മസ്‌കിന്റെ ആ തീരുമാനം, ലോകത്ത് ദിവസേന 2000 HIV ബാധിതരെ സൃഷ്ടിക്കുമെന്ന് ലോകാരോഗ്യ സംഘടന

രണ്ട് പതിറ്റാണ്ടിലേറെയായി എച്ച്‌ഐവിയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ മുന്നിലുണ്ടായിരുന്ന രാജ്യമാണ് യുഎസ്. എന്നാല്‍ ഐക്യരാഷ്ട്ര സഭയ്ക്കുള്ള ധനസഹായം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌കും നിര്‍ത്തിവെച്ചതോടെ ആഗോള തലത്തില്‍ ദിവസവും 2000 എച്ച്‌ഐവി രോഗികളുണ്ടാകുന്നതിന് വഴിയൊരുങ്ങുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ ഉപദേശക സമിതിയായി പ്രവര്‍ത്തിക്കുന്ന ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള പുതിയ ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പാണ് (ഡോജ്) അന്തര്‍ദേശീയ വികസനത്തിന് വേണ്ടി മാറ്റിവെക്കുന്ന യുഎസ്എയ്ഡ് വിദേശകരാറുകളുടെ 90 ശതമാനം വെട്ടിക്കുറയ്ക്കാനും ആഗോള തലത്തില്‍ യുഎസ് നല്‍കിവരുന്ന 6000 കോടി ഡോളര്‍ സഹായം നിര്‍ത്തലാക്കാനും തീരുമാനിച്ചത്.
ഈ തീരുമാനം വ്യാപകമായ പ്രത്യാഘാതങ്ങളാണുണ്ടാക്കുക, പ്രത്യേകിച്ചും ആരോഗ്യമേഖലയില്‍. പ്രതിരോധ കുത്തിവെപ്പുകളുടെയും പ്രയാസമനുഭവിക്കുന്ന രാജ്യങ്ങളിലേക്കുള്ള ജീവന്‍രക്ഷാ മരുന്നുകളുടേയും വിതരണത്തെയും ബാധിക്കുന്നതിനൊപ്പം ആഗോളലതലത്തില്‍ എച്ച്‌ഐവി വ്യാപനത്തെ പ്രതിരോധിക്കുന്നതിനുള്ള നീക്കങ്ങളേയും ഇത് സാരമായി ബാധിക്കും.
മസ്‌കിന്റേയും ട്രംപിന്റേയും തീരുമാനം എട്ടോളം രാജ്യങ്ങളില്‍ എച്ച്‌ഐവി ചികിത്സയെത്തിക്കുന്നത് തടസപ്പെടുത്തിയെന്ന് മാര്‍ച്ച് 17 ന് ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. ഹെയ്തി, കെനിയ, ലെസോത്തോ, സൗത്ത് സുഡാന്‍, ബുര്‍ഖിന ഫാസോ, മാലി, നൈജീരിയ, യുക്രെയ്ന്‍ എന്നിവിടങ്ങളിലെ എച്ച്‌ഐവി ചികിത്സകള്‍ക്കാവശ്യമായ വസ്തുക്കള്‍ വരും മാസങ്ങളില്‍ തീരുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
മനുഷ്യശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ നശിപ്പിക്കുന്ന എച്ച്‌ഐവി, രോഗബാധയെ ചെറുക്കാന്‍ സഹായിക്കുന്ന സിഡി4 സെല്ലുകളെയാണ് ബാധിക്കുന്നത്. ഇതിന് മതിയായ ചികിത്സ നല്‍കിയില്ലെങ്കില്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി എച്ച്‌ഐവി ക്രമേണ ഇല്ലാതാക്കും. അതുവഴി ശരീരം ഗുരുതര രോഗബാധയ്ക്കും രോഗങ്ങള്‍ക്കും വഴങ്ങിക്കൊടുക്കുന്ന സ്ഥിതി വരും.
എച്ച്‌ഐവി രോഗബാധ ഏറ്റവും കൂടുതലാകുന്ന ഘട്ടമാണ് എയ്ഡ്‌സ്. രോഗപ്രതിരോധശേഷി ഗുരുതരമായി നശിപ്പിക്കപ്പെടുമ്പോഴാണ് അത് എയ്ഡ്‌സിലേക്ക് മാറുന്നത്. ഈ ഘട്ടത്തിലേക്ക് എത്തുന്നതോടെ അര്‍ബുദം ഉള്‍പ്പടെയുള്ള രോഗങ്ങളെ ചെറുക്കാനുള്ള ശേഷി ശരീരത്തിനില്ലാതാവും. ഈ ഘട്ടത്തില്‍ സാധാരണ രോഗങ്ങളായ ന്യുമോണിയ, ടിബി എന്നിവ പോലും മരണത്തിലേക്ക് നയിച്ചേക്കാം. ശരിയായ രീതിയില്‍ ചികിത്സ നല്‍കിയില്ലെങ്കില്‍ എച്ച്‌ഐവി ക്രമേണ രോഗങ്ങള്‍ ബാധിക്കുന്നതിനും മരണത്തിനും കാരണമാവും.
എന്നാല്‍ ആന്റിറെട്രോവൈറല്‍ തെറാപ്പി (എആര്‍ടി)യിലൂടെ ഈ വൈറസിനെ നേരിടാന്‍ ആളുകള്‍ക്ക് സാധിക്കും. എന്നാല്‍ യുഎസ്എയ്ഡ് നിര്‍ത്തലാക്കുന്നതോടെ ഈ ചികിത്സകള്‍ മുടങ്ങിയേക്കും.
യുഎസ്, യുകെ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട സാമ്പത്തിക സ്രോതസുകളില്‍ നിന്നുള്ള സഹായം നിലച്ചാല്‍ 2025 നും 2030 നും ഇടയില്‍ കുട്ടികളിലും മുതിര്‍ന്നവരിലും അടക്കം എച്ച്ഐവി അനുബന്ധ മരണങ്ങള്‍ 7.7 ലക്ഷത്തില്‍ നിന്ന് 29 ലക്ഷമായി വര്‍ധിക്കുമെന്നും പുതിയ എച്ച്‌ഐവി രോഗബാധിതരുടെ എണ്ണം 44 ലക്ഷത്തില്‍ നിന്ന് 1.08 കോടിയായി വര്‍ധിക്കുമെന്നുമാണ് ദി ലാന്‍സെറ്റിന്റെ പുതിയ പഠനം പറയുന്നത്.
എച്ച്‌ഐവി പ്രതിരോധത്തിനുള്ള ഫണ്ടിലേക്ക് 90 ശതമാനവും നല്‍കുന്നത് യുഎസ്, യുകെ, ഫ്രാന്‍സ്, ജര്‍മനി, നെതര്‍ലണ്ട്‌സ് എന്നീ രാജ്യങ്ങളാണ്. 2025-26 കാലയളവിലേക്കുള്ള ധനസഹായത്തില്‍ നിന്ന് 8 ശതമാനം മുതല്‍ 70 ശതമാനം വരെ ഇവര്‍ ധനസഹായം വെട്ടിക്കുറച്ചിരുന്നു. 2025 ജനുവരി 20 ന് യുഎസ് ഈ ധനസഹായം പാടെ നിര്‍ത്തലാക്കുകയും ചെയ്തു. എച്ച്‌ഐവി പ്രതിരോധത്തിന് ലഭിക്കുന്ന ഫണ്ടില്‍ 73 ശതമാനവും യുഎസ് ആണ് നല്‍കുന്നത്.
എന്താണ് എച്ച്.ഐ.വി. എന്നും ശ്രദ്ധിക്കേണ്ട കാര്യങ്ങളേക്കുറിച്ചും ഡോ. മേരി ജോസഫ് പങ്കുവെക്കുന്നു
മനുഷ്യശരീരത്തിലെ രോഗപ്രതിരോധശക്തിയെ കാർന്നുതിന്നുന്ന വൈറസാണ് എച്ച്.ഐ.വി. (Human Immuno deficiency Virus). ഈ വൈറസ് മനുഷ്യശരീരത്തിന്റെ സമഗ്രമായ പ്രതിരോധശക്തിയെ നശിപ്പിക്കുന്ന അവസ്ഥയാണ് എയ്‌ഡ്സ് (Acquired Immuno deficiency Syndrome).
മനുഷ്യന്റെ പ്രതിരോധശക്തിയെ നിയന്ത്രിക്കുന്ന രക്തത്തിന്റെ അടിസ്ഥാനഘടകമാണ് CD4 കോശങ്ങൾ. ആരോഗ്യവാനായ ഒരു വ്യക്തിയിൽ ഒരു മില്ലിലിറ്റർ രക്തത്തിൽ 500 മുതൽ 1500 വരെ CD4 കോശങ്ങൾ കാണും. എയ്‌ഡ്സ് ബാധിച്ച രോഗിയിൽ CD4 കോശങ്ങൾ 200ൽ താഴുകയും ഏതെങ്കിലും ഒന്നോ രണ്ടോ സാന്ദർഭിക രോഗങ്ങൾക്ക് ഒരേസമയം അടിമയാകുകയുംചെയ്യും.
എച്ച്.ഐ.വി. ബാധിതൻ എയ്‌ഡ്സ് രോഗിയാണോ?
അല്ല. എച്ച്.ഐ.വി.ബാധിതനായ ഒരാൾ എയ്‌ഡ്സ് രോഗിയാകാൻ എട്ട് മുതൽ 15 വർഷംവരെ എടുക്കും. പലരിലും ഈ കാലയളവ് വ്യത്യാസപ്പെട്ടിരിക്കും. എച്ച്.ഐ.വി. ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ കാണപ്പെടുന്നതുവരെയുള്ള കാലയളവിനെ ഇൻകുബേഷൻ പീരിയഡ് എന്നുപറയുന്നു. എച്ച്.ഐ.വി. ബാധിതനെ സംബന്ധിച്ചിടത്തോളം ജീവിക്കാൻ നിരവധി വർഷങ്ങൾ കാണും. എയ്‌ഡ്സ് എന്ന അവസ്ഥയിലെത്തിയാൽ ജീവിതചക്രം ഒന്നോ രണ്ടോ വർഷമായിരിക്കും.
എയ്‌ഡ്സ് പകരുന്ന മാർഗങ്ങൾ
സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം വഴിയാണ് എച്ച്.ഐ.വി. പ്രധാനമായും പകരുന്നത്. എച്ച്.ഐ.വി. ബാധിച്ച പുരുഷന്റെ ശുക്ലത്തിലും സ്ത്രീയുടെ യോനീസ്രവങ്ങളിലും ഈ വൈറസ് ധാരാളമായിക്കാണുന്നു. ശുക്ലത്തിൽ എച്ച്.ഐ.വി. 50 മടങ്ങ് അധികമായിക്കാണുന്നു. എച്ച്.ഐ.വി. ബാധിച്ച സ്ത്രീകളിൽനിന്ന് പുരുഷന്മാരിലേക്ക് വൈറസ് പകരുന്നതിനേക്കാൾ വേഗത്തിൽ, പുരുഷന്മാരിൽനിന്ന് സ്ത്രീകളിലേക്ക് എച്ച്.ഐ.വി. പകരുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.
എച്ച്.ഐ.വി. ബാധിച്ച വ്യക്തിയുടെ രക്തവും രക്തഘടകങ്ങളും സ്വീകരിക്കുക വഴി രോഗം പകരാം. ലഹരിമരുന്ന് കുത്തിവെപ്പിലൂടെയും രോഗം പകരാം. എച്ച്.ഐ.വി. ബാധിതനായ അമ്മയിൽനിന്ന് കുഞ്ഞിലേക്ക് ഗർഭാവസ്ഥയിലും പ്രസവസമയത്തും മുലയൂട്ടുന്ന സമയത്തും രോഗാണുക്കൾ പകരാം. എച്ച്.ഐ.വി. ബാധിതയായ അമ്മ മുലയൂട്ടുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
എയ്‌ഡ്സിന്റെ ലക്ഷണങ്ങൾ
എയ്‌ഡ്സ് കണ്ടുപിടിക്കേണ്ടത് ഡോക്ടറാണ്. രോഗിയല്ല. രോഗലക്ഷണങ്ങൾ കണ്ടതുകൊണ്ടുമാത്രം ഒരാൾക്ക് എയ്‌ഡ്സാണെന്ന് സ്ഥിരീകരിക്കാൻ സാധിക്കില്ല. കാരണം, ഇത്തരം ലക്ഷണങ്ങൾ മറ്റുപല രോഗങ്ങളാലും കാണപ്പെടാം. തുടക്കത്തിൽ എച്ച്.ഐ.വി. ബാധിതർ യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും കാണിക്കാറില്ല. പൂർണ ആരോഗ്യവാനായി ഒരുപക്ഷേ 10-12 വർഷം ജീവിച്ചെന്നിരിക്കും.
കാലക്രമേണ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയും മരണത്തിന് കീഴ്പ്പെടുകയും ചെയ്യും. കഴുത്ത്, കക്ഷം, തുടഭാഗം എന്നിവിടങ്ങളിലെ ലിംഫ്ഗ്രന്ഥികൾ വീർക്കുന്നു. ശരീരഭാരം പെട്ടെന്ന് കുറയുന്നു. ദീർഘനാളത്തെ പനി, വയറിളക്കം, വിട്ടുമാറാത്ത ചുമ എന്നിവയുണ്ടാകുന്നു. വായിൽ വെളുത്ത പൂപ്പലുകൾ പ്രത്യക്ഷപ്പെടുകയും ഓർമക്കുറവ് ഉണ്ടാവുകയുംചെയ്യുന്നു.
ടെസ്റ്റുകൾ
ഏലിസ, വെസ്റ്റേൺ ബ്ലോട്ട് എന്നിവയാണ് പ്രധാന ടെസ്റ്റുകൾ. സംസ്ഥാനത്തെ മിക്ക മെഡിക്കൽ കോളേജുകളിലും ഇതിനുള്ള സൗകര്യങ്ങളുണ്ട്.
എച്ച്.ഐ.വി. ബാധിതനാണെന്നറിഞ്ഞാൽ എന്തുചെയ്യണം?
എച്ച്.ഐ.വി. ബാധിതർക്ക് ചിട്ടയായ ജീവിതക്രമവും മരുന്നിന്റെ കൃത്യമായ ഉപയോഗവും ആവശ്യമാണ്. അതിനുവേണ്ടി നല്ലൊരു കൗൺസലിങ് സെന്ററിനെയോ എച്ച്.ഐ.വി. രംഗത്ത് സേവനമനുഷ്ഠിക്കുന്ന ഒരു ഡോക്ടറുടെയോ ഉപദേശം തേടുക. വ്യാജമരുന്നുകൾക്കുപിന്നാലെ പോകാതിരിക്കുക.
ഏറ്റവും ഫലപ്രദമായ ചികിത്സ
എയ്‌ഡ്സിന് ഇപ്പോൾ നിലവിലുള്ള മരുന്ന് ആന്റി റിട്രോ വൈറൽ തെറാപ്പിയാണ് (A.R.T.). ഈ മരുന്ന് കഴിച്ചാൽ ജീവിതദൈർഘ്യം കൂട്ടാൻ കഴിയും. CD4 കൗണ്ട് 200ൽ താഴെയുള്ളപ്പോഴാണ് ഈ മരുന്നിന്റെ ഉപയോഗം ആരംഭിക്കുന്നത്. ഈ മരുന്ന് ഒരിക്കൽ തുടങ്ങിക്കഴിഞ്ഞാൽ അത് കർശനമായും കൃത്യമായും ജീവിതാവസാനംവരെ തുടരണം. എപ്പോഴാണ് എ.ആർ.ടി. ആരംഭിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് ബന്ധപ്പെട്ട ഡോക്ടറാണ്.
എയ്‌ഡ്സ് രോഗി എത്രനാൾ ജീവിക്കും ?
എയ്‌ഡ്സ് എന്ന അവസ്ഥയിലെത്തിക്കഴിഞ്ഞാൽ സാധാരണ രണ്ടുവർഷത്തിനുള്ളിൽ മരണം സംഭവിക്കും. ശരിയായ ചികിത്സയും രോഗനിയന്ത്രണവും ലഭ്യമാണെങ്കിൽ കുറച്ചുകാലംകൂടി ജീവിതദൈർഘ്യം കൂട്ടാൻ കഴിയും.
എന്താണ് വിൻഡോ പീരിയഡ്
എച്ച്.ഐ.വി. ശരീരത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ ഇവയ്ക്കെതിരേയുള്ള ആന്റിബോഡി രക്തത്തിൽ പ്രവേശിക്കാൻ ഏകദേശം ആറുമാസം വരെയെടുക്കും. ഇക്കാലയളവിൽ എച്ച്.ഐ.വി. ടെസ്റ്റ് നടത്തിയാൽ ഫലം നെഗറ്റീവായിരിക്കും. എന്നാൽ, രക്തത്തിൽ എച്ച്.ഐ.വി.യുടെ വൈറസ് കാണുകയുംചെയ്യും. ഈ കാലഘട്ടത്തെ വിൻഡോ പീരിയഡ് എന്നുപറയുന്നു.
എച്ച്.ഐ.വി. ബാധിതർ കടിച്ചാൽ രോഗം പകരുമോ
ഉമിനീരിൽ എച്ച്.ഐ.വി. വളരെ കുറഞ്ഞ അളവിൽ മാത്രമേ കാണപ്പെടുന്നുള്ളൂ. അതിനാൽ ഒരു എച്ച്.ഐ.വി. ബാധിതൻ മറ്റൊരാളെ കടിച്ചാൽ രോഗം പിടിപെടില്ല. എന്നാൽ, വായിൽ മുറിവോ വ്രണമോ ഉണ്ടെങ്കിൽ അതിലൂടെ എച്ച്.ഐ.വി. വ്യാപനം നടക്കാം. സാധാരണഗതിയിൽ എച്ച്.ഐ.വി. ബാധിതരുടെ രക്തവും മറ്റൊരാളുടെ രക്തവും തമ്മിൽ നേരിട്ടുള്ള ബന്ധത്തിലാണ് വൈറസ് പകരുന്നത്.
ചുംബനത്തിലൂടെ എച്ച്.ഐ.വി. പകരുമോ?
ഉമിനീരിൽ എച്ച്.ഐ.വി. വളരെ കുറഞ്ഞ അളവിലാണ് കാണുന്നത്. ചുംബനത്തിലൂടെ വലിയ അളവിൽ ഉമിനീർ വിനിമയം ചെയ്യുന്നില്ല. ചുംബനവേളയിൽ എച്ച്.ഐ.വി. വായിൽ കടന്നുവെങ്കിൽപോലും അത് നശിച്ചുപോകും. കാരണം, അന്നനാളത്തിലൂടെ എച്ച്.ഐ.വി. പകരാൻ സാധ്യത കുറവാണ്. സിദ്ധാന്തപരമായി വായിലെ ചെറിയ മുറിവുകളിലൂടെയും വ്രണങ്ങളിലൂടെയും എച്ച്.ഐ.വി. പകരാനുള്ള സാധ്യതയുണ്ടെങ്കിലും അങ്ങനെ ഒരു കേസ് ഇതുവരെ റിപ്പോർട്ടു ചെയ്തിട്ടില്ല. എന്നിരുന്നാലും ചുംബനത്തിൽ തുടങ്ങി, ലൈംഗികവേഴ്ചയിലെത്തി അതുവഴി എച്ച്.ഐ.വി. പിടിപെടാനുള്ള സാധ്യതയുണ്ട്.
ഷേവിങ് ബ്ലേഡ് പങ്കുവെച്ചാൽ എച്ച്.ഐ.വി. പകരുമോ?
ഷേവ് ചെയ്യുമ്പോൾ ചെറിയ മുറിവുകൾ സംഭവിക്കുന്നത് സാധാരണമാണ്. ഒരാൾ ഷേവുചെയ്ത ബ്ലേഡിൽ ചിലപ്പോൾ അൽപം രക്തം പറ്റിപ്പിടിച്ചിരിക്കാൻ സാധ്യതയുണ്ട്. ഈ രക്തം ഉണങ്ങുന്നതോടുകൂടി വൈറസിന്റെ ശക്തിക്ഷയിച്ച് പ്രവർത്തനക്ഷമമല്ലാതാകും. എന്നാൽ, ബാർബർഷോപ്പുകളിൽ ഉപയോഗിക്കുന്ന ബ്ലേഡ് അടുത്ത ആളിൽ ഉടനെത്തന്നെ ഉപയോഗിച്ചേക്കും. എച്ച്.ഐ.വി. ബാധിതനായ ഒരാളിൽ ഉപയോഗിച്ച ബ്ലേഡ് അണുവിമുക്തമാക്കാതെ മറ്റൊരാളിൽ ഉടനെ ഉപയോഗിച്ചാൽ സിദ്ധാന്തപരമായി അണുബോധയ്ക്ക് സാധ്യതയുണ്ട്. എന്നാൽ, ഇത്തരത്തിലുള്ള അണുവ്യാപനം നടന്നതായി ലോകത്തിൽ ഒരിടത്തുനിന്നും ഇതുവരെ റിപ്പോർട്ടുചെയ്തിട്ടില്ല.
എച്ച്.ഐ.വി. ബാധിച്ചവർക്ക് മുലയൂട്ടാൻ സാധിക്കുമോ?
ആമാശയത്തിലെ ഹൈഡ്രോക്ലോറിക് ആസിഡിന്റെ സാമീപ്യംകൊണ്ട് ഉദരകുടൽ ഭാഗത്തിലൂടെ എച്ച്.ഐ.വി. പകരുന്നില്ല. എന്നാൽ, നവജാതശിശുക്കൾക്ക് ആമാശയത്തിൽ ആദ്യത്തെ മാസം ഹൈഡ്രോക്ലോറിക് ആസിഡ് കുറവായിരിക്കും. ശിശുക്കൾ ആദ്യമാസങ്ങളിൽ ദിവസേന ശരാശരി അരലിറ്റർ മുലപ്പാൽ കുടിക്കുന്നു. ആയതിനാൽ അണുബാധയുള്ള മുലപ്പാലിൽനിന്ന് നവജാതശിശുക്കൾക്ക് എച്ച്.ഐ.വി. ബാധ ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാൻപറ്റില്ല.
അമ്മയ്ക്ക് എച്ച്.ഐ.വി. അണുബാധയുണ്ടെങ്കിൽ കുഞ്ഞിനും അണുബാധയുണ്ടാകാൻ 30 ശതമാനം സാധ്യതയുണ്ട്. എച്ച്.ഐ.വി. അണുബാധയുടെ വികസിച്ച ഘട്ടത്തിലുള്ള അമ്മമാരുടെ കുഞ്ഞിനാണ് അണുബാധയ്ക്ക് കൂടുതൽ സാധ്യത. പ്രസവവേളയിലും കൂടുതൽകാലം മുലയൂട്ടുന്നതിലൂടെയും അണുബാധ സാധ്യത വർധിക്കുന്നു.
കൗൺസിലിങ്ങിന്റെ പ്രാധാന്യം
എച്ച്.ഐ.വി. ടെസ്റ്റിന്റെ മുൻപും ശേഷവും കൗൺസലിങ് ആവശ്യമാണ്. പരിശോധനാഫലം പോസിറ്റീവാണെങ്കിൽ ആ അവസ്ഥയെ നേരിടാനും അംഗീകരിക്കാനും പ്രാപ്തനാക്കുകയാണ് ടെസ്റ്റിനുമുമ്പുള്ള കൗൺസലിങ്ങുകൊണ്ട് ഉദ്ദേശിക്കുന്നത്. പെട്ടെന്നുണ്ടാകുന്ന വികാരക്ഷോഭത്താൽ ചിലർ ആത്മഹത്യയ്ക്കുവരെ മുതിരാറുണ്ട്. പോസിറ്റീവായ രോഗിക്ക് തുടർന്നുള്ള ചികിത്സയും സാമൂഹികവും മാനസികവുമായ പിന്തുണയും ചിട്ടയായ ജീവിതക്രമവും ഉറപ്പുവരുത്തുകയാണ് പരിശോധനയ്ക്കുശേഷമുള്ള കൗൺസിലിങ്. അതുകൊണ്ട് കൗൺസലിങ് സെന്ററുള്ള പരിശോധനാകേന്ദ്രത്തിൽ മാത്രം എച്ച്.ഐ.വി. ടെസ്റ്റിന് സമീപിക്കുകയാണ് അഭികാമ്യം.
Content Highlights: US funding cuts for HIV/AIDS prevention by Trump & Musk, risk a massive surge in infections & deaths