പെൺശബ്ദം മാറി, അമേരിക്കൻ യുവാവ് മൈക്കിൾ ഹാപ്പി; ‘പ്യുബർഫോണിയ’ ചികിത്സിച്ച് മാറ്റിയത് ഫാ. പോൾ

തൃശ്ശൂർ: വയസ്സുപതിനേഴായിട്ടും പെൺശബ്ദമാണെന്നതിന്റെ വിഷമത്തിലായിരുന്നു അമേരിക്കയിലെ സൗത്ത് ഡെക്കോട്ട സ്റ്റേറ്റിലെ മൈക്കിൾ എന്ന പതിനേഴുകാരൻ. ഈ നിരാശ അവസാനിച്ചത് തൃശ്ശൂർ ചേതന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോക്കോളജിയിലെ ഫാ. പോൾപുവത്തിങ്കലിന്റെ ചികിത്സയിലൂടെ. വർഷങ്ങളായി അനുഭവിച്ച ദുഃഖം രണ്ടാഴ്ച കൊണ്ടാണ് അച്ചൻ മാറ്റിയെടുത്തത്. ഇതോടെ മൈക്കിളിനും അമ്മയ്ക്കുമുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നുവെന്ന് ഇന്ത്യയിലെ ആദ്യത്തെ വോക്കോളജിസ്റ്റുകൂടിയായ ഫാ. പോൾ പുവത്തിങ്കൽ പറയുന്നു.
അമേരിക്കയിലുള്ള ഫാ. ആന്റോ വഴിയാണ് മൈക്കിൾ ഫാ. പോൾ പുവത്തിങ്കലിന്റെ അടുത്തെത്തുന്നത്. ഓൺലൈൻ വഴിയായിരുന്നു ചികിത്സ. കൃത്രിമമായി ചുമപ്പിച്ചും ശാസ്ത്രീയമായി മറ്റു ശബ്ദങ്ങൾ അഭ്യസിപ്പിച്ചുമാണ് മൈക്കിളിന്റെ യഥാർഥ ശബ്ദം വീണ്ടെടുത്തത്. രണ്ടാഴ്ചക്കുള്ളിൽ മൂന്നു സെഷനായിട്ടായിരുന്നു ചികിത്സ.
‘പ്യുബർഫോണിയ’ എന്നാണ് ഈ പ്രശ്നത്തിന്റെ ശാസ്ത്രീയനാമം. കുട്ടിക്കാലത്ത് അമ്മയെയോ മുത്തശ്ശിയേയോ അനുകരിക്കുന്നതു മൂലമോ മറ്റുകാരണങ്ങൾകൊണ്ടോ സ്ഥാനം തെറ്റിപ്പോകുന്ന ഫാൾസെറ്റോ മസിൽ യഥാസ്ഥാനത്തേയ്ക്ക് എത്തിക്കുകയാണ് ചികിത്സയിലൂടെ ചെയ്യുന്നത്. ചികിത്സയ്ക്ക് വിധേയനാകുന്ന ആളിന്റെ നിശ്ചയദാർഢ്യം ചികിത്സ വിജയിക്കുന്നതിലൊരു ഘടകമാണ്.
15 വർഷം കൊണ്ട് പതിനായിരത്തോളം പേർക്കാണ് ഫാ. പോൾ പുവത്തിങ്കലിന്റെ നേതൃത്വത്തിൽ പലതരം ശബ്ദചികിത്സകൾ നൽകിയത്. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ശബ്ദം പോയഘട്ടത്തിൽ മൂന്നുതവണ അദ്ദേഹത്തെ ഫാ. പോൾ പുവത്തിങ്കൽ ചികിത്സിച്ചു. ഒരുതവണ തൃശ്ശൂരിലെ സ്ഥാപനത്തിൽ ഉമ്മൻചാണ്ടി നേരിട്ട് വരുകയും ചെയ്തു.
സ്ത്രീശബ്ദം മൂലം വിവാഹം മുടങ്ങുകയുൾപ്പെടെയുള്ള ജീവിതപ്രതിസന്ധി നേരിട്ടവരും ശബ്ദമില്ലാതെ ജോലി നഷ്ടപ്പെട്ടവരുമെല്ലാം ഇവിടെയെത്തി സുഖം പ്രാപിച്ചിട്ടുണ്ട്.
ശാസ്ത്രീയ സംഗീതക്കച്ചേരികൾ നടത്തി ആദരം നേടിയ ഫാ. പോൾ പുവത്തിങ്കൽ 2004-ൽ സ്ഥാപിച്ച ചേതന സംഗീത് നാട്യ അക്കാദമിയുടെ ഭാഗമായാണ് 2005-ൽ ചേതന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോക്കോളജി സ്ഥാപിക്കുന്നത്.
Content Highlights: Puberphonia Treatment Restores Young Man's Voice