ഷോക്കേറ്റതിന് സമാനമായ വേദന, എന്താണ് സൽമാൻ ഖാനെ ബാധിച്ച ട്രൈജെമിനൽ ന്യൂറാൾജിയ?

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ബോളിവുഡ് നടൻ സൽമാൻ ഖാൻ താൻ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളേക്കുറിച്ച് പങ്കുവെച്ചത്. അതിലൊന്ന് അധികം ചർച്ച ചെയ്യപ്പെട്ടിട്ടില്ലാത്ത ട്രൈജെമിനൽ ന്യൂറാൾജിയ എന്ന രോഗമായിരുന്നു. എന്താണ് ഈ രോഗമെന്നും ഇതിന്റെ ലക്ഷണങ്ങളും ചികിത്സയും എപ്രകാരമാണെന്നും പരിശോധിക്കാം.
എന്താണ് ട്രൈജെമിനൽ ന്യൂറാൾജിയ?
വെെദ്യശാസ്ത്രത്തിന് പരിചിതമായവയിൽ ഏറ്റവും വേദനാജനകമായ രോഗങ്ങളിൽ ഒന്നാണ് ട്രെെജെമിനൽ ന്യൂറാൾജിയ. മുഖത്ത് സംവേദനങ്ങൾ സാധ്യമാക്കുന്ന നാഡിയെയാണ് ഈ രോഗം ബാധിക്കുക. ഏതുപ്രായത്തിലുള്ളവരെയും രോഗം ബാധിക്കാമെങ്കിലും അമ്പത് കഴിഞ്ഞവരെയാണ് കൂടുതലായി ബാധിക്കുന്നത്. പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് രോഗസാധ്യത കൂടുതൽ.
നാഡികൾ തലച്ചോറിൽ നിന്ന് ആരംഭിക്കുന്ന ഭാഗത്ത് ഞരമ്പുകൾ ഉരസിയുണ്ടാകുന്ന കേടുപാടുകളാണ് പ്രധാന കാരണം. ഞരമ്പുകളുടെ വികാസ സങ്കോചങ്ങൾ കാരണം നാഡിയുടെ സംരക്ഷണകവചം ക്ഷയിക്കും. തുടർന്ന് ഇവ ഹെെപ്പർ ആക്ടീവ് ആകുന്നതുമൂലമാണ് വേദന അനുഭവപ്പെടുന്നത്. വളരെ അസാധാരണമായ ട്യൂമറുകൾ, ധമനിവീക്കം, സ്ട്രോക്ക് എന്നിവയൊക്കെ ഈ അവസ്ഥയ്ക്ക് കാരണമാകാറുണ്ട്.
ചെറിയ സ്പര്‍ശമേല്‍ക്കുമ്പോഴും കാറ്റുതട്ടുമ്പോഴും ചിരിക്കുമ്പോഴും പോലും മുഖത്ത് ഷോക്ക് അടിക്കുന്നതുപോലെ അനുഭവപ്പെടുകയും കടുത്ത വേദനയുണ്ടാവുകയും ചെയ്യും. വേദനയുടെ തീവ്രത മൂലം സൂയിസൈഡ് ഡിസീസ് എന്ന വിളിപ്പേരും ഈ രോഗത്തിനുണ്ട്. പലരോഗികളിലും വേദനയുടെ ആഘാതം സഹിക്കാൻ വയ്യാതെ ആത്മഹത്യാ ചിന്തകൾപോലും ഉടലെടുക്കുന്നത് കൊണ്ടാണിത്.
പ്രധാനലക്ഷണങ്ങൾ
വൈദ്യുതാഘാതത്തിന് സമാനമായ പെട്ടെന്നുള്ള തീവ്രമായ വേദന, പലപ്പോഴും ഒരുഭാഗത്ത് മാത്രമായിരിക്കും
മുഖത്ത് സ്പർശിക്കുമ്പോഴും ഭക്ഷണം ചവയ്ക്കുമ്പോഴും സംസാരിക്കുമ്പോഴും വേദന
ബ്രഷ് ചെയ്യുമ്പോഴും ചവയ്ക്കുമ്പോഴും വരുന്ന വേദന
വേദന ഏതാനും സെക്കൻഡുകൾ തൊട്ട് മിനിറ്റുകൾ വരെ നീണ്ടുനിൽക്കാം
ആരെയാണ് കൂടുതൽ ബാധിക്കുക?
അമ്പതു വയസ്സ് കടന്നവരെയാണ് രോഗം കൂടുതലായി ബാധിക്കാറുള്ളതെങ്കിലും സ്ത്രീകളിൽ ഈ രോഗത്തിന്റെ നിരക്ക് കൂടുതലാണെന്ന് 2022-ൽ പുറത്തുവന്ന ഒരു ആഗോളപഠനത്തിൽ പറയുന്നുണ്ട്. ചെറുപ്പക്കാരിലും രോഗം സ്ഥിരീകരിച്ചു കണ്ടുവരുന്നുണ്ട്. ജനിതകഘടകങ്ങൾ, ഓട്ടോഇമ്മ്യൂൺ തകരാറുകൾ, നാഡീസംബന്ധമായ രോഗങ്ങൾ തുടങ്ങിയവ അപകടസാധ്യതാ ഘടകങ്ങളാണ്.90 ശതമാനം രോഗികളിലും മരുന്നുചികിത്സകൊണ്ടുതന്നെ രോഗം നിയന്ത്രിക്കാൻ സാധിക്കും. മരുന്ന്ചികിത്സ ഫലപ്രദമല്ലെന്ന് കണ്ടാൽ ശസ്ത്രക്രിയ വേണ്ടിവരും.
Content Highlights: Learn about trigeminal neuralgia, its causes, symptoms, and treatment options.