ഇന്ത്യയെ 'രോഗി'യാക്കുന്നത് ചില ഭക്ഷണങ്ങൾ; ലേബൽ നിർബന്ധമാക്കണം, നികുതി ഏർപ്പെടുത്താം- തേജസ്വി സൂര്യ

#Health Desk
തേജസ്വി സൂര്യ | Photo: PTI
തേജസ്വി സൂര്യ | Photo: PTI

രാജ്യത്ത് അമിതമായി സംസ്കരിച്ച ഭക്ഷണങ്ങളുടെ ഉപയോഗം വർധിച്ചു വരുന്നതിൽ ആശങ്കയറിയിച്ച് തേജസ്വി സൂര്യ. ഇത്തരം ഭക്ഷണങ്ങളുടെ പാക്കേജുകളിൽ മുന്നറിയിപ്പ് ലേബലുകൾ നിർബന്ധമാക്കണം. അമിതമായി സംസ്കരിച്ച ഭക്ഷണൾക്ക് അധിക നികുതി ഏർപ്പെടുത്തണമെന്നും ഇവയുടെ പരസ്യം നിയന്ത്രിക്കണമെന്നും പാർലമെന്റിൽ സംസാരിക്കവെ അദ്ദേഹം ആവശ്യപ്പെട്ടു.

പരമ്പരാഗത ഇന്ത്യൻ ഭക്ഷണങ്ങൾക്ക് പകരം പാക്കേജ്ഡ് ബ്രേക്ക്ഫാസ്റ്റ്, കപ്പ് നൂഡിൽസ്, റെഡി-ടു-ഈറ്റ് ഭക്ഷണങ്ങൾ, പഞ്ചസാര ചേർത്ത പാനീയങ്ങൾ എന്നിവ ഇന്നത്തെ കാലത്ത് പ്രചാരം നേടിക്കഴിഞ്ഞു. ചെറുപ്പക്കാർക്കിടയിലും ഇടത്തരം കുടുംബങ്ങളിലും ആളുകൾ ഇപ്പോൾ ധാരാളമായി സംസ്കരിച്ച ഭക്ഷണങ്ങൾ ഉപയോഗിക്കുന്നു. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം.

അമിതമായി സംസ്കരിച്ച ഭക്ഷണങ്ങൾ പലപ്പോഴും വിലകുറഞ്ഞ ചേരുവകൾ കൊണ്ട് നിർമിച്ച വ്യാവസായിക ഉത്പ്പന്നങ്ങളാണ്. ഇതിൽ വളരെ കുറഞ്ഞ അളവിൽ മാത്രമാണ് ആരോഗ്യകരമായ ഘടകങ്ങളുള്ളത്. രുചി, ലാഭം എന്നിവ വർധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത എമൽസിഫയറുകൾ, ഫ്ലേവറുകൾ, പ്രിസർവേറ്റീവുകൾ തുടങ്ങിയവയും ഇതിൽ അടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തേജസ്വി സൂര്യ മുന്നോട്ടുവെച്ച നിർദേശങ്ങൾ

1. അമിതമായി സംസ്കരിച്ച ഭക്ഷണങ്ങളെ സംബന്ധിച്ച് വ്യക്തമായ നിയമം ആവശ്യമാണ്. അത്, ഈ ഭക്ഷണങ്ങളെ കണ്ടെത്താനും നിയന്ത്രിക്കാനും സഹായിക്കും.

2. ഫ്രണ്ട്-ഓഫ്-പാക്ക് മുന്നറിയിപ്പ് ലേബലുകൾ ആവശ്യമാണ്. ഇത്, വിദ്യാഭ്യാസം കുറഞ്ഞ ആളുകൾക്കും തങ്ങൾ ഏത് ഭക്ഷണം തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാൻ സഹായിക്കും.

3. അമിതമായി സംസ്കരിച്ച ഭക്ഷണങ്ങൾക്ക് ഉയർന്ന നികുതി ഏർപ്പെടുത്തു., അവയുടെ പരസ്യങ്ങൾക്കും വിപണനത്തിനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ നിയന്ത്രണങ്ങൾ പരിഗണിക്കുക.

Content Highlights: BJP's Tejasvi Surya says junk food making India sick, proposes 3-pronged response