യു.കെ.യിൽ കോവിഡ് കേസുകളിൽ വർധന, ഏറ്റവും കൂടുതൽ ലണ്ടനിൽ; പിന്നിൽ XFG വകഭേദം

#Health Desk
Representative Image| Photo: PTI
Representative Image| Photo: PTI

യു.കെ.യിൽ കോവിഡ് കേസുകളിൽ വർധനവെന്ന് റിപ്പോർട്ട്. കോവിഡ് വകഭേദമായ XFG അഥവാ സ്ട്രാറ്റസ് ആണ് വ്യാപനത്തിനു പിന്നിൽ. രോഗബാധിതരായി ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്ന് ദി ഇൻഡ‍ിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു. ഇംഗ്ലണ്ടിൽ പരിശോധിച്ച സാമ്പിളുകളിൽ 50 ശതമാനത്തിലധികവും XFG വകഭേദമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ (UKHSA) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആശുപത്രികളിലെ കോവിഡ്-19 പോസിറ്റിവിറ്റി നിരക്ക് 5.9 ശതമാനത്തിൽ നിന്ന് 7 ശതമാനമായി ഉയർന്നു. 79% വർധനവോടെ ലണ്ടനിലാണ് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയിട്ടുള്ളത്.

85 വയസ്സിനു മുകളിലുള്ളവരിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന്റെ നിരക്ക് ഉയർന്നുവെന്നും റിപ്പോർട്ടുകളുണ്ട്. രോഗവ്യാപനത്തിൽ വർധനവുണ്ടെങ്കിലും മൊത്തത്തിലുള്ള അണുബാധ നിരക്ക് കുറവാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയിലെ കൺസൾട്ടന്റ് എപിഡെമിയോളജിസ്റ്റായ അലക്സ് അലൻ പറഞ്ഞു.

കാനഡയിലാണ് ഈ വകഭേദം ആദ്യമായി കണ്ടെത്തിയത്. LF.7, LP.8.1.2 എന്നീ വകഭേദങ്ങളിൽ നിന്നാണ് XFG ഉണ്ടായിരിക്കുന്നത്. വ്യാപനശേഷി കൂടുതലുള്ള ഈ വകഭേദത്തിന് ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തെ എളുപ്പത്തിൽ മറികടക്കാനുമാവുമെന്ന് ലാൻസെറ്റ് പഠനത്തിൽ വ്യക്തമാക്കിയിരുന്നു.

ആരോഗ്യപാഠങ്ങൾ ഓർക്കുക

കോവിഡ് വൈറസ് പൂർണമായും പിൻവാങ്ങിയിട്ടില്ല. തീവ്രത കുറഞ്ഞ വകഭേദങ്ങൾ ലോകത്ത് പല ഭാഗങ്ങളിലും ഇപ്പോഴുമുണ്ട്. ഇടയ്ക്കൊക്കെ അവ തലപൊക്കാം. സാധാരണ ജലദോഷപ്പനിപോലെ വന്നുപോകാം. നിലവിൽ കാണുന്ന മിക്ക കേസുകളും ലഘുവായി വന്നുപോകുന്നതാണ്. നാലഞ്ചു ദിവസങ്ങൾക്കുള്ളിൽ ഭേദമാകും. തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, ഇടയ്ക്കിടെ സോപ്പിട്ട് കൈകഴുകുക, അനാവശ്യ ആസ്പത്രി സന്ദർശനങ്ങൾ വേണ്ടെന്നുവെക്കുക, കോവിഡ്കേസുകൾ കൂടുതലുള്ള സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക, രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുക, രോഗലക്ഷണങ്ങൾ കണ്ടാലുടൻ വൈദ്യസഹായം തേടുക എന്നിവയാണ്‌ അടിസ്ഥാന രോഗപ്രതിരോധ മാർഗങ്ങൾ.

ലക്ഷണങ്ങൾ

ജലദോഷപ്പനിയുടെ ലക്ഷണങ്ങളാണ് മുഖ്യമായും കണ്ടുവരുന്നത്. പനി, മൂക്കൊലിപ്പ്, മൂക്കടപ്പ്, തൊണ്ടവേദന, തലവേദന, പേശിവേദന, ക്ഷീണം, വയറ്റിൽ അസ്വസ്ഥത, ഓക്കാനം, വിശപ്പില്ലായ്മ എന്നിവ ഏറിയും കുറഞ്ഞും കാണാം. മഴക്കാലത്ത് സാധാരണ ജലദോഷപ്പനികളിലും സമാനലക്ഷണങ്ങളുണ്ടാകാം. അതിനാൽ രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സയ്ക്ക് മുതിരാതെ വൈദ്യോപദേശം തേടണം. 

Content Highlights: Covid XFG strain leads to increased hospital admissions in the UK, with over 50% of samples in England testing positive.