുവൈത്ത് സഞ്ചരിച്ചപ്പോൾ അവിടെയും രക്തം ദാനം ചെയ്തിട്ടുണ്ട്. രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന് പ്രവർത്തിക്കുന്ന സംഘടനയായ ബ്ലഡ് ഡോണേഴ്‌സ് കേരളയിൽ 2016-ൽ അംഗത്വമെടുത്തു. തുടർന്നിങ്ങോട്ട് മൂന്നുമാസത്തിലൊരിക്കൽ മുടങ്ങാതെ രക്തം നൽകുന്നു.
ജൂൺ ആറിന് കാസർകോട് ബ്ലഡ് ബാങ്കിൽ നൽകിയതാണ് 35-ാം തവണത്തേത്. വിവിധയിടങ്ങളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കാനും ആവശ്യക്കാർക്ക് രക്തദാദാവിനെ കണ്ടെത്തി നൽകുന്നതിനും നേതൃത്വം നൽകുന്നു. ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ ജില്ലാകമ്മിറ്റി അംഗമാണ്. നാട്ടിൽ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള അരിച്ചെപ്പ് വാട്സാപ്പ് കൂട്ടായ്മയുടെ സജീവ അംഗമാണ്.
2021, 2022 വർഷങ്ങളിൽ കൂടുതൽ രക്തദാനം നടത്തിയതിന് കാസർകോട് ജനറൽ ആസ്പത്രി ബ്ലഡ് ബാങ്ക് അനുമോദിച്ചു. മുന്നാട് പുലരി സ്റ്റുഡിയോയിൽ ഫോട്ടോഗ്രാഫറാണ്. പരേതനായ ടി. ഗോപാലന്റെയും എം. സരോജിനിയുടെയും മകനാണ്. ഭാര്യ: അമൃതാ അനിൽ. മകൻ: വിഹാൻ എ. വിനീഷ്.
Content Highlights: The Inspiring Story of a Dedicated Blood Donor